നെല്ലറയുടെ നാട്ടിലുംകർഷകന് കണ്ണീർ
text_fieldsതെരഞ്ഞെടുപ്പിന്റെ ചൂടിൽ നാട് അലിയുമ്പോൾ കുട്ടനാട്ടിലെ നെൽകർഷകർക്ക് പറയാൻ ഏറെയുണ്ട്. നെല്ലറയുടെ നാടിന് ആരുഭരിച്ചാലും കണ്ണീരാണ്. ഇത് മാറണം. കനത്ത വെയിലിനെ അവഗണിച്ച് പണ്ടാരക്കുളം പാടശേഖരത്ത് പണിയെടുക്കുകയും എടുപ്പിക്കുകയും ചെയ്യുന്നവർക്ക് കൃത്യമായ കാഴ്ചപ്പാടുണ്ട്. പോൾടോക്കിൽ അവർ മനസ്സ് തുറന്നു. വോട്ട് വഴികളും രാഷ്ട്രീയവും കർഷക നിലപാടും ഭാവിയും ആശങ്കയുമെല്ലാം നെൽകതിർപോലെ പൂത്തുലഞ്ഞു.
പണ്ടാരക്കുളം പാടശേഖരത്ത് കനത്ത വെയിലിനിടെ കർഷകർ വിശ്രമിക്കുകയാണ്. ഒരു ചടങ്ങിൽ പങ്കെടുത്തശേഷം അതേവേഷത്തിൽ കർഷകൻ കെ.ജെ. കുഞ്ഞപ്പൻ പണിയെടുക്കാൻ ഓടിയെത്തി. ദേവദാസും ജോസിയും രഘുവും വിശ്രമത്തിലാണ്.
വെയിൽ കുറയട്ടെ അൽപം കഴിഞ്ഞ് ഇറങ്ങാനാണ് ഒരേ സ്വരത്തിൽ തീരുമാനം. ധിറുതിപിടിച്ച് പണി ചെയ്തിട്ടും കാര്യമില്ല ഇപ്പോൾ തന്നെ ഇവിടെ നിന്ന് 15 ദിവസത്തിലേറെയായി നെല്ല് സംഭരിച്ചിട്ട് പണം കൃത്യസമയത്ത് കിട്ടട്ടേ -കുഞ്ഞപ്പൻ പറഞ്ഞു.
കുട്ടനാട്ടിലെ കർഷകർക്ക് ആര് ഭരിച്ചാലും ഈഗതികേട് തന്നെയാണ്. നെൽകർഷകർക്ക് വേണ്ടി കൊണ്ടുവരുന്ന ഒരുപദ്ധതിയും കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് കൃത്യമായി നടപ്പാക്കാൻ കഴിയാത്തതാണ് പ്രശ്നമെന്ന് ചർച്ചയിൽ പങ്കെടുത്ത ദേവദാസ് പറഞ്ഞു.
തുടർച്ചയായി കുട്ടനാടിനെ പ്രതിനിധാനം ചെയ്യുന്ന എം.പി നെൽകർഷകർക്ക് താങ്ങാവുന്ന തരത്തിൽ മെച്ചപ്പെട്ടിട്ടില്ലെന്ന് കർഷകർ ഒരേസ്വരത്തിൽ പറഞ്ഞു. കുട്ടനാട് പാക്കേജ് താളം തെറ്റിച്ചതിൽ ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും വലിയ പങ്കുണ്ട്.
പാക്കേജ് യഥാവിധം നടന്നിരുന്നേൽ കുട്ടനാട് മെച്ചപ്പെടുമായിരുന്നുവെന്ന് കുഞ്ഞപ്പൻ ആവർത്തിച്ച് പറഞ്ഞു.സംസ്ഥാന ഭരണം മാറണം പിണറായി വിജയനെക്കൊണ്ട് ഒരു പ്രയോജനം കർഷകർക്കില്ലാത്ത സ്ഥിതിയാണ് അതുവരെ ചർച്ചയിൽ മിണ്ടാതിരുന്ന ജോസി തുറന്നടിച്ചു.
അന്നത്തിനായി പണിയെടുക്കുന്നവരുടെ പ്രശ്നങ്ങൾ കാണാത്തവർ മറ്റ് എന്ത് ചെയ്തിട്ട് എന്ത് കാര്യം ജോസി പൊട്ടിത്തെറിച്ചു.
രണ്ടാം പിണറായി സർക്കാറാണ് നെൽകർഷകരുടെ നട്ടെല്ലൊടിച്ചതെന്ന് കുഞ്ഞപ്പൻ പറഞ്ഞ് നിർത്തി.സമുദ്ര നിരപ്പിൽനിന്ന് താഴ്ന്ന പ്രദേശമാണ് കുട്ടനാട്.
വെള്ളവും നെല്ലുമാണ് അത്താണി. മറ്റ് സ്ഥലങ്ങളിൽ കാണിക്കുന്ന ചെപ്പടിവിദ്യകൾ ഭരണവർഗം കുട്ടനാടിനോട് കാണിച്ചാൽ വലിയ തിരിച്ചടിയുണ്ടാകും കുട്ടനാടിന്റെ ഭൂപ്രകൃതി മനസ്സിലാക്കി ചിന്തിക്കാനും പ്രവർത്തിക്കാനും ഭരണ ഉദ്യോഗസ്ഥ തലങ്ങൾക്ക് കഴിയണമെന്ന് രഘു പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും കണക്കാണ് കുട്ടനാടിനുവേണ്ടി എന്തെങ്കിലും കൊണ്ടുവന്നാൽ അത് പ്രത്യേക പാക്കേജാക്കണം രഘു ഇത് പറഞ്ഞപ്പോൾ കുഞ്ഞപ്പനും ദേവദാസും ജോസിയും പറഞ്ഞു അതേ അതാണ് സത്യം.
ഞങ്ങൾക്ക് പണിക്കിറങ്ങട്ടെ ഇല്ലെങ്കിൽ പണിപാളും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.