പ്രതിസന്ധികളിൽ തളരാതെ കുട്ടനാടിന്‍റെ 'വിജയത്തിളക്കം'
text_fieldsആലപ്പുഴ: പ്രതിസന്ധികളിൽ പതറാതെയും തളരാതെയും നേടിയ 'കുട്ടനാട്' വിജയഗാഥക്ക് തിളക്കമേറെ. എസ്.എസ്.എൽ.സി പരീക്ഷയിൽ മറ്റ് വിദ്യാഭ്യാസ ജില്ലകളെ മറികടന്ന് 99.99 ശതമാനം വിജയം നേടിയതിന് പിന്നിലെ കഠിനാധ്വാനം ഏറെയാണ്.
കോവിഡിൽ സ്കൂൾ അടച്ചുപൂട്ടിയ കഴിഞ്ഞതവണത്തെ 99.90 ശതമാനം വിജയവും കടന്നായിരുന്നു മുന്നേറ്റം. രണ്ടും മൂന്നും തരംഗങ്ങൾ ആവർത്തിച്ച കോവിഡിൽ കഴിഞ്ഞ അധ്യയനവർഷവും വിദ്യാർഥികൾ ആശ്രയിച്ചിരുന്നത് ഓൺലൈൻ പഠനമായിരുന്നു. ഉൾപ്രദേശങ്ങളിലടക്കം റേഞ്ച് കിട്ടാതെയുള്ള പഠനം ഏറെ വലഞ്ഞു.
പിന്നീട് സ്കൂൾ തുറന്നെങ്കിലും ക്ലാസ് മുറിയിലെത്താൻ പലർക്കുമായില്ല. വെള്ളപ്പൊക്കവും കനത്ത മഴയുമായിരുന്നു തടസ്സം. ഇതിനൊപ്പം ആലപ്പുഴ-ചങ്ങനാശ്ശേരി പാത നവീകരണ ഭാഗമായി പൊതുഗതാഗ സംവിധാനം നിലച്ചതും വിനയായി. കുറച്ചുനാളുകൾ മാത്രമാണ് സ്കൂളിലെത്താനായത്.
വെളിയനാട്, കൈനകരി, നീലംപേരൂർ, പുളിങ്കുന്ന് അടക്കമുള്ള പ്രദേശങ്ങളിലായിരുന്നു പ്രശ്നം. സ്കൂൾഭാഗമായി തുറന്നപ്പോഴും ഈ പ്രദേശങ്ങളിൽ അടഞ്ഞുതന്നെയാണ് കിടന്നത്. രണ്ടാമത് സ്കൂൾ തുറന്ന ചില മേഖകളിൽ വിരലിലെണ്ണാവുന്ന കുട്ടികൾ മാത്രമാണ് എത്തിയത്.
നേരിട്ട പ്രതിസന്ധികളെ മറികടക്കാൻ അധ്യാപകർ, പി.ടി.എ, തദ്ദേശസ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവ ചേർന്നൊരുക്കിയ ബദൽ സംവിധാനമാണ് വിജയത്തിലേക്ക് എത്തിച്ചത്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽനിന്ന് ഇക്കുറി പരീക്ഷയൊഴുതിയ 1955പേരിൽ രണ്ടുപേർ മാത്രമാണ് തോറ്റത്. 31 സ്കൂളുകൾ നൂറുമേനി വിജയവും നേടി. 160പേർ എപ്ലസ് നേടിയാണ് വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.