രക്ഷതേടി കുട്ടനാട്ടിലെ ഏക അഗ്നിരക്ഷാനിലയം, പ്രവർത്തനം ടീൻ ഷീറ്റ് മേൽക്കൂരക്കുതാഴെ
text_fieldsകുട്ടനാട്: വെള്ളത്തിൽ വീണുള്ള മരണവും ഹൗസ് ബോട്ടുകളുടെ അപകടങ്ങളും തുടർക്കഥയാകുമ്പോഴും കുട്ടനാട്ടിലെ ഏക അഗ്നിരക്ഷ നിലയം അവഗണനയിൽ. 2016ൽ തകഴിയിൽ പ്രവർത്തനം ആരംഭിച്ച ഫയർഫോഴ്‌സ് അഗ്നിരക്ഷ സ്റ്റേഷനാണ് അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്നത്. ദേശീയ ജലപാതയായ തകഴി ആറിനോട് ചേർന്ന് തകഴി പാലം പണി പൂർത്തിയായപ്പോൾ നിർത്തലാക്കിയ ബസ് സ്റ്റേഷൻ കോമ്പൗണ്ടിലാണ് ടീൻ ഷീറ്റ് മേൽക്കൂരക്ക് താഴെ ഒരു ഹാളിൽ ഫയർ സ്റ്റേഷൻ ഒരുക്കിയത്.
ഇതു നിൽക്കുന്ന 70 സെന്‍റോളം സ്ഥലം പുറമ്പോക്ക് ഭൂമിയാണ്. ശുചിമുറി സൗകര്യം ഇല്ലാതിരുന്നതിനെ തുടർന്ന് ജീവനക്കാർ പിരിച്ച പണം സ്വരൂപിച്ച് താൽക്കാലികമായി ഒരു മുറി ഈ ഹാളിനോട് ചേർന്ന് ഒരുക്കിയിട്ടുണ്ട്. കൊടും ചൂടിൽ ജീവനക്കാർ പുറത്താണ് ഇരിക്കുന്നത്. ഇഴജന്തുക്കളുടെ ശല്യവും ഉണ്ടെന്ന് പറയുന്നു.
20 ജീവനക്കാരാണ് നിലവിൽ ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്നത്. രണ്ട് ഫയർ എൻജിനുകളും, ഒരു ആംബുലൻസും, ഒരു ജീപ്പും, ഒരു സ്പീഡ് ബോട്ടും, ഒരു വാട്ടർ ഡിക്കിയുമുണ്ട്. ഗാരേജ് സൗകര്യമില്ലാത്തതിനാൽ താൽക്കാലിക ഷെഡിലാണ് ഇവ പാർക്ക് ചെയ്യുന്നത്. സംസ്ഥാന പാതയിൽനിന്ന് 100 മീറ്റർ ഉള്ളിലാണ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. പൊട്ടിപ്പൊളിഞ്ഞ 100 മീറ്റർ ഇടറോഡിലൂടെ സഞ്ചരിച്ചു വേണം സംസ്ഥാന പാതയിൽ എത്താൻ.
മഴ പെയ്താൽ ചെളിക്കുണ്ടാകുന്ന ഈ ഇടറോഡിലൂടെ വളരെ കഷ്ടപ്പെട്ടാണ് വാഹനം ഓടിച്ച് സംസ്ഥാന പാതയിൽ എത്തുന്നത്. 2018ലെ പ്രളയത്തിൽ ഒരു മീറ്റർ ഉയരത്തിൽ സ്റ്റേഷനിലും റോഡിലും വെള്ളം ഉയർന്നിരുന്നു.
വേണം മിനി ഫയർ എൻജിൻ
നിരവധി ഗ്രാമീണ ഇടറോഡുകളും, റെയിൽ അടിപ്പാതകളും ഉള്ള വൈശ്യം ഭാഗം, അമ്പലപ്പുഴ, കരുമാടി, പടഹാരം തുടങ്ങിയ സ്ഥലങ്ങളിൽ വലിയ വാഹനത്തിൽ ഒരുപാട് ചുറ്റിക്കറങ്ങി വേണമെത്താൻ. അപ്പർകുട്ടനാടിെൻറ പല ഭാഗങ്ങളിലും ഹരിപ്പാട് വഴി ചുറ്റി കറങ്ങിയാണ് എത്തുന്നത്.
മിനി ഫയർ എൻജിൻ ലഭിച്ചാൽ ഇവിടങ്ങളിലെല്ലാം വളരെ പെട്ടെന്ന് എത്തി രക്ഷാപ്രവർത്തനം നടത്താനാവുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇപ്പോഴുള്ള വളരെ പഴക്കം ചെന്ന ആംബുലൻസ് കട്ടപ്പുറത്താണ്. പുതിയ ആംബുലൻസ് എന്ന ആവശ്യവും ഇവർ മുന്നോട്ടുവെക്കുന്നു.
പി.ഡബ്ല്യു.ഡി പുറമ്പോക്ക് സ്ഥലം ആയിരുന്നതിനാലാണ് ഫയർസ്റ്റേഷന് പുതിയ കെട്ടിടം നിർമിക്കാൻ കഴിയാതിരുന്നതെന്നാണ് തകഴി പഞ്ചായത്ത് അധികൃതരുടെ നിലപാട്. പഞ്ചായത്ത് മുൻകൈ എടുത്ത് 25 സെന്റ് സ്ഥലം സ്പെഷൽ ഓർഡർ മുഖേന ഫയർഫോഴ്സിനായി പതിച്ചുനൽകിയിട്ടുണ്ട്. പി.ഡബ്ല്യു.ഡി കെട്ടിടവിഭാഗമാണ് ഇനി കെട്ടിടം പണിയേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.