അരികിലുണ്ടെന്നറിയിച്ച് ആരിഫ്
text_fieldsആലപ്പുഴ: രാവിലെ 8.30 ആയിട്ടേയുള്ളൂ. അന്തരീക്ഷം ചൂട് പിടിച്ചിരുന്നില്ല. എങ്കിലും എൽ.ഡി.എഫ് പ്രവർത്തകർ സ്വീകരണ പരിപാടി കേമമാക്കുന്നതിനുള്ള ചൂട് പിടിച്ച പ്രവർത്തനങ്ങളിലായിരുന്നു. ആലപ്പുഴ നിയോജക മണ്ഡലത്തിലെ സ്വീകരണ പരിപാടികളുടെ തുടക്കം പൂങ്കാവ് പള്ളിക്ക് സമീപത്തു നിന്നായിരുന്നു.
മണ്ഡലത്തിലെ സ്വീകരണ പരിപാടികളുടെ അമരക്കാരൻ പി.പി. ചിത്തരഞ്ജൻ എം.എൽ.എയും അഡ്വ. ആർ. ജയസിംഹനും സന്നിഹതരാണ്. അവർ പ്രവർത്തകരുമായി ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തുന്നു. സഖാക്കളുമായി കുശലം പറച്ചിലും ക്ഷേമാന്വേഷണങ്ങളുമായി നിൽക്കുന്നു. എത്തുന്നവർക്കെല്ലാം സ്ഥാനാർഥിക്ക് സമ്മാനിക്കാൻ റോസാപൂക്കൾ ഏൽപ്പിച്ചു. എല്ലാവരെയും കസേരകളിൽ ഇരുത്തുന്നു.
ഒരു പ്ലാവ് മരത്തിന്റെ തണലിലായിരുന്നു വേദി. ഉദിച്ചുയരുന്ന സൂര്യന്റെ ചരിഞ്ഞ രശ്മികളായതിനാൽ മരത്തണൽ വേദിക്ക് മുന്നിൽ നിരത്തിയിട്ട കസേരകളിലേക്കും വ്യാപിച്ചിരുന്നു. തണലുള്ളതിനാൽ എല്ലാവരും കസേരകളിലിരുന്നു. സ്പീക്കറുകൾ വച്ച് കെട്ടിയ അനൗൺസ്മെന്റ് വാഹനങ്ങളും അകമ്പടി വാഹനങ്ങളുമെല്ലാം തയാറായി നിന്നു.
രാവിലെയായതിനാൽ പ്രവർത്തകരും സ്വീകരിക്കാനെത്തിയവരുമെല്ലാം നല്ല ഉഷാറിലായിരുന്നു. സ്ഥാനാർഥി എത്തും മുമ്പ് യോഗം തുടങ്ങി. രാഷ്ട്രീയ വിശദീകരണങ്ങളുമായി പ്രദേശത്തെ നേതാവ് പ്രസംഗിച്ചു നിൽക്കവെ ഒമ്പത് ആയപ്പോഴേക്കും സ്ഥാനാർഥിയെത്തി. കസേരകളിൽ ഇരുന്നവരെല്ലാം എഴുന്നേറ്റ് ആവേശം അണപൊട്ടിയ നിലയിൽ മുദ്രാവാക്യം വളികളോടെ ആരിഫിനെ എതിരേറ്റു.
വന്നപാടെ ആരിഫിനെ സംസാരിക്കാൻ ക്ഷണിച്ചു. രാവിലത്തെ പരിപാടിയായതിനാൽ സ്ഥാനാർഥിയും നല്ല ഉഷാറിലായിരുന്നു. പാർലമെന്റിൽ താൻ നടത്തിയ പ്രവർത്തനങ്ങളും നടപ്പാക്കിയ വികസന പ്രവർത്തനങ്ങളും വിവരിക്കുന്നതായിരുന്നു പ്രസംഗം. എതിരാളിയായ കെ.സി വേണുഗോപാലിന്റെയും തന്റെയും ഹാഷ്ടാഗുകളെ സൂചിപ്പിച്ച് ആരിഫ് ഇങ്ങനെ പറഞ്ഞു:
ഹൃദയത്തിലുണ്ട് എന്ന് പറഞ്ഞിട്ട് ആള് എവിടെങ്കിലുമായിരുന്നാൽ കാര്യങ്ങൾ നടക്കില്ല. എല്ലാം നടത്തിയെടുക്കണമെങ്കിൽ അരികിലുണ്ടാകണം. വികസന പദ്ധതികൾ നടക്കണമെങ്കിൽ എത്ര ഓഫിസുകൾ കയറിയിറങ്ങണം. അതിനായി ആള് കൂടെ നടന്നെങ്കിലേ പദ്ധതി യാഥാർഥ്യമാകൂ. ജനങ്ങളുടെ കാര്യങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കാൻ പറഞ്ഞ് വിട്ടതനുസരിച്ച് അതെല്ലാം ചെയ്യാനായി.
