എലിപ്പനി ആശങ്ക വർധിച്ചു; ഒരാഴ്ചക്കിടെ നാലുമരണം
text_fieldsആലപ്പുഴ: ജില്ലയിൽ എലിപ്പനി ആശങ്ക വർധിച്ചു. ഒരാഴ്ചക്കിടയിൽ മരിച്ചത് നാലുപേർ. വയലാർ, ആറാട്ടുപുഴ, കുറത്തികാട്, പാണാവള്ളി എന്നിവിടങ്ങളിലാണ് മരണം സ്ഥിരീകരിച്ചത്. വയലാർ സ്വദേശിയായ 27കാരൻ മരിച്ചതാണ് ഏറ്റവും ഒടുവിലത്തേത്. ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം കുറവാണെങ്കിലും മരണസംഖ്യ ഉയരുന്നത് ആശങ്കക്കിടയാക്കി.
കുറത്തികാട് സ്വദേശിയായ 63കാരനും ആറാട്ടുപുഴ സ്വദേശിയായ 73 വയസ്സുകാരനും പാണാവള്ളി സ്വദേശിയായ 25 വയസ്സുകാരനുമാണ് എലിപ്പനി ബാധിച്ച് മരിച്ചത്. ഒരാഴ്ചക്കിടെ 11പേർക്കാണ് ജില്ലയിൽ എലിപ്പനി സ്ഥിരീകരിച്ചത്.
എലിപ്പനി സംശയിക്കുന്ന 11പേർ നിരീക്ഷണത്തിലാണ്. ഇടവിട്ട് പെയ്യുന്ന മഴയിൽ പല സ്ഥലങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നതാണ് എലിപ്പനിക്ക് കാരണം. ആരോഗ്യവകുപ്പ് ജില്ലയിൽ ജാഗ്രതനിർദേശം നൽകി. എലിപ്പനി പ്രതിരോധത്തിന് ആരോഗ്യവകുപ്പ് അലർട്ട് (അവയർനെസ് ഫോർ ലെപ്റ്റസ്പൈറോസിസ് റിഡക്ഷൻ ആൻഡ് ട്രീറ്റ്മെന്റ്) കാമ്പയിൻ തുടങ്ങി.
രോഗം വ്യാപകമാകാതിരിക്കാൻ ബോധവത്കരണവും ആരോഗ്യകേന്ദ്രങ്ങളിൽ ചികിത്സ സൗകര്യം ഒരുക്കുകയുമാണ് ലക്ഷ്യം. സ്വകാര്യ ആശുപത്രികളും കാമ്പയിെൻറ ഭാഗമാകും.
പ്രതിരോധം ഊർജിതമാക്കും
ആലപ്പുഴ: എലിപ്പനി, ഡെങ്കിപ്പനി പകര്‍ച്ചവ്യാധികള്‍ തടയുന്നതിന് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കാൻ കലക്ടർ വിളിച്ച അവലോകന യോഗത്തിൽ തീരുമാനം. എലിപ്പനി ബാധിച്ച് മരണസംഖ്യ ഉയർന്നതോടെയാണ് കലക്ടർ ജോൺ വി.സാമുവൽ ഉന്നതതല യോഗം ചേർന്നത്. രോഗപ്രതിരോധത്തിന് ഉദ്യോഗസ്ഥ തലത്തില്‍ ബോധവത്കരണം നടത്തണമെന്നും എല്ലാ വകുപ്പുകളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ പ്രതിരോധം ഫലപ്രദമാകൂവെന്നും കാമ്പയിനുകള്‍ ആകര്‍ഷകമായ രീതിയില്‍ നടപ്പാക്കണമെന്നും കലക്ടർ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ആരോഗ്യ ജാഗ്രത ഇന്റെര്സെക്ടര് മീറ്റിങ്ങുകള്‍ എല്ലാമാസവും വിളിക്കും. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി വിലയിരുത്താനും യോഗം തീരുമാനിച്ചു. ഡി.എം.ഒ (ആരോഗ്യം) ഡോ. ജമുന വര്‍ഗീസ്, മറ്റ് ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവർ പങ്കെടുത്തു.
രോഗപ്പകർച്ച
നായ, പൂച്ച, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രത്തിലൂടെ രോഗാണുക്കള്‍ മണ്ണിലും വെള്ളത്തിലും കലരാനിടയുണ്ട്. കര്‍ഷകര്‍, തൊഴിലുറപ്പ് ജോലിക്കാര്‍ തുടങ്ങി മണ്ണും വെള്ളവുമായി ഇടപെടുന്നവര്‍ക്കും മലിനമായ വെള്ളത്തിലും മണ്ണിലും ഇറങ്ങുന്നവര്‍ക്കും എലിപ്പനി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. കന്നുകാലി പരിചരണത്തില്‍ ഏര്‍പ്പെട്ടവര്‍, കൃഷിപ്പണിക്കാര്‍, ശുചീകരണ തൊഴിലാളികള്‍, തൊഴിലുറപ്പ് ജോലിക്കാര്‍, മലിനമായ മണ്ണുമായും വെള്ളവുമായും സമ്പര്‍ക്കത്തില്‍ വരുന്ന തൊഴിലാളികള്‍ തുടങ്ങിയവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിർദേശപ്രകാരം ആഴ്ചയില്‍ ഒരിക്കല്‍ ഡോക്സിസൈക്ലിന്‍ ഗുളിക കഴിക്കണം.
ലക്ഷണം
കഠിനമായ പേശി വേദന, ക്ഷീണം, തലവേദന, പനി തുടങ്ങിയ ലക്ഷണങ്ങള്‍ അവഗണിക്കരുത്. ഡോക്ടറെ കാണാതെ നേരിട്ട് മരുന്ന് വാങ്ങുന്നതുപോലെയുള്ള ശീലങ്ങള്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. സ്വയംചികിത്സ പാടില്ല.
പ്രതിരോധം തീർക്കാം
എലിപ്പനി പ്രതിരോധത്തിന് ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം ഡോക്സി സൈക്ലിന്‍ ഗുളിക ആഴ്ചയില്‍ ഒരിക്കല്‍ കഴിക്കണം. കട്ടികൂടിയ റബര്‍ കാലുറകളും കൈയുറകളും ധരിച്ച് മാത്രം ശുചീകരണം നടത്തുക. മുറിവുകള്‍ മണ്ണും വെള്ളവും കടക്കാത്തവിധം സുരക്ഷിതമായി ബാന്‍ഡേജ് ഉപയോഗിച്ച് വൃത്തിയായി സൂക്ഷിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.