അമ്മയെ കാണാൻ വന്ന രാജു തോമസ് എവിടെ?; എങ്ങോട്ടാണ് അദ്ദേഹം അപ്രത്യക്ഷനായത്: ഒരു നാട് അന്വേഷണത്തിലാണ്
text_fieldsകുട്ടനാട്: രാജു തോമസെന്നയാളെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ബന്ധുക്കളും രാമങ്കരി പൊലീസും. 20 വർഷമായി തെലങ്കാനയിൽ കുടുംബസമേതം താമസിക്കുന്ന രാജു തോമസ് കിടങ്ങറ കൊടുവത്തറ കുടുംബവീട്ടിൽ അമ്മയെയും സഹോദരങ്ങളെയും കാണാൻ ജൂലൈ ഏഴിന് എത്തിയിരുന്നു. അമ്മയുമായി സംസാരിച്ച് പോയതിനുശേഷം ഇയാളെ കുറിച്ച് ഒരു വിവരവുമില്ല. തെലങ്കാനയിലെ വീട്ടിൽ എത്താതിരുന്നതോടെ ഭാര്യയും മക്കളും അന്വേഷണത്തിലാണ്.
ഭർത്താവിനെ കാണാനില്ലെന്ന് കാട്ടി ഭാര്യ അവിടെ പൊലീസിൽ പരാതി നൽകിയെങ്കിലും കുട്ടനാട്ടിൽവെച്ച് അവസാനം കാണാതായതെന്നതിനാൽ കേസ് തെലങ്കാനയിൽ എടുക്കാൻ കഴിയില്ലെന്ന് അറിയിച്ചു. തുടർന്ന് രാമങ്കരി പൊലീസിൽ രാജുവിെൻറ സഹോദരൻ ബിജു തോമസ് പരാതി നൽകി.
പൊലീസ് അന്വേഷണത്തിൽ കുമ്പളം ടോൾ പ്ലാസയിൽനിന്ന് ജൂലൈ 18ന് ഫാസ് ടാഗ് ഉപയോഗത്തിൽ രാജു തോമസിെൻറ അക്കൗണ്ടിൽനിന്ന് പണം പിൻവലിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ഇതിെൻറ അടിസ്ഥാനത്തിൽ കൊച്ചിക്ക് വടക്കോട്ട് ഇയാൾ കടന്നുപോയിട്ടുണ്ടെന്ന വിവരം മാത്രമാണ് ലഭ്യമായിട്ടുള്ളത്. രാജു തോമസ് പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം ഭാര്യയും മക്കളും അന്വേഷണം നടത്തി. അവിടെ എൽ.ഐ.സി ഏജൻറായി പ്രവർത്തിക്കുകയായിരുന്നു ഇയാൾ.
അമ്മയെ കാണാനെത്തിയപ്പോൾ സാമ്പത്തിക ബുദ്ധിമുട്ടും ചില കുടുംബപ്രശ്നങ്ങളും ചർച്ച ചെയ്തിരുന്നതായി വിവരമുണ്ട്. സാമ്പത്തിക വിഷയം രാജു തോമസ് വിചാരിച്ചാൽ തീർക്കാവുന്നതേയുള്ളൂവെന്നാണ് സഹോദരങ്ങൾ പറയുന്നത്. പിന്നെന്താണ് രാജുവിെൻറ തിരോധാനത്തിന് പിന്നിലെന്നത് ഇപ്പോഴും വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.