വേനൽമഴ: വിളവെടുപ്പിന് മുേമ്പ വെള്ളത്തിലായത് വനിത കൂട്ടായ്മയുടെ സ്വപ്നം
text_fieldsകുട്ടനാട്: കുട്ടനാട്ടിൽ പുഞ്ചകൃഷി വിളവെടുപ്പിന് മുേമ്പ വേനൽമഴയിൽ വെള്ളത്തിലായത് കുടുംബശ്രീ വനിത കൂട്ടായ്മയുടെ സ്വപ്നം. തലവടി കൃഷിഭവന് പരിധിയില്‍പ്പെട്ട എട്ട്യാരിമുട്ട്-കോതാകരി പാടത്തെ എയ്ഞ്ചല്‍ ജെ.എൽ.ജി കുടുംബശ്രീ വനിത കൂട്ടായ്മയുടെ പുഞ്ചകൃഷിയാണ് വേനല്‍മഴയില്‍ നശിച്ചത്. ഒന്‍പത് ഏക്കര്‍ പാട്ടത്തിനെടുത്ത് ബാങ്ക് വായ്പയില്‍ കൃഷിയിറക്കിയ പാടത്തെ വിളവെടുപ്പിന് മുേമ്പ നെല്ല് വെള്ളത്തില്‍ മുങ്ങി. വെള്ളത്തിലായ നെല്ല് കിളിര്‍ത്ത് തുടങ്ങിയതോടെ വലിയ നഷ്ടമാണുണ്ടായത്.
ഒരാഴ്ചയായി മുട്ടോളം വെള്ളത്തില്‍ നെല്ല് മുങ്ങിക്കിടക്കുകയാണ്. 250 ഏക്കര്‍ വിസ്തൃതിയുള്ള പാടത്തെ വിളവെടുപ്പ് 12ന് നടത്താന്‍ തീരുമാനിച്ചിരുന്നു. പാടത്ത് മുട്ടോളം വെള്ളം എത്തിയതോടെ കൊയ്ത്ത് യന്ത്രം ഇറക്കാന്‍ കഴിയാത്ത അവസ്ഥയില്‍ വിളവെടുപ്പ് മാറ്റിവെച്ചു. കുടുംബശ്രീ പ്രവര്‍ത്തകരായ മറിയാമ്മ ഈപ്പന്, മറിയാമ്മ സജി, ആനിയാമ്മ വര്‍ഗീസ്, സനിത അനില്‍, സാറാമ്മ വര്‍ഗീസ് അടങ്ങിയ കുടുംബശ്രീ വനിത കൂട്ടായ്മയാണ് കൃഷി ഇറക്കിയത്. പാടത്തെ വെള്ളം വറ്റിച്ച് വിളവെടുപ്പ് നടത്തിയാലും വന്നഷ്ടത്തില് കലാശിക്കുമെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ പറയുന്നു.
പരസ്പര ജാമ്യത്തില്‍ കൃഷിക്കായി എടുത്ത ബാങ്ക് ലോണ്‍ പോലും അടച്ച് തീര്‍ക്കാന്‍ പറ്റാത്ത അവസ്ഥയാണ്. കരകൃഷി ചെയ്തിരുന്ന കൂട്ടായ്മ ഇക്കുറി പുഞ്ചകൃഷിയിലേക്ക് തിരിയുകയായിരുന്നു. നിനച്ചിരിക്കാതെ എത്തിയ വേനല്‍മഴ വനിതകളുടെ സ്വപ്നത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്തുകയായിരുന്നു. സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പാടം സന്ദര്‍ശിച്ച ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് കുമാര്‍ പിഷാരത്ത് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.