പക്ഷിവളർത്തൽ നിരോധം തീർന്നു; കുട്ടനാടൻ താറാവുകളെ കിട്ടാനില്ല
text_fieldsആലപ്പുഴ: പക്ഷിവളർത്തൽ നിരോധനം അവസാനിച്ചെങ്കിലും കുട്ടനാടൻ താറാവുകളെ കിട്ടാനില്ലാതെ കർഷകർ. അവസരം മുതലെടുത്ത് തമിഴ്നാട് ലോബി പിടിമുറുക്കുന്നു. കുട്ടനാടിന്റെ കുത്തകയായ താറാവുകളും താറാവ്മുട്ടയും തമിഴ്നാടിന് അടിയറവെക്കുന്നുവെന്ന ആരോപണവുമായി കുട്ടനാടൻ കർഷകർ രംഗത്ത്. ജനുവരിയായതോടെ ദേശാടനപ്പക്ഷികളുടെ വരവ് തുടങ്ങിയിട്ടുണ്ട്. അതിനാൽ വീണ്ടും പക്ഷിപ്പനി പടരുമോ എന്ന ആശങ്കയും കർഷകർക്കുണ്ട്.
പക്ഷിവളർത്തൽ നിരോധനം ഡിസംബർ 31നാണ് അവസാനിച്ചത്. നിരോധനം നിമിത്തം സർക്കാറിന്റെ താറാവ് വളർത്തൽ കേന്ദ്രമായ നിരണം ഫാമിൽപോലും താറാവുകളില്ല. ചാര, ചെമ്പല്ലി എന്നീ കുട്ടനാടൻ ഇനങ്ങളിൽ ഇനി അവശേഷിക്കുന്നത് നാമമാത്രമാണ്. അവയുടെ മുട്ട വെച്ച് വിരിയിച്ച് കുഞ്ഞുങ്ങളെ ഇറക്കിയലാലും വർഷങ്ങൾകൊണ്ടേ ചാരയും ചെമ്പല്ലിയും സാർവത്രികമാകുകയുള്ളൂവെന്ന് കർഷകർ പറയുന്നു. അടുത്ത സീസൺ ഈസ്റ്റർ-വിഷു കാലമാണ്. ഇനി മുട്ടവിരിയിച്ച് കുഞ്ഞുങ്ങളെ ഇറക്കിയാലും അന്നത്തേക്ക് വിൽപനക്ക് യോഗ്യമാകില്ല. ഇപ്പോൾ മുട്ടവരുന്നത് തമിഴ്നാട്ടിൽനിന്നാണ്. അവ വിരിയിച്ചാൽ കുട്ടനാടൻ താറാവിനങ്ങളെ ലഭിക്കില്ല. അതോടെ തമിഴ്നാട് ഇനങ്ങൾ ഇവിടെ സാർവത്രികമാകുന്ന സ്ഥിതിയാണ്.
പക്ഷിപ്പനി സ്ഥിരീകരണത്തെ തുടര്‍ന്ന് കുട്ടനാട്ടില്‍ താറാവ്, മുട്ട ഉള്‍പ്പെടെയുള്ളവക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ഉണ്ടായിരുന്നവ നശിപ്പിക്കുകയും ചെയ്തതോടെയാണ് കുട്ടനാടന്‍ ബ്രാന്‍ഡ് താറാവുകള്‍ വംശനാശ ഭീഷണി നേരിടുന്നത്. ഇറക്കുമതി ചെയ്യുന്ന താറാവുകളുടെ മാംസത്തിനും മുട്ടയേക്കാളും രുചിയും പോഷക മൂല്യവും കൂടുതലാണ് കുട്ടനാട് ബ്രാന്‍ഡ് താറാവുകള്ക്കുള്ളത്. അതിനാല്‍ ഇവക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നു.
