ആവശ്യത്തിന് ഡോക്ടർമാരില്ലാതെ സർക്കാർ ആശുപത്രികൾ
text_fieldsആലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയും ജനറൽ ആശുപത്രിയുമടക്കം ഒരിടത്തും ആവശ്യത്തിന് ഡോക്ടർമാരില്ല. നഴ്സുമാരുടെ സ്ഥിതിയും വ്യത്യസ്തമല്ല. ആംബുലൻസും ഡ്രൈവർമാരുമില്ലാത്ത ആശുപത്രിയും നിരവധി. ഹെൽത്ത് ഇൻസ്പെക്ടർമാരുടെ കുറവു കാരണം ഫീൽഡിൽ ഒാടുകയാണ് ഈ വിഭാഗം. ഒരു ഹെൽത്ത് സെന്ററിൽനിന്ന് മറ്റൊന്നിലേക്ക്. ഫാർമസിസ്റ്റുകൾ, ലാബ് അസിസ്റ്റന്റുമാർ, നഴ്സിങ് അസിസ്റ്റന്റുമാർ തുടങ്ങി എല്ലാ തസ്തികകളിലും ഒഴിവുകളുണ്ട്.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ഒരു രോഗിയെ നോക്കാൻ ഒരു മിനിറ്റ് പോലും ചെലവിടാനില്ലെന്നാണ് ഡോക്ടർമാരുടെ പരാതി. അതിനിടെയാണ് കഴിഞ്ഞദിവസം ആറ് ഡോക്ടർമാരെ സ്ഥലംമാറ്റിയത്. ആറുപേർ പോകുന്നിടത്ത് പകരം വരുന്നതാകട്ടെ, മൂന്നുപേർ. മെഡിക്കൽ കോളജ്, മെഡിക്കൽ കോളജ് ആശുപത്രി എന്നിവിടങ്ങളിലായി അൻപതിലേറെ ഒഴിവുകളാണുള്ളത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ മാത്രമല്ല, ജനറൽ ആശുപത്രിയിലും ജില്ലയിലെ മറ്റു സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും സ്ഥിതി ഇതുതന്നെ.
ജില്ലയുടെ ആരോഗ്യമേഖല മെച്ചപ്പെടണമെങ്കിൽ ആരോഗ്യപ്രവർത്തകരുടെ ഒഴിവുകൾ നികത്തിയേ കഴിയൂ. ജില്ലയിൽ സർക്കാർ മേഖലയിൽ 478 ഡോക്ടർമാർ വേണ്ടിടത്ത് ഇപ്പോഴുള്ളത് 403 പേർ. ഒഴിവുകൾ 75. 733 നഴ്സുമാരാണുള്ളത്; 820 പേർ വേണ്ടിടത്താണിത്. 87 തസ്തിക ഒഴിഞ്ഞു കിടക്കുന്നു. പാലമേൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഒരു ഡോക്ടർമാരുമില്ല. തുറവൂർ താലൂക്കാശുപത്രിയിൽ ഒ.പി കഴിഞ്ഞാൽ അത്യാഹിത വിഭാഗത്തിൽ ഒരു ഡോക്ടർ മാത്രമാണുള്ളത്. ഉച്ചക്കുശേഷം അത്യാഹിത വിഭാഗത്തിലുള്ള ഡോക്ടർ മുന്നൂറിലധികം പേരെ നോക്കേണ്ട അവസ്ഥയാണ്.
30 ഡോക്ടർമാർ വേണ്ടിടത്ത് നിലവിലുള്ളത് 17 പേർ മാത്രം. തുറവൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പ്രതിദിനം ചികിത്സ തേടിയെത്തുന്നത് ഇരുനൂറിലധികം പേരാണ്. പഞ്ചായത്ത് കെട്ടിടത്തിലാണ് ആശുപത്രി പ്രവർത്തനം. പുതിയ ആശുപത്രിക്കെട്ടിടം നിർമിച്ചെങ്കിലും അങ്ങോട്ടു മാറിയിട്ടില്ല. മുതുകുളം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഐ.പി ബ്ലോക്കിന്റെ സ്ഥിതി ഏറെ പരിതാപകരം. പുതിയ കെട്ടിടം വേണമെന്ന ആവശ്യം ശക്തമാണെങ്കിലും അധികൃതർ കേട്ടിട്ടില്ല. ആശുപത്രി ജീവനക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യമില്ല.
