വെള്ളത്തിന്റെ നാട് പറയുന്നു; വെള്ളം തരൂ! ഞങ്ങൾക്കും ജീവിക്കണ്ടേ...
text_fieldsകുട്ടനാട്: എത്രയോ വർഷമായി ഞങ്ങളോട് പറയുന്നു വെള്ളം തരാം തരാമെന്ന്. കുടിവെള്ളം കിട്ടാതെ എങ്ങനെ ജീവിക്കും കുട്ടനാട്ടുകാർ ഒരേസ്വരത്തിൽ ചോദിക്കുന്നത് ഇതാണ്. ഇപ്പോൾ തണ്ണീർമുക്കം ബണ്ട് തുറന്നതോടെ കായലിൽ ഉപ്പുവെള്ളമാണ് കിട്ടുന്നത്. ഒന്നരമാസമായി കൈനകരി പഞ്ചായത്തിൽ പൈപ്പ് വെള്ളവും കിട്ടാത്ത സ്ഥിതിയാണ്. പള്ളാത്തുരുത്തിയിലെ പമ്പ് ഹൗസ് തകരാറാണ് കൈനകരിയിൽ കുടിവെള്ളം കിട്ടാത്തതിന് കാരണം. രണ്ടാഴ്ച മുമ്പ് പമ്പ് ഹൗസിലെ തകരാർ പരിഹരിച്ചെങ്കിലും വൈകാതെ വീണ്ടും തകരാറിലായി.
കായലിൽ ഉപ്പുവെള്ളമായതോടെയാണ് ജനം ദുരിതത്തിലായത്. കുളിക്കാനും അലക്കാനും കഴിയാത്ത സ്ഥിതിയാണ്. കായലിൽ കുളിക്കാനിറങ്ങിയ പലർക്കും ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെട്ടു. ചൂട് ശമിക്കാത്തതിനാൽ ചൂടുകുരു പോലുള്ള അസ്വസ്ഥതകളുമുണ്ട്. ഉപ്പുവെള്ളം ആരോഗ്യ ഭീഷണിയുമുയർത്തുന്നുണ്ട്. കൈനകരി കൂടാതെ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നത് കാവാലം പുളിങ്കുന്ന് പഞ്ചായത്തുകളിലാണ്.
വള്ളത്തിൽ ആലപ്പുഴയിലെത്തി കുടിക്കാൻ വെള്ളം വിലയ്ക്ക് വാങ്ങിയാണ് ഇവിടെയുള്ളവർ ഉപയോഗിക്കുന്നത്. കുട്ടനാട്ടിൽതന്നെ ഏറ്റവും താഴ്ന്ന പ്രദേശമാണ് കൈനകരി. കായലിൽ ഉപ്പുവെള്ളം എത്തിയതോടെ ജനം നെട്ടോട്ടത്തിലാണ്. വീടുകളിൽ കുടിവെള്ളം ഇല്ലാത്ത അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. പഞ്ചായത്ത് വല്ലപ്പോഴും വള്ളത്തിൽ കൈനകരിയിൽ കൊണ്ടുവരുന്ന കുടിവെള്ളമാകട്ടെ തികയാത്ത സ്ഥിതിയാണ്.
500 ലിറ്ററിന്റെ ടാങ്കുകളിൽ വെള്ളമെത്തിക്കുന്നത് കുടുംബങ്ങൾക്ക് വെള്ളം നൽകുമ്പോഴേ തീരും. ബാക്കി കുടുംബങ്ങൾ കുടിവെള്ളം നോക്കിയിരുന്നാൽ കിട്ടാത്ത സ്ഥിതിയാണ്.ശക്തമായ ചൂട് നിലനിൽക്കുന്നതിനാൽ കർഷകർക്ക് ഉൾപ്പെടെ ജോലിക്കിറങ്ങാൻ കഴിയാത്ത സാഹചര്യത്തിലാണ് പാചകത്തിനും കുളിക്കാനും അലക്കാനും വെള്ളം പണംകൊടുത്ത് വാങ്ങേണ്ടി വരുന്നത്. വെള്ളത്താൽ ചുറ്റപ്പെട്ട ഒരുനാട് കുടിവെള്ളത്തിനായി കേഴുന്നത് അധികാരികൾ കേൾക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.