എന്തിനാണ് താറാവുകളെ വളർത്തുന്നതെന്ന് മന്ത്രി
കുട്ടനാട്ടിലെ കർഷകർ എന്തിനാണ് താറാവുകളെ വളർത്തുന്നാണ് മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി ചോദിക്കുന്നത്. നിരണം താറാവ് ഫാമിലെ അടക്കം ഉദ്യോഗസ്ഥർ താറാവ് കർഷകർക്ക് പ്രതികൂല നിലപാടാണ് സ്വീകരിക്കാറുള്ളത്. ഉദ്യോഗസ്ഥരുടെ വാദം ഏറ്റുപിടിച്ച് പറയുകയാണ് മന്ത്രി ചെയ്യുന്നതെന്ന് കർഷകർ കുറ്റപ്പെടുത്തുന്നു. മുട്ട, ഇറച്ചി ഉൽപാദനം വർധിപ്പിക്കുന്ന പദ്ധതികൾ ആവിഷ്കരിക്കുന്ന സർക്കാറാണ് കുട്ടനാട്ടിലെ താറാവ് കർഷകരെ ഇല്ലാതാക്കുന്ന നിലപാട് കൈക്കൊള്ളുന്നതെന്നും കർഷകർ കുറ്റപ്പെടുത്തുന്നു.
ചാര പേരിനുപോലുമില്ലാതെ നിരണം ഫാം
സർക്കാർവക താറാവുകളുടെ പ്രജനന കേന്ദ്രമായ നിരണം ഫാമിൽ ചാര ഇനം താറാവുകൾ പേരിനുപോലുമില്ല. ചെമ്പല്ലി ഇനത്തിലെ ആയിരത്തോളം എണ്ണം മാത്രമാണുള്ളത്. അവ തിരുവല്ല മഞ്ഞാടിയിലെ ഫാമിലാണ്. ചാരയെ വേണമെങ്കിൽ അവർക്ക് കർഷകർ നൽകണമെന്ന അവസ്ഥയാണ്. സർക്കാർ ഫാമിൽ ചാരയിനം ഇല്ലാതായത് ഗുരുതര വീഴ്ചയാണ്. പക്ഷിപ്പനിബാധ പലയിടത്തും കണ്ടുതുടങ്ങിയിട്ടും താറാവുകളെ നിരണം ഫാമിൽ മാത്രം സൂക്ഷിച്ചത് ഉദ്യോഗസ്ഥരുടെ വീഴ്ചയായിരുന്നു. അതിൽ ആർക്കും എതിരെ നടപടിയെടുത്തുമില്ല. ഫാമിൽ രോഗബാധയുണ്ടായതോടെ എല്ലാത്തിനെയും കൊന്നൊടുക്കേണ്ടിവന്നിരുന്നു. അതിനാലാണ് പ്രജനന കേന്ദ്രമായ ഫാമിൽ ചാര ഇനം പൂർണമായും ഇല്ലാതാകാൻ കാരണമായത്. നിരോധനം കഴിഞ്ഞെങ്കിലും നിരണം ഫാമിൽ താറാവുകളെ എത്തിക്കാൻ അനുമതിയായിട്ടില്ല.
ക്രിസ്മസ് കാലത്ത് നടന്നത് 12 ലക്ഷം താറാവുകളുടെ വിൽപന
താറാവുകളുടെ ഈറ്റില്ലമായ കുട്ടനാട്ടിൽ ഇപ്പോൾ തമിഴ്നാട് താറാവുകൾ നിറയുകയാണ്. കുട്ടനാടൻ താറാവ് ഒന്നിന് 300-330 രൂപക്കാണ് വിറ്റിരുന്നത്. അവക്ക് രണ്ട് മുതൽ 2.250 കിലോവരെയുള്ളവയായിരുന്നു. തമിഴനാട് താറാവുകൾ 400 രൂപക്കാണ് വിൽക്കുന്നത്. അവയുടെ തൂക്കം ഒന്ന്-1.250 കിലോ മാത്രമാണ്. ഇത്തവണ ക്രിസ്മസ് കാലത്ത് 12 ലക്ഷം താറാവുകളുടെ വിൽപനയാണ് ആലപ്പുഴ, എറണാകുളം ജില്ലകളിലായി നടന്നത്. ഇതു മൊത്തം തമിഴ്നാട്ടിൽനിന്ന് കൊണ്ടുവന്നവയാണ്. ഇവിടത്തെ പക്ഷിവളർത്തൽ നിരോധനംകൊണ്ട് ഗുണമുണ്ടായത് തമിഴ്നാടിനാണ്. കോഴിയിറച്ചിയും മുട്ടയുംപോലെ താറവുകളും തമിഴ്നാടിന്റെ പിടിയിലാകുകയാണ്. അതിന് കളമൊരുക്കുകയാണ് മൃഗസംരക്ഷണ വകുപ്പെന്ന് കർഷകർ കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.