ജലനിരപ്പ് ഉയര്‍ന്നു; കുട്ടനാട്ടിൽ വീണ്ടും കൂട്ട പലായനം
text_fieldsകുട്ടനാട്: പമ്പ ഡാം തുറന്നതോടെ പമ്പാനദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. കുട്ടനാട്ടിൽ പലായനം ആരംഭിച്ചു. കൈനകരി, മാന്നാര്‍, നിരണം, തലവടി, മുട്ടാര്‍, വീയപുരം, എടത്വ, തകഴി പഞ്ചായത്തില്‍ ഉള്‍പ്രദേശങ്ങളിലെ താമസക്കാരാണ് കൂടുതലായി പലായനം ആരംഭിച്ചത്. മിക്ക കുടുംബങ്ങളും ക്യാമ്പുകള്‍ ഉപേക്ഷിച്ച് ബന്ധുവീടുകളിലാണ് ശരണം തേടുന്നത്.
2018ലെ പ്രളയം ഓർമിപ്പിച്ചാണ് കരതേടി ആളുകള്‍ യാത്ര തുടരുന്നത്. പത്തനംതിട്ട ജില്ലയില്‍ ഞായറാഴ്ച രാവിലെ ജലനിരപ്പ് അൽപം താഴ്ന്നെങ്കിലും വീണ്ടുമുണ്ടായ ശക്തമായ മഴയും പമ്പ ഡാമിെൻറ വൃഷ്ടിപ്രദേശത്ത് വെള്ളം കൂടുതലായി ഒഴുകി എത്തിയതോടെ ഡാം തുറന്നതുമാണ് കുട്ടനാട്ടുകാര്‍ ഭീതിയിലായത്. നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസും റവന്യൂ ഉദ്യോഗസ്ഥരും അറിയിച്ചതോടെ ജനങ്ങള്‍ കൂടുതല്‍ ഭീതിയിലായി. കോവിഡ് രോഗവ്യാപനത്തിെൻറ പശ്ചാത്തലത്തില്‍ ക്യാമ്പുകളില്‍ എത്തുന്നവര്‍ നാമമാത്രമായി ചുരുങ്ങി. പൊലീസും തദ്ദേശ സ്വയംഭരണ വകുപ്പും, റവന്യൂ വകുപ്പും നിര്‍ബന്ധിച്ചാണ് ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റുന്നത്.
എടത്വ എസ്.ഐ സിസില്‍ ക്രിസ്റ്റില്‍ രാജിെൻറ നേതൃത്വത്തില്‍ തലവടി, എടത്വ പ്രദേശങ്ങളില്‍ വെള്ളംകയറിയ സ്ഥലങ്ങളില്‍നിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി. തലവടി ഗവ. ഹൈസ്കൂളില്‍ കിടപ്പ് രോഗികളെയും 65 വയസ്സിന് മുകളില്‍ പ്രായമായവരെയും പ്രത്യേകം സജ്ജീകരിച്ച ക്യാമ്പുകളിലേക്കാണ് മാറ്റുന്നത്. വളര്‍ത്ത് മൃഗങ്ങളെയും കോഴികളെയും കരപ്രദേശങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. വാഹനങ്ങളും പൊക്കസ്ഥലങ്ങളിലേക്ക് മാറ്റി. സ്കൂളുകള്‍ കേന്ദ്രീകരിച്ചാണ് ക്യാമ്പുകള്‍ നടത്തുന്നത്. ക്യാമ്പുകള്‍ക്ക് മുമ്പ് കുട്ടനാട് റെസ്ക്യു ടീമിെൻറ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തിയിരുന്നു. അടിയന്തര ഘട്ടത്തില്‍ ജനങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ സജ്ജമാണെന്ന് റവന്യൂ അധികൃതര്‍ അറിയിച്ചു.
എ.സി റോഡും, ചക്കുളത്തുകാവ്-തിരുവല്ല റൂട്ടിലും വെള്ളം കയറിയതോടെ കെ.എസ്.ആർ.ടി.സി ബസ് സർവിസ് നിര്‍ത്തിവെച്ചു. ആലപ്പുഴ-ചക്കുളത്തുകാവ് റൂട്ടില്‍ മാത്രമാണ് ബസ് സർവിസ് നടത്തുന്നത്. അമ്പലപ്പുഴ-എടത്വ സംസ്ഥാനപാതയില്‍ കേളമംഗലം, ചെക്കിടിക്കാട് ജങ്ഷന് സമീപ സ്ഥലങ്ങളിലും വെള്ളം കയറി തുടങ്ങി. തിങ്കളാഴ്ച മുതല്‍ ഈ റൂട്ടിലും ബസ് സർവിസ് നിലക്കാനാണ് സാധ്യത. ഗതാഗതം ഘട്ടംഘട്ടമായി നിലക്കുന്നതിനാല്‍ കരപറ്റാനുള്ള മാര്‍ഗത്തിനും തടസ്സം നേരിടുന്നുണ്ട്. 2018ലെ പ്രളയം ആവര്‍ത്തിക്കുമോയെന്ന ഭീതിയിലാണ് ജനങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.