ജസീമിന് നല്കിയ വാക്ക് പാലിച്ച് എം.എ. യൂസഫലി; ഇലക്ട്രിക് വീല്‍ചെയര്‍ വീട്ടിൽ എത്തിച്ചു
text_fieldsആലപ്പുഴ: ജന്മന വൈകല്യം ബാധിച്ച ജസീമിന് നല്കിയ വാക്ക് പാലിച്ച് ലുലു ഗ്രൂപ് ചെയര്മാന് എം.എ. യൂസഫലി. ഇലക്ട്രിക് വീല്‍ചെയര്‍ വേണമെന്ന ജസീമിന്റെ ആഗ്രഹം എം.എ. യൂസഫലി ഉടന്‍ സാധിച്ചുനല്കി. ജന്മന സെറിബ്രല്‍പാൾസി ബാധിച്ച ഹരിപ്പാട് മുട്ടം നൈസാം മന്‍സിലില്‍ ജസീം മുഹമ്മദിനാണ് ലുലു ഗ്രൂപ് ചെയര്മാന് എം.എ. യൂസഫലിയുടെ സ്വാന്തന ഹസ്തമെത്തിയത്.
ഇരട്ടകളായി ജനിച്ച ജസീന് സഹോദരനെപ്പോലെ നടക്കാന്‍ സാധിച്ചിരുന്നില്ല. പരിശോധനയിലാണ് സെറിബ്രല്പാൾസിയാണെന്ന് കണ്ടെത്തുന്നത്. പിന്നാലെ ജസീമിനെ മാതൃസഹോദരനായ അബ്ദുള്‍ മനാഫ് വളര്‍ത്തുകയായിരുന്നു. നടുവട്ടം വൊക്കേഷനല്‍ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പ്ലസ് ടു വിദ്യാഭ്യാസം ജസീം സ്വന്തമാക്കി. ഇലക്ട്രിക് വീല്‍ ചെയര്‍ ലഭിച്ചാല്‍ പരസഹായം ഇല്ലാതെ തനിക്ക് സ്വന്തമായി ചലിക്കാം എന്നതായിരുന്നു 23കാരന് ജസീമിന്റെ ആഗ്രഹം. പിന്നാലെയാണ് സഹായം അഭ്യർഥിച്ച് എം.എ. യൂസഫലിക്ക് മെയില്‍ അയക്കാന്‍ മാതൃസഹോദരന്‍ അബ്ദുള്‍ മനാഫ് തീരുമാനിക്കുന്നത്. മറുപടിയുമായി ജസീമിന്റെ അവസ്ഥ അറിയാന്‍ ലുലു പ്രതിനിധികളും എത്തി.
ഹരിപ്പാട് സബര്‍മതി സ്കൂള്‍ സന്ദര്‍ശന വേളയില്‍ ജസീമിനെ യൂസഫലി നേരില്‍ കണ്ടതും ഭാഗ്യമായി. ഇലക്ട്രിക്ക് വീല്‍ചെയര്‍ വീട്ടിലെത്തും നീ ധൈര്യമായി ഇരുന്നോ എന്നായിരുന്നു ജമീമിന്റെ തോളില്‍ തട്ടി എം.എ. യൂസഫലി മറുപടി നല്‍കിയത്. കഴിഞ്ഞ ദിവസം ലുലു മീഡിയ ഇന്ത്യ ഹെഡ് എന്‍.ബി സ്വരാജ് ലുലു ഗ്രൂപ് ചെയര്‍മാന്റെ നിര്‍ദേശപ്രകാരം വീട്ടിലെത്തി പുതിയ ഇലക്ട്രിക് വീല്‍ചെയര്‍ കൈമാറി. ബിസിനസോ ഉപജീവനമോ നടത്താന്‍ ഈ വീല്ചെയര്കൊണ്ട് സാധിക്കുമെന്നും യൂസഫലി സാറിനോട് നന്ദിയുണ്ടെന്നും ജസീം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.