ഭൂമി തരംമാറ്റം: താലൂക്കുതല അദാലത് 29 മുതല്‍
text_fieldsആലപ്പുഴ: ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് സംസ്ഥാന വ്യാപകമായി താലൂക്ക് തലത്തില്‍ നടത്തുന്ന അദാലത്തുകള്‍ ജില്ലയില്‍ 29ന് ആരംഭിക്കുമെന്ന് ജില്ല കലക്ടര്‍ അലക്സ് വര്‍ഗീസ് അറിയിച്ചു. ആദ്യ അദാലത് 29ന് അമ്പലപ്പുഴ താലൂക്കില്‍ നടക്കും. അമ്പലപ്പുഴ താലൂക്ക് കോണ്‍ഫറന്‍സ് ഹാളിലാണ് അദാലത്.
കുട്ടനാട് താലൂക്കിലേത് 30ന് ചമ്പക്കുളം ബ്ലോക്ക് ഓഫിസ് കോണ്‍ഫറന്‍സ് ഹാളിലും മാവേലിക്കര താലൂക്കിലേത് നവംബര്‍ അഞ്ചിന് താലൂക്ക് ഓഫിസിലും ചെങ്ങന്നൂരിലേത് നവംബര്‍ ഏഴിന് ചെങ്ങന്നൂര്‍ ഐ.എച്ച്.ആര്.ഡി കോളജിലും കാര്‍ത്തികപ്പള്ളി താലൂക്കിലേത് നവംബര്‍ 12ന് കാര്‍ത്തികപ്പള്ളി താലൂക്ക് കോണ്‍ഫറന്‍സ് ഹാളിലും ചേര്‍ത്തല താലൂക്കിലേത് നവംബര്‍ 14ന് ചേര്‍ത്തല താലൂക്ക് ഓഫിസിലും നടക്കും.
കലക്ടറുടെ മേല്‍നോട്ടത്തിലാണ് അദാലത് നടക്കുക. നിലവിലെ അപേക്ഷകളില്‍ ഉദ്യോഗസ്ഥ തലത്തില്‍ തീര്‍പ്പാക്കലാണ് അദാലത്തുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് കലക്ടര്‍ പറഞ്ഞു. ഡെപ്യൂട്ടി കലക്ടര്‍മാര്‍, വില്ലേജ് ഓഫിസര്‍മാര്‍, കൃഷി ഓഫിസര്‍, മറ്റ് റവന്യൂ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുക്കും. 25 സെന്റില്‍ താഴെയുള്ള സൗജന്യമായി തരം മാറ്റത്തിന് അര്‍ഹതയുള്ള, ഫോറം 5, ഫോറം 6 എന്നിവയില്‍ നല്കിയ അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കുന്നത്.
ജില്ലയിലെ ആറ് താലൂക്കിലായി ഒക്ടോബര്‍ 20 വരെ 35,475 തരംമാറ്റ അപേക്ഷയാണ് ലഭിച്ചത്. ഇതില്‍ 5876 അപേക്ഷ തീര്‍പ്പാക്കി. കെട്ടിക്കിടക്കുന്നത് 29,599 അപേക്ഷയാണ്. തരംമാറ്റ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് 2023ല്‍ നടത്തിയ ഒന്നാംഘട്ട അദാലത്തുകള്‍ ആര്.ഡി.ഒ ഓഫിസുകള്‍ കേന്ദ്രീകരിച്ചായിരുന്നു.
അതില്‍ വലിയ തോതില്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ കഴിഞ്ഞിരുന്നു. 2024 സെപ്റ്റംബറോടെ സംസ്ഥാനത്തെ 27 ആര്.ഡി.ഒ മാര്‍ക്കൊപ്പം ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്കുകൂടി തരംമാറ്റ അപേക്ഷകള്‍ പരിഗണിക്കാനുള്ള അധികാരം നല്കി തണ്ണീര്‍ത്തട സംരക്ഷണ നിയമം നിയമസഭ ഭേദഗതി ചെയ്തിരുന്നു.
താലൂക്ക് അടിസ്ഥാനത്തില്‍ ആര്.ഡി.ഒ മാരും ഡെപ്യൂട്ടി കലക്ടര്‍മാരുമാണ് ഇപ്പോള്‍ തരം മാറ്റ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് രണ്ടാംഘട്ട അദാലത് താലൂക്ക് അടിസ്ഥാനത്തില്‍ നടത്താന്‍ തീരുമാനിച്ചത്.
താലൂക്കുതല അദാലത്തിനോടനുബന്ധിച്ച് തരംമാറ്റ അപേക്ഷകളുടെ അതിവേഗ തീര്‍പ്പാക്കല്‍ സംബന്ധിച്ച് കലക്ടറുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം കലക്ടറേറ്റില്‍ യോഗം ചേര്‍ന്നിരുന്നു. ഓരോ താലൂക്കിലെയും തീര്‍പ്പാക്കാനുള്ള അപേക്ഷകള്‍ വിലയിരുത്തിയ യോഗത്തില്‍ അദാലത് വിജയകരമാക്കുന്നതിന് കലക്ടര്‍ വില്ലേജ് ഓഫിസര്‍മാര്‍ക്കും കൃഷി ഓഫിസര്‍മാര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്കി.
തീര്‍പ്പാക്കാനുള്ള അപേക്ഷകളില്‍ വലിയൊരു ശതമാനം താലൂക്കുതല അദാലത്തിലൂടെ തീര്‍പ്പാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കലക്ടര്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.