അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം; പരമ്പരാഗത പപ്പട വ്യവസായം തകർച്ചയിൽ
text_fieldsകുട്ടനാട്: ഉഴുന്ന് പൊടി, അരിപ്പൊടി, ചോളപ്പൊടി, പപ്പടക്കാരം, നല്ലെണ്ണ, ഉപ്പ് എന്നിവയുടെ വിലക്കയറ്റവും വ്യാജൻമാരുടെ കടന്നുവരവും പരമ്പരാഗത പപ്പടവിപണിയെ പ്രതിസന്ധിയിലാക്കുന്നു. സംസ്ഥാനത്ത് ആയിരക്കണക്കിനാളുകൾ കുടിൽ വ്യവസായമായി കൈ കൊണ്ട് പപ്പടം ഉണ്ടാക്കുന്നുണ്ട്. കോവിഡിന് മുമ്പ് ദിവസവും 5 കിലോ മാവിന്റെ പപ്പടം ഉണ്ടാക്കിയിരുന്നിടത്ത് ഇന്ന് പരമാവധി രണ്ടര കിലോ എന്നതാണ് സ്ഥിതി.
എല്ലാ ദിവസവും പണി ചെയ്തിരുന്നവർക്ക് ഇന്ന് ആഴ്ചയിൽ രണ്ട് ദിവസം മാത്രം എന്ന തരത്തിലേക്കും ചുരുങ്ങി. പരമ്പരാഗത പപ്പട നിർമാണമേഖലയിൽ 50 വർഷമായി ജോലി ചെയ്യുന്നവർ ഇത്രയും പ്രതിസന്ധി ഇതാദ്യമാണെന്ന് പറയുന്നു. മായം ചേർക്കാതെ പപ്പടം ഉണ്ടാക്കിയാൽ അഞ്ച് ദിവസത്തിൽ കൂടുതൽ ഇരിക്കില്ല. കടകളിൽ ആധുനിക രീതിയിൽ നിർമിച്ച പപ്പടങ്ങൾ കേടാകാതെ ഇരിക്കുന്നതും പപ്പട നിർമാണം കൈത്തൊഴിലാക്കിയവർക്ക് തിരിച്ചടിയായി. ഉഴുന്നിന്റെ വില അടിക്കടിയാണ് വർധിക്കുന്നത്. പപ്പടക്കാരത്തിന് കിലോക്ക് അഞ്ചു രൂപയുടെ വർധന രണ്ട് മാസത്തിനിടെയുണ്ടായി.
ആധുനിക രീതിയിൽ ഒരു കിലോ പപ്പടം ഉണ്ടാക്കാൻ 150 രൂപയോളം ചെലവ് വരുന്നുണ്ടെന്ന് ഈ മേഖലയിലുള്ളവർ പറഞ്ഞു. യന്ത്രവത്കരണം വ്യാപകമായതോടെ ഭൂരിഭാഗം പേരും ആധുനിക സംവിധാനങ്ങളിലേക്ക് മാറി. പരമ്പരാഗത രീതിയിൽ ദിവസം 10 മുതൽ 15 കിലോ വരെ മാത്രമാണ് ഉണ്ടാക്കാനാകുക. നാടൻ പപ്പട നിർമാതാക്കളെ പ്രതിസന്ധിയിലാക്കി വ്യാജപപ്പടവും സുലഭമാണ്. മൈദ, കോൺഫ്ലവർ എന്നിവ ചേർത്ത് ഉണ്ടാക്കുന്ന പപ്പടങ്ങളാണ് ഇവ. അസംസ്കൃത വസ്തുക്കളുടെ വിലവർധന മൂലം 80 മുതൽ 100 ഗ്രാം വരെയുള്ള ഒരു പാക്കറ്റ് പപ്പടത്തിന് 20 മുതൽ 25 രൂപ വരെയുണ്ടായിരുന്നത് ഇനി 30 രൂപയാകും. ഓണത്തിന് മാത്രമാണ് പരമ്പരാഗത പപ്പട നിർമാതാക്കൾക്ക് ചെറിയ അനക്കം കിട്ടുന്നത്. രണ്ട് വർഷമായി ഇതും താളം തെറ്റി. പപ്പട നിർമാണം കുലത്തൊഴിലാക്കിയ 20,000ത്തിലേറെയുള്ള പരമ്പരാഗത പപ്പട നിർമാതാക്കൾക്ക് പ്രത്യേകം സംഘടനകളില്ലാത്തതും തിരിച്ചടിയാണെന്ന് ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.