വേണു മാസ്റ്റർ: വിട വാങ്ങിയത് കവിതയുടെ തോഴൻ
text_fieldsകൂറ്റനാട്: ഉജ്ജ്വല കവിതകൾ ബാക്കിയാക്കി വേണു മാസ്റ്റർ വിടവാങ്ങി. പട്ടിശ്ശേരി കക്കുന്നത് പരിയപ്പുറത്ത് വേണു മാസ്റ്ററുടെ വിയോഗം ചാലിശ്ശേരി ഗ്രാമത്തെ ദുഃഖത്തിലാഴ്ത്തി. പട്ടിശ്ശേരി കൃഷ്ണ നമ്പൂതിരി - നാരായണി ദമ്പതിമാരുടെ നാല് മക്കളിൽ മൂന്നാമനായ വേണു ചാലിശ്ശേരി ഗവ. സ്കൂളിൽനിന്ന് 1965ൽ പത്താം ക്ലാസ് പാസായി. മലയാള വിദ്വാൻ പഠനം പൂർത്തിയാക്കിയ ശേഷം തണ്ണീർക്കോട് എസ്.ബി.എസ്.യു.പി സ്കൂളിൽ അധ്യാപകനായി. പുരോഗമന കലാസാഹിത്യ സംഘം പ്രവർത്തകനായി സദസ്സുകളിലും മലയാള കവിതകൾ അവതരിപ്പിച്ചിരുന്നു.
ജോലി കഴിഞ്ഞ് മടങ്ങുന്ന സമയങ്ങളിൽ വീടുകളിലെത്തി കുട്ടികളുമായുള്ള സ്നേഹാന്വേഷണം മറക്കാൻ കഴിയാത്തതാണ്. ആകാശവാണി റേഡിയോ നിലയത്തിലൂടെ സ്വരമാധുരിയിലൂടെയുള്ള കവിതകൾ ചാലിശ്ശേരി നിവാസികൾക്ക് സന്തോഷം പകർന്നിരുന്നു. 2002 ൽ വിരമിച്ച ശേഷം രണ്ട് വർഷം സ്വകാര്യ കോളജിൽ ജോലി ചെയ്തു. ജൈവ കൃഷിക്കിടെ പൂക്കൃഷിയും ചാലിശ്ശേരി മെയിൻ റോഡിൽ പതിനഞ്ച് വർഷത്തിലധികമായി പൂക്കച്ചവടവും നടത്തി.
എഴുതിയ കവിതകൾ മാഷ് ഓർമയിൽനിന്ന് പാടുക പതിവാണ്. 2019ൽ പത്താം ക്ലാസ് സഹപാഠികൾ അഞ്ചരപതിറ്റാണ്ടിനു ശേഷം സ്കൂളിലെ മരച്ചുവട്ടിൽ ഒത്ത് ചേർന്നപ്പോൾ മാഷ് പാടിയ കവിതകൾ ആർക്കും മറക്കാൻ കഴിയാത്തതായിരുന്നു. പേരറിയാത്ത ഒരാളെ പോലും താൻ എന്ന് വിളിക്കരുതെന്ന് അദ്ദേഹത്തിന് നിർബന്ധമായിരുന്നു. മഴവിൽക്കാവടി, പൊൻമുട്ടയിടുന്ന താറാവ് എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വേണുമാഷിലൂടെ ഗ്രാമത്തിന് ലഭിച്ച നല്ല ഭാഷയുടെ നറുമണം പഠിപ്പിച്ച കുട്ടികൾക്കും ഗ്രാമത്തിനും ഓർമയാവുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.