മാലിന്യമുക്തം നവകേരളം; ജില്ലയില്‍ പിഴ ചുമത്തിയത് 43.48 ലക്ഷം
text_fieldsആലപ്പുഴ: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായി 2024 ഏപ്രില്‍ മുതൽ ഇതുവരെ ജില്ലയിലെ വിവിധ മാലിന്യ സംസ്കരണ നിയമ ലംഘനങ്ങൾക്ക് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ സ്ക്വാഡുകൾ പിഴ ചുമത്തിയത് 43,48,329 രൂപ. ഇതിൽ 19,37,372 രൂപ പിഴയായി ഈടാക്കി.
ജില്ലയിൽ ഈ കാലയളവിൽ 2062 പരിശോധനയാണ് നടത്തിയത്. വരുംദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് എൽ.എസ്.ജി.ഡി ജില്ല ജോയന്റ് ഡയറക്ടർ എസ്. ശ്രീകുമാർ പറഞ്ഞു.
മാർച്ച് 30നുള്ളിൽ സമ്പൂർണ മാലിന്യമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലും ജില്ലതലത്തിലും ഇന്റേണല്‍ വിജിലൻസ് ഓഫിസർ തലത്തിലും എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ സ്ക്വാഡുകൾ ജില്ലയിലുടനീളം സർക്കാർ സ്ഥാപനങ്ങൾ, വ്യവസായശാലകൾ, ആശുപത്രികൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തിവരുകയാണ്.
കരിയില അടക്കമുള്ള പാഴ്വസ്തുക്കൾ കത്തിക്കുന്നതും സ്ഥാപനങ്ങളും വീടും പരിസരവും വൃത്തിയില്ലാതെ സൂക്ഷിക്കുന്നതും നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിൽക്കുന്നതും കൈവശംവെക്കുന്നതും ജലാശയങ്ങളിൽ മാലിന്യം തള്ളുന്നതും കണ്ടെത്തിയല്‍ പിഴചുമത്തും. മാലിന്യം തള്ളലോ മാലിന്യകേന്ദ്രമോ കണ്ടെത്തിയാൽ പൊതുജനങ്ങൾക്ക് വിവരം അറിയിക്കാൻ 9446700800 എന്ന വാട്സ്ആപ് നമ്പർ സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.
മാലിന്യ സംസ്ക്കരണ നിയമലംഘനങ്ങൾ കണ്ടെത്തി ചിത്രം സഹിതം ഈ വാട്സ്ആപ് നമ്പറിലേക്ക് അയച്ചാല്‍ സമ്മാനം ലഭിക്കുമെന്നും മാലിന്യമുക്ത പൊതുവിടങ്ങൾ സൃഷ്ടിക്കുന്നതിന് കാരണക്കാരാകാന്‍ ഇതിലൂടെ ഓരോ പൗരനും സാധിക്കുമെന്നും എൽ.എസ്.ജി.ഡി ജോയന്റ് ഡയറക്ടർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.