തുടങ്ങി 10 മിനിട്ടിലേറെ പ്രസംഗം നീണ്ടു. ഒടുവിൽ ഇന്ത്യയുടെ പാർലമെന്റിൽ കേരളത്തിനു വേണ്ടി വാദിക്കാനും പറയാനും ഒരസവരംകൂടി നൽകണമെന്ന് ഞാൻ നിങ്ങളുടെ മുന്നിൽ വിനീതമായി അഭ്യർഥിക്കുകയാണ്. നിങ്ങളെന്നെ ആശീർവദിക്കണം സഹായിക്കണം എന്നു പറഞ്ഞു. അപ്പോൾ പ്രസംഗം അവസാനിപ്പിക്കുകയാണെന്ന് കരുതി. പക്ഷേ, ആരിഫ് പിന്നെയും പ്രസംഗിക്കാൻ മുതിർന്നു.
തണലും ചൂടുകുറഞ്ഞ അന്തരീക്ഷവുമായിരുന്നതിനാൽ അദ്ദേഹം നല്ല പ്രസംഗ മൂഡിലായിരുന്നു. അപ്പോഴേക്കും പാർട്ടി പ്രവർത്തകരിൽ ഒരാളെത്തി സമയം ഒരുപാടായി എന്ന് ഓർമപ്പെടുത്തി. എന്നിട്ടും അദ്ദേഹം കുറെ കാര്യങ്ങൾ കൂടി പറഞ്ഞു. പിന്നീട് സ്വീകരണം.
തുടർന്ന് പാതിരപ്പള്ളി കരിങ്ങാട്ടു കുഴിയിലെ അടുത്ത സ്വീകരണ സ്ഥലത്തേക്ക് യാത്ര തിരിച്ചു. കൈവീശി എല്ലാവരെയും അഭിവാദ്യം ചെയ്ത് ചെമ്പട്ടണിയിച്ചതുപോലെ ചുവപ്പ് നിറം പൂശിയ തുറന്ന ജീപ്പിൽ കയറി യാത്ര തിരിച്ചു. അനൗൺസ്മെന്റുമായി പൈലറ്റ് വാഹനം മുന്നിൽ നീങ്ങി.
പൈലറ്റ് വാഹനം എത്തിയപ്പോഴേക്കും മാലപടക്കത്തിന് തീകൊടുത്തു. അവിടെയും സ്ത്രീകളടക്കം വലിയാരു വൃന്ദം സ്ഥാനാർഥിയെ കാത്തുനിന്നു. കട്ടൻ പറമ്പ് ക്ഷേത്രത്തിന് സമീപം, കാട്ടൂർ ജോസഫ് സ്മാരകം, ത്രിവേണി ജങ്ഷൻ അങ്ങനെ പര്യടനം നീണ്ടു. എല്ലായിടത്തും പറയേണ്ട കാര്യങ്ങൾ കൃത്യമായി പറഞ്ഞുകൊണ്ടാണ് നീങ്ങിയത്. പാർലമെന്റിൽ താൻ ഒറ്റപ്പെട്ടുപോയ സന്ദർഭം അദ്ദേഹം എല്ലായിടത്തും വിവരിച്ചു.
പാവപ്പെട്ടവർക്ക് പെൻഷൻ കൊടുക്കാനുള്ള പൈസയെങ്കിലും കേരള സർക്കാറിന് കൊടുക്ക് എന്ന് പറഞ്ഞപ്പോൾ എന്റെ കൂടെ കൂടേണ്ടവരല്ലേ യു.ഡി.എഫ് എം.പിമാർ. അവർ മിണ്ടിയില്ല. ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീര് കണ്ടാൽ മതിയെന്ന നിലപാടായിരുന്നു അവരുടേത്. സംസ്ഥാന സർക്കാറിനെ ആരേലും നാല് ചീത്തപറയുന്നത് കേൾക്കാനാണ് അവർക്ക് താൽപര്യമെന്നും ആരിഫ് കുറ്റപ്പെടുത്തി.
24 സ്വീകരണങ്ങളാണ് ആലപ്പുഴ നിയോജക മണ്ഡലത്തിൽ ഞായറാഴ്ച ഉണ്ടായിരുന്നത്. മാമ്മൂട് - പാക്കള്ളി, സർഗ ജംഗ്ഷന് സമീപം തുടങ്ങി സമാപന സ്ഥലമായ കൃഷ്ണപിള്ള ജംഗ്ഷനിൽ എത്തിയപ്പോഴേക്കും രാത്രി ഏറെ വൈകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.