പുതുവോട്ടർമാർക്കുമുണ്ട് കർക്കശ്ശ നിലപാട്
text_fieldsതെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തുമ്പോൾ പുതിയ വോട്ടർമാർക്കും വ്യക്തമായ അഭിപ്രായങ്ങളും നിലപാടുമുണ്ട്. കന്നിവോട്ടിന്റെ ഹരവും വോട്ടെടുപ്പിൽ പങ്കാളികളാകുന്നതിന്റെ ഗൗരവവുമെല്ലാം അവർ മാധ്യമവുമായി പങ്കുവെച്ചു. ആലപ്പുഴ മണ്ഡലത്തിന്റെ ഭാഗമായ മണ്ണഞ്ചേരിയിൽ ചർച്ചയിൽ ഏർപെട്ടവരിൽ ആദ്യമായി വോട്ടുചെയ്യുന്നവരും രണ്ടാം തവണ വോട്ടുചെയ്യുന്നവരുമുണ്ട്. വോട്ട് പ്രക്രിയയിലെ തുടക്കക്കാരാണെങ്കിലും അവർക്കും പറയാനുണ്ട് അവരുടേതായ വിലയിരുത്തൽ.
സംസ്ഥാന ഭരണം എങ്ങനെ എന്നതായിരുന്നു ആദ്യചർച്ച. ഭരണത്തിൽ കുഴപ്പമില്ലെന്നും സാധാരണക്കാരെ ചേർത്തുപിടിച്ച ഭരണമാണ് ഉള്ളതെന്നും നിരവധി പേർക്ക് തൊഴിൽ നൽകിയ സർക്കാറാണ് ഭരിക്കുന്നതെന്നുമാണ് ബി.ടെക് വിദ്യാർഥിയായ ആരിഫിന്റെ അഭിപ്രായം. സർക്കാർ വൻ പരാജയമാണെന്നാണ് ഓട്ടോ ഡ്രൈവറായ ഷിഹാസിന്റെ പക്ഷം. വില വർധന നിത്യജീവിതത്തെ ബാധിച്ചു. ശമ്പളം ഉൾപ്പെടെ മുടങ്ങുന്ന അവസ്ഥയാണ് ഇപ്പോൾ. ഇതിൽപരം എന്ത് പരാജയമാണ് ഇനിവരാൻ ഉള്ളതെന്ന് ഷിഹാസ് ചോദിക്കുന്നു. ക്ഷേമപെൻഷൻ ഉൾപെടെ വർധിപ്പിച്ചെന്നും സർക്കാറിന് ഇക്കാര്യത്തിൽ പരിമിതിയുണ്ടെന്നും ആഷിഖ് ഇടയിൽ കേറി.
രണ്ടാം പിണറായി സർക്കാർ പ്രതീക്ഷക്കൊത്ത് ഉയർന്നില്ല. വിലവർധന സാധാരണക്കാരന്റെ ജീവിതത്തെ നേരിട്ട് ബാധിച്ചുവെന്നും മുഹമ്മദ് കോവൂർ പറയുന്നു. കേരള ഭരണം അത്രക്ക് പോരാ എന്നാണ് ഷിഫ്നാസ് പറയുന്നത്. പെൻഷൻ മുടങ്ങിയത് സാധാരണക്കാരുടെ ജീവിതത്തെ താളംമറിച്ചു. യുവജനങ്ങൾക്ക് പ്രതീക്ഷ നൽകുന്ന പുതിയ സംരംഭമോ തൊഴിലവസരമോ ഉയർന്നു വരുന്നില്ല. കേരളത്തിന്റെ സാമ്പത്തിക സ്ഥിതി താഴേക്ക് പോകുന്നത് ഭരണപരാജയമാണെന്നും ഷിഫ്നാസ് പറയുന്നു. സർക്കാറിനോ എം.പിക്കൊ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ആലപ്പുഴയുടെ ഏറ്റവും വലിയ ശാപമായ കുടിവെള്ള പ്രശ്നത്തിന് പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ലെന്നും പ്രവാസിയായ ഷിനാജ് പറയുന്നു.
ഇങ്ങനെ പോര വികസനം
താൻകൂടി ഉൾപെടുന്ന മണ്ണഞ്ചേരി പഞ്ചായത്തും സമീപങ്ങളും കുടിവെള്ളത്തിന് കേഴുകയാണ്. ജപ്പാൻ കുടിവെള്ള പദ്ധതി മണ്ണഞ്ചേരി പഞ്ചായത്ത് പ്രദേശത്തേക്ക് നീട്ടിയാലേ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയൂ. ആലപ്പുഴയിലെ ടൂറിസം വികസനം ഇന്നും സ്വപ്നമായി നിൽകുന്നു. ആലപ്പുഴ മൊബിലിറ്റി ഹബ് എങ്ങും എത്തിയില്ല.
ഇ.എം.എസ് സ്റ്റേഡിയം ഇന്നും പഴയപടിയിൽ തന്നെ. ഇച്ഛാശക്തിയുള്ള ഒരു സംവിധാനം വന്നാലേ ഇതിന് പരിഹാരമാകൂ. ഷിനാജിന്റെ വാക്കുകൾക്ക് കൂടുതൽ മൂർച്ചയേറിയത് കൊണ്ടാകും ബാക്കിയുള്ളവരും സമാന അഭിപ്രായം തന്നെയാണ് പറഞ്ഞത്. യുവാക്കളെ പിടിച്ചു നിർത്താൻ പറ്റുന്ന പദ്ധതികളോ സംരംഭമോ ഇല്ല എന്നതാണ് കേരളത്തിന്റെ പ്രധാന പ്രശ്നം എന്നാണ് ഐ.ടി മേഖലയിൽ ജോലി ചെയ്യുന്ന സാബിത്തിന്റെ പരാതി. അടിസ്ഥാന വിദ്യാഭ്യാസ വിഷയത്തിൽ കേരളം മുന്നിലാണെങ്കിലും ഉന്നത വിദ്യാഭ്യാസ രംഗത്തെ പരിമിതികൾ കേരളത്തിലെ യുവാക്കളെ പിന്നോട്ടടിക്കുന്നു.
