ചതിയിൽ ചവിട്ടി താഴ്ത്തി; ഓരോ മടവീഴ്ചയിലും കുട്ടനാട് 'പെരുമ്പറയനെ' ഓർക്കുന്നു
text_fieldsകുട്ടനാട്: കുട്ടനാട്ടിലെ കൃഷിയിടങ്ങളിൽ ഇപ്പോഴും ജ്വലിക്കുന്ന ചതിയുടെ ഒരു ചരിത്രമുണ്ട്. മണ്ണിൽ വിയർപ്പും ചോരയും നൽകിയ 'പെരുമ്പറയൻ' ഇന്നും ഓരോ മടവീഴുമ്പോഴും കുട്ടനാടിെൻറ നൊമ്പര ഓർമയാണ്. പെരുമ്പറയെൻറ കഥ പഴയ തലമുറകളിൽനിന്ന് വാമൊഴിയായി കിട്ടിയതാണ്. ഒരു കൈയിൽ മൺകട്ടയും മറുകൈയിൽ കട്ടകുത്താനുള്ള വടിയുമേന്തിയ വിഗ്രഹമാണ് ചതിയുടെ ചോര ചീന്തിയ കഥ മൂന്നാം തലമുറക്ക് പകർന്ന് നൽകുന്നത്.
മൂന്ന് തലമുറക്ക് മുമ്പ് കൃഷി മാത്രമായിരുന്നു കുട്ടനാടൻ ജനതയുടെ ഏക ആശ്രയം. ശ്രീമൂലം കായലുമായി ചേർന്നുകിടന്ന അയ്യനാട് പാടശേഖരത്ത് അന്ന് വിളവ് എടുക്കാൻ പാകമാകുമ്പോൾ സ്ഥിരമായി മടവീഴുമായിരുന്നു. എത്ര ശ്രമിച്ചിട്ടും ഇത് തടയാൻ കഴിയാതെ വന്നതോടെ പ്രശ്നപരിഹാരമായി ഉടമയായ ജന്മിക്ക് കിട്ടിയ ഉപദേശം മനുഷ്യക്കുരുതിയായിരുന്നു. ജന്മിയുടെ ആളുകൾ കുരുതിക്ക് ആളെ അന്വേഷിച്ചെങ്കിലും കിട്ടിയില്ല.
പാടശേഖരത്ത് പണിയെടുത്തിരുന്ന അടിയാന്മാരുടെ മൂപ്പനായിരുന്ന കൊച്ചിട്യാതിയെയും ജന്മി വശത്താക്കി. അങ്ങനെയിരിക്കെ ഒരു ദിവസം കോട്ടയം പുതുപ്പള്ളിയിൽനിന്ന് ബന്ധുവായ പെരുമ്പറയൻ, കൊച്ചിട്യാതിയുടെ വീട്ടിലെത്തി. കനത്ത മഴയായിരുന്ന ആ ദിവസം വിളഞ്ഞുകിടന്ന അയ്യനാട് പാടശേഖരം വേലിയേറ്റത്തിൽ വീണ്ടും മട വീണു. അടിയാന്മാർ മടതടയാൻ പാടത്തേക്ക് പാഞ്ഞു. ഒപ്പം പെരുമ്പറയനുമുണ്ടായിരുന്നു.
മടയുടെ ഒരറ്റത്ത് കീറിയ തെങ്ങിൻകുറ്റികൾ അടിച്ചുറപ്പിച്ചു. ഓല മെടഞ്ഞുണ്ടാക്കിയ ചെറ്റ കൂട്ടിക്കെട്ടി അതിൽ മൺകട്ടകളും ചവറുമിട്ടു മടയടക്കുന്ന പണി. വള്ളത്തിൽ ഒരു കൂട്ടർ മൺകട്ടകൾ ഇറക്കും. വെള്ളത്തിൽ നിൽക്കുന്ന മറ്റുള്ളവർ മണ്ണ് ചവിട്ടി ഉറപ്പിക്കും. അന്ന് മണ്ണ് ചവിട്ടി താഴ്ത്തുന്നവരുടെ കൂട്ടത്തിലായിരുന്നു പെരുമ്പറയൻ. മട പെരുമ്പറയെൻറ നെഞ്ചിനൊപ്പമായപ്പോൾ കട്ടകൾ വാരിയിട്ട് മൂടാൻ ജന്മി വള്ളത്തിലുള്ളവരോട് ആജ്ഞാപിച്ചു. ചളി ചവിട്ടി ഉറപ്പിച്ചതിനൊപ്പം പെരുമ്പറയനും മണ്ണിലുറച്ചു. പിന്നീട് മട ഉറച്ചതായാണ് പറയപ്പെടുന്നത്.
എം. കമലാസനൻ എഴുതിയ 'കുട്ടനാടിെൻറ ചരിത്രം' എന്ന പുസ്തകത്തിൽ പെരുമ്പറയനെപ്പറ്റി പരാമർശമുണ്ട്. ടി.കെ. രാജീവ് കുമാർ സംവിധാനവും തിരക്കഥയുമെഴുതി 1999-ൽ പുറത്തിറങ്ങിയ 'കണ്ണെഴുതി പൊട്ടുംതൊട്ട്' എന്ന സിനിമയിൽ പെരുമ്പറയെൻറ കഥാംശമുണ്ട്. സിനിമയുടെ ഏറിയ ഭാഗവും കുട്ടനാട്ടിലെ കാവാലത്തായിരുന്നു ചിത്രീകരിച്ചത്.
ചതി ചരിത്രം വിശ്വാസം...
പെരുമ്പറയെൻറ കുരുതിക്കുശേഷം ജന്മിക്കുടുംബത്തിൽ സ്വസ്ഥതയുണ്ടായില്ല. അനിഷ്ടസംഭവങ്ങൾ പലതുണ്ടായതോടെ പരിഹാരമായി അവർതന്നെ പെരുമ്പറയനെ ആവാഹിച്ചു പ്രതിമയുണ്ടാക്കിയെന്നാണ് വിശ്വാസം. മൂന്ന് തലമുറകൾക്ക് ശേഷം ഇന്നും കരിങ്കലിൽ കൊത്തിയെടുത്ത പെരുമ്പറയെൻറ പ്രതിമ കുട്ടനാട്ടിലുണ്ട്. 200 വർഷം പഴക്കം കരുതുന്ന ഒരു കൈയിൽ മൺകട്ടയും മറുകൈയിൽ വടിയുമേന്തിയ വിഗ്രഹം നിലവിൽ ചതുർഥ്യാകരിയിലെ തോപ്പിൽചിറ വീടിനു സമീപമുള്ള പാടവരമ്പത്താണ്. പെരുമ്പറയെൻറ കുടുംബത്തിൽപെട്ടവരാണ് ഇവിടെ താമസിക്കുന്നത്. കൃഷിയിറക്കുമ്പോഴും പ്രധാനപ്പെട്ട ചടങ്ങുകൾക്ക് തുടക്കം കുറിക്കുമ്പോഴും വിശ്വാസികൾ പെരുമ്പറയന് മുന്നിൽ വെള്ളംകുടി വഴിപാട് നടത്താറുണ്ട്. പെരുമ്പറയനെ മര്യാദയോടെ ആരാധിക്കാനൊരിടമൊരുക്കാൻ പട്ടികജാതി വികസന മന്ത്രിയെ കാണാനൊരുങ്ങുകയാണ് ഇക്കൂട്ടർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.