ലൈഫ് ഭവന പദ്ധതി: പ്രളയസഹായം വാങ്ങിയവർക്കും വീട്, 228 കുടുംബങ്ങൾക്ക് ആശ്വാസം
text_fieldsആലപ്പുഴ: പ്രളയ സഹായം വാങ്ങിയതിന്റെ പേരിൽ ലൈഫ് ഭവന പദ്ധതി ആനുകൂല്യം ലഭിക്കില്ലെന്ന പ്രശ്നത്തിന് പരിഹാരം. ഈ വിഭാഗത്തിൽ പെട്ട 228 കുടുംബങ്ങൾക്ക് ഇനി സഹായം ലഭിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ കോഓഡിനേഷൻ സമിതി അനുമതി നൽകിയതോടെയാണിത്. പ്രളയസഹായത്തിന്റെ പേരിൽ ഏറ്റവും കൂടുതൽ പേർക്ക് ലൈഫ് ഭവനപദ്ധതിയുടെ ആനുകൂല്യം നിഷേധിക്കപ്പെട്ടത് ആലപ്പുഴ നഗരസഭയിലായിരുന്നു.
വാർഡ്തല സഭകൾ പാസാക്കിയ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട 228 കുടംബങ്ങൾക്ക് ആനുകൂല്യം നൽകുന്നതാണ് തടഞ്ഞത്. പ്രളയകാലത്ത് ഇവർ 10,000 രൂപമുതൽ ഒന്നേകാൽ ലക്ഷം രൂപ വരെ കൈപ്പറ്റിയെന്നാരോപിച്ചായിരുന്നു ആനുകൂല്യം നിഷേധിച്ചത്. ഇതോടെ നെഹ്റുട്രോഫി, തിരുമല, പള്ളാത്തുരുത്തി തുടങ്ങിയ സ്ഥലങ്ങളിലെ കുടുംബങ്ങളാണ് ബുദ്ധിമുട്ടിലായത്.
ആലപ്പുഴ നഗരസഭയിൽ ലൈഫ് ഭവനപദ്ധതി പട്ടികയിൽ ഉൾപ്പെട്ട 228 പേർ സഹായം കൈപ്പറ്റിയതായി കുടുംബശ്രീയുടെ പരിശോധനയിൽ കണ്ടെത്തി. 2018, 2019 വർഷം പ്രളയസഹായമായി നൽകിയ 10,000 രൂപ വീതം 39 കുടുംബങ്ങളും 60,000 രൂപവീതം 80 കുടുംബങ്ങളും ഒന്നേകാൽ ലക്ഷംവീതം 109 കുടുംബങ്ങളും കൈപ്പറ്റിയതായാണ് കണ്ടെത്തിയത്. എന്നാൽ, അറ്റകുറ്റപ്പണി നടത്തിയ ഇവരുടെയെല്ലാം വീട് നിലവിൽ വളരെ ശോച്യാവസ്ഥയിലാണെന്നും ബോധ്യപ്പെട്ടു.
ലൈഫ് ഭവനപദ്ധതി ലഭിക്കുമെന്ന ധാരണയിൽ ഉണ്ടായിരുന്ന വീട് പൊളിച്ചിട്ടവരും അടിത്തറ പണിതു വർഷങ്ങളായി സഹായം കാത്തിരിക്കുന്നവരും ഉണ്ടായിരുന്നു.ചിലർ വർഷങ്ങളായി പ്ലാസ്റ്റിക് കൂരയിൽ കിടക്കുകയാണെന്നും കണ്ടെത്തി. പ്രശ്നം തദ്ദേശ ഭരണ പ്രതിനിധികൾ സർക്കാറിന്റെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് കോ-ഓഡിനേഷൻ സമിതിയിൽ പ്രശ്നത്തിന് തീർപ്പുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.