അരൂരിൽ കടുത്ത പോരാട്ടം
text_fieldsഅരൂർ: അരുരുകാരുടെ മാനസ പുത്രനാണ് എ.എം. ആരിഫ്. കെ.സി. വേണുഗോപാൽ ദേശീയ നേതാവും. ബി.ജെ.പിയുടെ ശോഭ സുരേന്ദ്രനും പ്രചാരണം സജീവമാക്കിയതോടെ അരൂരിൽ പോരാട്ടം വാശിയേറി. അരൂരിന്റെ എം.എൽ.എയായിരുന്നപ്പോൾ മത്സരിച്ചാണ് 2019ൽ എ.എം.ആരിഫ് എം.പി ആയത്. അതുകൊണ്ടുതന്നെ അരൂർ ആർക്കൊപ്പമെന്നറിയാൻ ആലപ്പുഴ ലോക്സഭാ മണ്ഡലമാകെ കൗതുകത്തോടെ അന്വേഷിക്കുകയാണ്. 2019ൽ നിയമസഭയിലേക്കുള്ള ഒഴിവിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഷാനിമോൾ ഉസ്മാനെ വിജയിപ്പിക്കാൻ അരൂർ മനസ്സുകാട്ടി. 69,356 വോട്ടുകൾ ഷാനി മോൾക്ക് ലഭിച്ചപ്പോൾ 67,277 വോട്ടുകളാണ് സി.പി.എമ്മിലെ മനു സി.പുളിക്കലിന് ലഭിച്ചത്. ൽ 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.എമ്മിലെ ദലീമയെ വിജയിപ്പിക്കാനും അരൂർ തയാറായി. നിയമസഭ മണ്ഡലം രൂപപ്പെടുന്ന കാലം മുതൽ ഗൗരിയമ്മയെ വിജയിപ്പിക്കാൻ ഇടതിനോട് ചേർന്നുനിന്ന അനുഭവമാണ് അരൂരിനുള്ളത്. ഗൗരിയമ്മ സി.പി.എമ്മിൽ നിന്നും പുറത്തായപ്പോൾ അരൂർ യു.ഡി.എഫിന് ഒപ്പം നിന്നു. ആ തുടർച്ച ഭേദിച്ചത് എ.എം. ആരിഫ് ഇടതു സ്ഥാനാർഥിയായപ്പോഴാണ്.
ഇടതിനെയും വലതിനെയും അവസരോചിതമായി പിന്തുണച്ച പാരമ്പര്യം ഉള്ളതുകൊണ്ടുതന്നെ ഇപ്പോഴത്തെ അവസരം ആർക്കൊപ്പം എന്ന പ്രവചനം അസാധ്യമാക്കുന്നു. രണ്ടാം തവണ ലോക്സഭയിലേക്ക് ജനവിധി തേടുന്ന എ.എം.ആരിഫിന് പരിഷ്കരിച്ച പുതിയ മണ്ഡലത്തെ പരിചയപ്പെടുത്തേണ്ട കാര്യമില്ല. വോട്ടർമാർക്കും സ്ഥാനാർഥി സുപരിചിതൻ. തെരഞ്ഞെടുപ്പുകളിലൊന്നും തോൽവി അറിയാത്ത നേതാവ്. മുന്നണിയുടെ പ്രചാരണത്തിനൊപ്പം സമാന്തര പ്രചാരണ സംവിധാനം. വോട്ടർമാരുടെ മനസ്സ് കീഴടക്കുന്ന വ്യക്തിപ്രഭാവം. അങ്ങനെ പെട്ടെന്ന് ആരിഫിനെ എഴുതിത്തള്ളാൻ വോട്ടർമാർക്ക് കഴിയില്ല എന്നു തന്നെയാണ്, ആരിഫിനൊപ്പം ഇടത് നേതാക്കളും കരുതുന്നത്.
കെ.സി.വേണുഗോപാലിന്റെ സ്ഥാനാർഥിത്വം വൈകിയാണ് പ്രഖ്യാപിച്ചതെങ്കിലും അരൂരിൽ പ്രചാരണം എൽ.ഡി.എഫിന് ഒപ്പം എത്തിക്കാൻ കഠിന പരിശ്രമത്തിലാണ് പ്രവർത്തകർ. ആലപ്പുഴയിൽ കഴിഞ്ഞ തവണ കെ.സി. വേണുഗോപാൽ പിൻമാറിയപ്പോൾ നിരാശയിലായത് യു.ഡി.എഫ് പ്രവർത്തകരാണ്. നിന്നിരുന്നെങ്കിൽ 20ൽ 20ഉം നേടാൻ കഴിയുമായിരുന്നെന്ന് യു.ഡി.എഫ് പ്രവർത്തകർ പറയുന്നു. എന്താണെങ്കിലും ആ കണക്ക് തീർക്കാനുള്ള അവസരമായി യു.ഡി.എഫ് ഈ തെരഞ്ഞെടുപ്പിനെ കാണുകയാണ്. ആലപ്പുഴയെ ഇത്രയധികം തൊട്ടറിഞ്ഞ മറ്റൊരു നേതാവില്ലെന്ന് കോൺഗ്രസ് പറയുന്നു. എല്ലാ കാര്യത്തിലും ഇരുമുന്നണിക്കും ഒപ്പത്തിനൊപ്പമെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. പ്രചാരണത്തിൽ ഒപ്പം എത്താൻ ശോഭാ സുരേന്ദ്രന് കഴിഞ്ഞിട്ടുണ്ട്. പോരാട്ട വീര്യം ശരിക്കും പ്രകടിപ്പിച്ചു തന്നെയാണ് ശോഭാ സുരേന്ദ്രൻ ആലപ്പുഴയിൽ മത്സരിക്കുന്നത്.
എട്ട് പഞ്ചായത്തിൽ ഭരണം എൽ.ഡി.എഫിന്
അരൂർ, എഴുപുന്ന കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ, തൈക്കാട്ടുശ്ശേരി, പള്ളിപ്പുറം, പാണാവള്ളി, അരൂക്കുറ്റി, പെരുമ്പളം എന്നീ പത്ത് പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് അരൂർ നിയോജക മണ്ഡലം. ഇതിൽ എട്ട് പഞ്ചായത്തുകളും എൽ.ഡി.എഫ് ഭരണനേതൃത്വം കൊടുക്കുന്നവയാണ്. കോടം തുരുത്തിൽ ബി.ജെ.പിയെ ഭരണനേതൃത്വത്തിൽ നിന്നും മാറ്റി നിർത്താൻ കോൺഗ്രസിനോട് ചേർന്ന് ഭരിക്കുന്നു. തുറവൂർ മാത്രമാണ് കോൺഗ്രസ് ഒറ്റക്ക് ഭരിക്കുന്ന പഞ്ചായത്ത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.