ഭൂമി തരംമാറ്റം;താലൂക്കുതല അദാലത്തും രക്ഷയാകുന്നില്ല
text_fieldsആലപ്പുഴ: ഭൂമി തരംമാറ്റൽ അപേക്ഷ തീർപ്പാക്കുന്നതിന് ജില്ലയിൽ നടക്കുന്ന താലൂക്കുതല അദാലത്തുകൾ പ്രഹസനമാകുന്നു. ഓരോ താലൂക്കിലും കെട്ടിക്കിടക്കുന്നത് ആയിരക്കണക്കിന് അപേക്ഷയാണ്. ഓരോ താലൂക്കിലെയും അദാലത്തിൽ തീർപ്പാകുന്നത് 350ഓളം അപേക്ഷകളിൽ മാത്രമാണ്. ഇതുവരെ അമ്പലപ്പുഴ, കുട്ടനാട്, മാവേലിക്കര താലൂക്കുകളിലാണ് അദാലത് നടന്നത്. അമ്പലപ്പുഴയിൽ 223 അപേക്ഷയിലാണ് തീർപ്പ് കൽപിച്ചത്. കുട്ടനാട്ടിൽ 367 എണ്ണം തീർപ്പാക്കി. 2982 അപേക്ഷ ഇനി പരിഗണിക്കാനുണ്ട്. മാവേലിക്കരയിൽ തീർപ്പാക്കിയ അപേക്ഷകളുടെ കണക്ക് പുറത്തുവിട്ടിട്ടില്ല. ജില്ലയിൽ ഭൂമി തരംമാറ്റത്തിന് അപേക്ഷ നൽകി വർഷങ്ങളായി കാത്തിരിക്കുന്നത് 29000ത്തോളം പേരാണ്. അദാലത്തുകളിലും തീർപ്പാക്കപ്പെടുന്നത് 300ഓളം അപേക്ഷ മാത്രമാകുന്നത് അപേക്ഷകരെ നിരാശപ്പെടുത്തുന്നു. 2022 മുതൽ ഇതുവരെ ജില്ലയിൽ 44,600 അപേക്ഷയാണ് റവന്യൂ ഉദ്യോഗസ്ഥരുടെ പക്കലെത്തിയത്. ഇതിൽ 15,500 അപേക്ഷയിൽ മാത്രമാണ് തീർപ്പുണ്ടാക്കിയത്.
കൂടുതൽ അപേക്ഷ കെട്ടിക്കിടക്കുന്നത് ചേർത്തല, കാർത്തികപ്പള്ളി താലൂക്കുകളിലാണ്. രണ്ടിടത്തും 8000ത്തിലേറെ അപേക്ഷയാണ് തീർപ്പാക്കാനുള്ളത്. ചെങ്ങന്നൂർ താലൂക്കിൽ 1974 അപേക്ഷയാണ് കെട്ടിക്കിടക്കുന്നത്.
ആലപ്പുഴ സബ് കലക്ടറുടെ പരിധിയിലുള്ള മൂന്ന് താലൂക്കിലായി 12000ത്തിലേറെ അപേക്ഷ കെട്ടിക്കിടക്കുകയാണ്. വില്ലേജ് ഓഫിസുകളിൽ ജീവനക്കാരുടെ കുറവാണ് പ്രധാന തടസ്സമാകുന്നത്. പ്രതിമാസം 250 അപേക്ഷയിൽപോലും തീർപ്പ് കൽപിക്കാൻ അധികൃതർക്ക് കഴിഞ്ഞിരുന്നില്ല. ഈ പ്രതിസന്ധി മറികടക്കാനാണ് അദാലത് സംഘടിപ്പിച്ചത്. അതിലും കാര്യമായ പുരോഗതി ഉണ്ടാകുന്നില്ലെന്നാണ് അദാലത് കഴിഞ്ഞ താലൂക്കുകളിൽ തീർപ്പാക്കിയ അപേക്ഷകളുടെ കണക്ക് സൂചിപ്പിക്കുന്നത്. 25 സെന്റില്‍ താഴെയുള്ള സൗജന്യമായി തരം മാറ്റത്തിന് അര്‍ഹതയുള്ള, ഫോം 5, ഫോം 6 എന്നിവയില്‍ നല്കിയ അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കുന്നത്. ജില്ലയിലെ ആറ് താലൂക്കിലായ ഒക്ടോബര്‍ 20വരെ 35,475 തരംമാറ്റ അപേക്ഷയാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ 5876 എണ്ണം തീർപ്പാക്കി.
തരംമാറ്റ അപേക്ഷ തീര്‍പ്പാക്കാൻ 2023ല്‍ നടത്തിയ ഒന്നാം ഘട്ട അദാലത് ആര്.ഡി.ഒ ഓഫിസുകള്‍ കേന്ദ്രീകരിച്ചായിരുന്നു. 2024 സെപ്റ്റംബറോടെ സംസ്ഥാനത്തെ 27 ആര്.ഡി.ഒമാര്‍ക്കൊപ്പം ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്കു കൂടി തരംമാറ്റ അപേക്ഷ പരിഗണിക്കാനുള്ള അധികാരം നല്കി നിയമസഭ തണ്ണീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്തിരുന്നു. താലൂക്ക് അടിസ്ഥാനത്തില്‍ ആര്.ഡി.ഒമാരും ഡെപ്യൂട്ടി കലക്ടര്‍മാരുമാണ് ഇപ്പോള്‍ തരം മാറ്റ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് രണ്ടാം ഘട്ട അദാലത് താലൂക്ക് അടിസ്ഥാനത്തില്‍ നടത്താന്‍ തീരുമാനിച്ചത്. ചെങ്ങന്നൂരിലേത് വ്യാഴാഴ്ച ചെങ്ങന്നൂര്‍ ഐ.എച്ച്.ആര്.ഡി കോളജിലും കാര്‍ത്തികപ്പള്ളി താലൂക്കിലേത് 12ന് കാര്‍ത്തികപ്പള്ളി താലൂക്ക് കോണ്‍ഫറന്‍സ് ഹാളിലും ചേര്‍ത്തല താലൂക്കിലേത് 14ന് ചേര്‍ത്തല താലൂക്ക് ഓഫിസിലും നടക്കും. അദാലത് കഴിഞ്ഞ് അവശേഷിക്കുന്ന അപേക്ഷകൾ 30നുള്ളില്‍ തീര്‍പ്പാക്കുന്നതിനുള്ള നടപടി തുടരുമെന്ന് കലക്ടര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.