ആവശ്യത്തിന് മരുന്നില്ല; നഗരസഭ വയോമിത്രം പദ്ധതി പാളുന്നു
text_fieldsആലപ്പുഴ: നഗരസഭയിലെ വയോമിത്രം പദ്ധതി പാളുന്നു. ആവശ്യത്തിന് മരുന്നില്ല. വളരുന്ന കേരളം, വളര്‍ത്തിയവര്‍ക്ക് ആദരം എന്ന ടാഗ് ലൈനോടെ തുടങ്ങിയ പദ്ധതിയാണ് താളംതെറ്റുന്നത്.
65 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാരുടെ മാനസിക-ആരോഗ്യ സംരക്ഷണ പരിപാലനത്തിനായി സാമൂഹിക സുരക്ഷ മിഷന് കീഴില്‍ സര്‍ക്കാര്‍ ആവിഷ്കരിച്ചതാണിത്. രോഗികളായവർക്ക് സൗജന്യ മരുന്നും ചികിത്സയും കിട്ടിയിരുന്നു. വയോധികര്‍ക്ക് ആവശ്യത്തിന് മരുന്നുകള്‍ ലഭ്യമല്ലെന്നാണ് പ്രധാന പരാതി. 130 മരുന്നുകളിൽ പലതുംവെട്ടിക്കുറച്ചതാണ് പ്രതിസന്ധിക്കിടയാക്കിയത്.
പ്രമേഹരോഗികൾക്ക് നൽകിയിരുന്ന ഇൻസുലിനും വെട്ടിക്കുറച്ചവയിൽ ഉൾപെടുന്നു. ഒരുമാസം ആറ് മുതൽ ഏഴ് കുപ്പികളാണ് നേരശത്ത നൽകിയിരുന്നത്. ഇപ്പോഴത് ഒന്നും രണ്ടുമായി കുറഞ്ഞു. അടുത്തമാസം ഇതും നൽകാനാവാത്ത സ്ഥിതിയാണെന്ന് ബന്ധപ്പെട്ടവർ പറയുന്നു.
നേരത്തെ പദ്ധതിയിൽ ഉൾപ്പെട്ട രോഗിയുടെ ആരോഗ്യസ്ഥിതിയനുസരിച്ചാണ് മരുന്നുകൾ ലഭ്യമാക്കിയിരുന്നത്. കേരള മെഡിക്കല്‍ സര്‍വിസസ് കോർപറേഷന് (കെ.എം.എസ്.സി.എല്‍.) ആണ് മരുന്നുകൾ വിതരണം നടത്തുന്നത്. ശ്വാസംമുട്ടലിനുള്ള ഇന്‍ഹെയിലറും ഇതിൽ ഉൾപ്പെട്ടിരുന്നു.
നിലവിൽ മരുന്നുകള്‍ തീര്‍ന്നാലും ഏറെനാൾ കാത്തിരിക്കേണ്ട സ്ഥിതിയാണ്. അതിനാൽ പലമരുന്നുകളും അധികവില കൊടുത്ത് പുറത്തുനിന്ന് വാങ്ങേണ്ട സ്ഥിതിയാണ്. ഇൻസുലിന്‍ മാത്രം 170രൂപയാണ് ഈടാക്കുന്നത്. വയോമിത്രം പദ്ധതിയിലെ ജീവനക്കാർക്ക് ശമ്പളം മുടങ്ങിയിട്ട് നാലുമാസമായി. കോഓർഡിനേറ്റർ, മെഡിക്കൽ ഓഫിസർ, സ്റ്റാഫ് നഴ്സ്, ജെ.പി.എച്ച്.എൻ എന്നിവർക്ക് രണ്ടുമാസത്തെ ശമ്പളം അനുവദിച്ചെങ്കിലും അക്കൗണ്ടിൽ പണമെത്തിയിട്ടില്ലെന്ന് പരാതിയുണ്ട്.
പലരും ദിവസവേതനത്തിലും കരാർ അടിസ്ഥാനത്തിലുമാണ് ജോലിനോക്കുന്നത്. ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് അനിശ്ചിതകാല സമരവും ജീവനക്കാർ ആലോചിക്കുന്നുണ്ട്. ആലപ്പുഴ നഗരസഭയിൽ വയോമിത്രം പദ്ധതിയുടെ നടത്തിപ്പിന് രണ്ട് യൂനിറ്റുണ്ട്. നടത്തിപ്പിനായി നഗരസഭ 20 ലക്ഷം രൂപയാണ് സാമൂഹിക സുരക്ഷ മിഷന് നൽകിയിട്ടുള്ളത്.
മരുന്ന് വിതരണം, വീടുകളിലെത്തി പരിശോധന, മൊബൈൽ ക്ലിനിക് സർവിസ്, കൗൺസലിങ്, പാലിയേറ്റിവ് കെയർ സർവിസ്, ഹെൽപ് ഡെസ്ക്, ക്യാമ്പ്, വിനോദ പരിപാടികൾ എന്നിവക്കൊപ്പം മുതിർന്നപൗരന്മാരുടെ സാമ്പത്തിക-നിയമപരിരക്ഷയും ഉറപ്പാക്കിയാണ് പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.