പുളിങ്കുന്ന് പുത്തൻതോട് പാലം നിർമാണം അനിശ്ചിതത്വത്തിൽ
text_fieldsകുട്ടനാട്: പുളിങ്കുന്ന് ഗ്രാമപഞ്ചായത്തിലെ പുത്തൻതോട് പാലം പുനർനിർമാണം നിലച്ചിട്ട് മാസങ്ങളായി. ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകളെ ബന്ധിപ്പിക്കുന്ന പാലത്തിന്റെ നിർമാണം പ്രദേശവാസികളുടെ ആവശ്യമായിരുന്നു. ഇതേതുടർന്ന് മൂന്നു കോടി 33 ലക്ഷം രൂപ അനുവദിക്കുകയും നിർമാണം ആരംഭിക്കുകയും ചെയ്തിരുന്നു.
എന്നാൽ, നിർമാണം ആരംഭിച്ചതിനു ശേഷമാണ് പാലത്തിന്റെ പ്ലാറ്റ് ഫോമുമായി ബന്ധിപ്പിക്കുന്ന റാമ്പുകൾ ഡിസൈൻ പ്രകാരം നിർമിച്ചാൽ ജനങ്ങൾക്കും ചെറു വാഹനങ്ങൾക്കും കയറിയിറങ്ങുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് മനസ്സിലായത്. ഇതേതുടർന്ന് നിർമാണം നിർത്തിവെക്കുകയായിരുന്നു.
ഇറിഗേഷൻ വകുപ്പ് വിഭാഗം പുതിയ ഡിസൈൻ തയാറാക്കിയെങ്കിലും ഇതനുസരിച്ചു നിർമാണം നടത്തണമെങ്കിൽ എസ്റ്റിമേറ്റ് പരിഷ്കരിക്കണം. അതിനുള്ള നടപടി അനിശ്ചിതമായി നീളുകയാണ്. നിർമാണത്തിനുവേണ്ടി തോട്ടിൽ മുട്ട് ഇട്ടിരിക്കുന്നതിനാൽ ജലഗതാഗതം മുടങ്ങി. കൂടാതെ ഒഴുക്ക് നിലച്ചതോടെ ജലം മലിനമാകുകയും ചെയ്തു. ഇതുമൂലം പ്രദേശവാസികളിൽ ജലജന്യസാംക്രമിക രോഗങ്ങൾ ബാധിക്കുകയാണ്.
18 മാസംകൊണ്ട് പണി പൂർത്തിയാകേണ്ട പാലത്തിന്റെ നിർമാണം 22 മാസം കഴിഞ്ഞിട്ടും തുടങ്ങിയിടത്തുതന്നെ നിൽക്കുന്നു. ഇതിനെതിരെ മങ്കൊമ്പ് സ്വദേശി കേരള സംസ്ഥാന നിയമ സേവന അതോറിറ്റിക്ക് പൊതുതാൽപര്യ ഹരജി സമർപ്പിച്ചിട്ടുണ്ട്.പുതുക്കിയ എസ്റ്റിമേറ്റിന് ഭരണാനുമതി ലഭിച്ചെന്നും നിർമാണം പുനരാരംഭിക്കാൻ കരാറുകാരന് ചീഫ് എൻജിനീയർ നിർദേശം നൽകിയിട്ടുണ്ടെന്നും കുട്ടനാട് എം.എൽ.എയുടെ ഓഫിസിൽനിന്ന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.