ദ്രവമാലിന്യ സംസ്കരണം: പുതിയ ചുവടുമായി ആലപ്പുഴ
text_fieldsആലപ്പുഴ: ജില്ലയെ സമ്പൂര്‍ണ മാലിന്യ മുക്തമാക്കാന്‍ വിവിധ ഗ്രാമപഞ്ചായത്തുകളിൽ ദ്രവമാലിന്യ സംസ്കരണ പദ്ധതികള്‍ക്ക് തുടക്കം. സ്വച്ഛ് ഭാരത് മിഷന് ഗ്രാമീണ്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ശുചിത്വമിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശുചിത്വമിഷന് അക്രഡിറ്റഡ് ഏജന്‍സിയായ സി.ഡി.ഡി. സൊസൈറ്റിയാണ് ഡിവാട്സ് ടെക്നോളജിയില്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനാവിശ്യമായ സാങ്കേതിക പിന്തുണ നല്‍കുന്നത്. ദ്രവമാലിന്യ സംസ്കരണ പ്രോജക്ടുകള്‍ക്കായി സ്വച്ഛ് ഭാരത് മിഷന് ഗ്രാമീണ്‍ പദ്ധതിയിലൂടെ 2025 വരെ ജില്ലക്ക് 42 കോടി രൂപ ചെലവഴിക്കാനാകും.
ഇതിനകം കണ്ടല്ലൂര്‍, പാലമേല്‍, നൂറനാട്, വള്ളികുന്നം, ചെട്ടികുളങ്ങര, മണ്ണഞ്ചേരി, മുഹമ്മ, തണ്ണീര്‍മുക്കം, ചേന്നം പള്ളിപ്പുറം, ആര്യാട് ഗ്രാമപഞ്ചായത്തുകളില്‍ സി.ഡി.ഡി സൊസൈറ്റി പ്രതിനിധികള്‍ ഫീല്‍ഡ് പരിശോധന പൂര്‍ത്തിയാക്കി. ആലപ്പുഴ നഗരസഭയുടെ പരിധിയിലുള്ള ചാത്തനാട് കോളനിയില്‍ നടപ്പിലാക്കായ ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റും വിജയകരമായി പ്രവര്‍ത്തിക്കുന്നുണ്ട്.
വീടുകളിലെ അടുക്കള ശുചിമുറി മാലിന്യങ്ങൾ സേഫ്ടി ടാങ്കിലെ ശുചീകരണ രീതിക്ക് സമാനമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് ശുദ്ധീകരിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ശുചീകരിച്ച വെള്ളം പുനരുപയോഗിക്കുന്നതിനോ കനാലുകളിലേക്ക് ഒഴുക്കികളയുന്നതിനോ തടസമില്ല. അതേസമയം ഹോട്ടലുകൾ, മറ്റ് സ്ഥാപനങ്ങളിൽ നിന്നുള്ള രാസവസതുക്കൾ കലരുന്ന മലിനജലം എന്നിവ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് ശുചീകരിക്കാനാവില്ല.
ഹോട്ടലുകളിലെ മലിന ജലത്തിൽ എണ്ണയുടെ സാന്നിധ്യം കൂടുതലുണ്ടെങ്കിൽ ഈ ശുചീകണ രീതി വിജയകരമാകില്ല. അവിടങ്ങളിൽ നിന്നുള്ള ജല ശുദ്ധീകരണത്തിന് അംഗീകൃതമായ മറ്റ് മാതൃകകൾ അവർ തന്നെ നടപ്പിലാക്കുന്നതിന് പുതിയ പദ്ധതി ആവിഷ്ക്കരിക്കുന്നുണ്ട്.
മാലിന്യ മുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി ജില്ലയെ സമ്പൂര്‍ണ്ണ മാലിന്യ മുക്ത ജില്ലയാക്കുകയെന്നതാണ് ലക്ഷ്യമെന്ന് ജില്ല ശുചിത്വമിഷന് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.