തൃക്കുന്നപ്പുഴ കമ്യൂണിറ്റി ഹെൽത്ത് സെന്ററിലാകട്ടെ, ആശുപത്രി വക ആംബുലൻസിന് ഡ്രൈവറില്ല. ഡ്രൈവർക്ക് ശമ്പളം നൽകാൻ ഫണ്ട് കണ്ടെത്താൻ കഴിയാത്തതാണ് പ്രശ്നം. 108 ആംബുലൻസിന്റെ സേവനം 24 മണിക്കൂറും വേണമെന്ന ആവശ്യവും നടപ്പായിട്ടില്ല. ചെങ്ങന്നൂർ ഇ.എസ്.ഐ ഡിസ്പെൻസറി പ്രവർത്തിക്കുന്നത് വാടകക്കെട്ടിടത്തിലാണ്. പ്രതിമാസം 5000 രോഗികളെത്തുന്ന ആശുപത്രിക്ക് സ്വന്തമായി കെട്ടിടമില്ല.
എടത്വ കമ്യൂണിറ്റി ഹെൽത്ത് സെന്റർ ഒ.പി ഉച്ചക്ക് രണ്ടു മണിയാകുമ്പോഴേക്കും അവസാനിക്കും. 36 ബെഡുകൾ ഉണ്ടെങ്കിലും കിടത്തിച്ചികിത്സ അപൂർവം. വർഷങ്ങളായി പ്രസവ വാർഡും പ്രവർത്തിക്കുന്നില്ല. ശുദ്ധജലക്ഷാമവും രൂക്ഷം. ഉപയോഗിക്കാൻ നല്ല ശുചിമുറികളുമില്ല. എം.പി ഫണ്ടിൽനിന്ന് ആർ.ഒ പ്ലാന്റ് സ്ഥാപിച്ചെങ്കിലും ആറ് മാസം തികയും മുമ്പ് കേടായി. സ്വന്തം ആംബുലൻസ് കേടായിട്ട് 10 വർഷത്തിലധികമായി. നിലവിൽ 108 ആംബുലൻസിന്റെ സേവനമുണ്ടെങ്കിലും പകൽ മാത്രമേ ലഭിക്കൂ. ആശുപത്രി കെട്ടിടങ്ങളിലൊന്ന് ഫിറ്റ്നസ് ഇല്ലാതെ കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. പ്രതിദിനം ഇരുനൂറ്റൻപതിലധികംപേർ ചികിത്സ തേടിയെത്തുന്ന കേന്ദ്രമാണിത്.
വെളിയനാട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിന്റെ കണക്കിൽ ഡോക്ടർമാർ അഞ്ചുണ്ട്. വൈകീട്ടുവരെ ഡോക്ടർമാർ വേണമെന്ന നിയമം പാലിക്കപ്പെടുന്നില്ല. ഒട്ടേറെ രോഗികൾ ആശ്രയിക്കുന്ന സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ അവസ്ഥയാണിത്.
കാർത്തികപ്പള്ളി പി.എച്ച്.സിക്കും ചിങ്ങോലി പി.എച്ച്.സിക്കും ഒരു ഹെൽത്ത് ഇൻസ്പെക്ടർ (എച്ച്.ഐ) മാത്രമാണുള്ളത്. വീയപുരം പി.എസ്.സിക്കും ചെറുതന ഫാമിലി ഹെൽത്ത് സെന്ററിനും കൂടി ഒരു എച്ച്.ഐ മാത്രം. 3 ദിവസമാണ് ഓരോ പി.എച്ച്.സിയും ജോലി. ചേർത്തല തെക്ക് കുടുംബാരോഗ്യകേന്ദ്രത്തിൽ ജൂനിയർ ഹെൽത്ത് സൂപ്രണ്ട് എന്നു വരുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല അരൂക്കുറ്റി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ 3 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ വേണ്ടിടത്ത് ഉള്ളത് രണ്ടു പേർ. പാണാവള്ളി കുടുംബാരോഗ്യ കേന്ദ്രത്തിലും സ്ഥിതി സമാനം. തൈക്കാട്ടുശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പെരുമ്പളത്തെ എച്ച്.ഐക്ക് അധിക ചുമതലയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.