ടാലന്റുള്ള കുട്ടികൾ കേരളം വിട്ട് പുറത്തേക്ക് പോകുന്ന പ്രവണത കൂടി. ഐ.ടി മേഖലകളിൽ ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങൾ ആർജിച്ച നേട്ടം നമ്മുക്ക് ഇതുവരെ നേടാൻ കഴിഞ്ഞിട്ടില്ല എന്നത് യഥാർഥ്യമാണെന്ന് സാബിത് പറയുന്നു. ഇതേ അഭിപ്രായമാണ് ഡിഗ്രി വിദ്യാർഥിയായ ആഷിക്കിനും. യുവാക്കൾക്ക് പ്രാതിനിധ്യമുള്ള സർക്കാറുകൾ അധികാരത്തിൽ വരണം. യുവതക്ക് പ്രതീക്ഷ നൽകുന്ന ഒന്നും ഇരു സർക്കാറും ചെയ്യുന്നില്ല. ജനങ്ങൾക്കൊപ്പം നിൽക്കുന്ന സർക്കാറാണ് ഇന്നിന്റെ ആവശ്യമെന്ന് ദറസ് വിദ്യാർഥിയായ ഷുഹൈബും സാജിദും പറയുന്നു.
മാറണോ എം.പി?
നിലവിലുള്ള എം.പി മാറണമെന്നും തുടരട്ടെയെന്നും അഭിപ്രായങ്ങളുയർന്നു. അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ കഴിവുള്ള, പൗരന്മാരെ ഒന്നായി കാണാൻ കഴിയുന്നവർ കേന്ദ്രത്തിൽ അധികാരത്തിൽ വരട്ടെ എന്നാണ് ആരിഫ് പറയുന്നത്. ആലപ്പുഴയുടെ ശബ്ദം പാർലമെന്റിൽ അവതരിപ്പിക്കാൻ നിലവിലെ എം.പിക്ക് ആയിട്ടുണ്ട്.
ആലപ്പുഴയുടെ വികസനകുതിപ്പിന് എം.പി എന്ത് സംഭാവന നൽകിയെന്നാണ് ഷിജാസിന്റെ ചോദ്യം. കേന്ദ്രത്തിൽ മതേതര സർക്കാർ ഭരണത്തിൽ വരണം അതിന് യു.ഡി.എഫ് വിജയിക്കേണ്ടത് അനിവാര്യമാണ്. ഗ്യാസിന്റെയും പെട്രോളിന്റെയും വില കുറക്കുമെന്ന് പറഞ്ഞ് അധികാരം കൈയാളിയവർ കോർപറേറ്റുകൾക്ക് സമ്പത്ത് തീറെഴുതി കൊടുക്കുകയാണ്. മതേതര ജനാധിപത്യ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരണമെന്നും ഷിഹാസ് പറയുന്നു. നിലവിൽ ലോക്സഭയിൽ എൽ.ഡി.എഫോ, യു.ഡി.എഫോ ജയിച്ചാൽ കുഴപ്പമില്ല. കാരണം ഇവർ രണ്ടുപേരും ഉയർത്തുന്ന മുദ്രാവാക്യം ഒന്നാണെന്നാണ് മുഹമ്മദ് പറയുന്നത്.കേന്ദ്രത്തിൽ ഇൻഡ്യ മുന്നണി അധികാരത്തിൽ വരണം. ജാതി-മത-വർഗ - വർണ വ്യത്യാസങ്ങൾക്ക് ഉപരിയായി എല്ലാവരെയും ഒരുപോലെ കാണുന്ന ഒരു ഭരണമാണ് ആവശ്യം. മറ്റു രാജ്യങ്ങൾ വികസന കുതിപ്പ് നടത്തുമ്പോൾ ഇവിടെ കഴിക്കുന്ന ആഹാരത്തെച്ചൊല്ലി മനുഷ്യനെ കൊല്ലുന്ന സ്ഥിതിയാണുള്ളത്. ഇതിന് മാറ്റം വരണം. പഴയ മതേതര ഇന്ത്യ വീണ്ടെടുക്കണം.
ഗാന്ധിയും നെഹ്റുവും വിഭാവന ചെയ്ത രാജ്യം പുനഃസൃഷ്ടിക്കണം. ഇല്ലാത്ത വികസനം ഉണ്ടെന്ന് കാട്ടി ജനത്തെ കബളിപ്പിക്കുകയാണ്, കേന്ദ്രസർക്കാറിനെതിരെ ഷിഫ്നാസിന് നൂറുനാവ്. ഴിമതിയാണ് കേന്ദ്ര ഭരണത്തിന്റെ മുഖമുദ്രയെന്ന് ആഷിക്. കുടിവെള്ളം പോലുള്ളവ കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ജനപ്രതിനിധികൾക്ക് കഴിയണം.രാജ്യത്തെ എല്ലാവരെയും ഒന്നായി കണ്ടുകൊണ്ടുള്ള വികസനമാണ് ഉണ്ടാകേണ്ടത്. അതിന് ജനാധിപത്യ മതേതര സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരണം അതിനാണ് ഞങ്ങളുടെ വോട്ടെന്നും ശുഹൈബും സജിദും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.