പീഡനക്കേസിൽ ശിക്ഷിച്ചയാളെ പുറത്താക്കണം; ട്രാൻസ്ജെൻഡേഴ്സ് മാർച്ചിൽ സംഘർഷം
text_fieldsട്രാൻസ്ജെൻഡർ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ റോഡിൽ കിടന്ന് പ്രതിഷേധിക്കുന്ന പ്രവർത്തകർ
ആലപ്പുഴ: പീഡനക്കേസിൽ ശിക്ഷിച്ച ഇടതുപക്ഷ സംഘടനയിൽ ഉൾപ്പെട്ടട്രാൻസ്ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ട്രാൻസ്ജെൻഡർ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.
ഗേറ്റിന് മുന്നിൽ പൊലീസ് ഉപരോധം തീർത്തതോടെ നിലത്തുകിടന്ന പ്രതിഷേമുയർത്തിയരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. ഡി.സി.സി ഓഫിസിൽനിന്ന് പ്രകടനമായെത്തിയ എട്ടോളംപേരെ പൊലീസ് തടഞ്ഞു. തുടർന്ന് പ്രതിഷേധ മുദ്രാവാക്യമുയർത്തി കനത്തവെയിൽ അവഗണിച്ച് നടുറോഡിൽ കിടന്ന് ഉരുണ്ടവരെ പൊലീസ് വാഹനത്തിൽ കയറ്റി.
ട്രാൻസ്ജെൻഡർ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഗ രഞ്ജിനി, സംസ്ഥാന രക്ഷാധികാരി അരുണിമ എം. കുറുപ്പ്, വൈസ് പ്രസിഡന്റ് അന്ന രാജു, സംസ്ഥാന സെക്രട്ടറി അദ്വിക, അമയ പ്രസാദ്, ജില്ല പ്രസിഡന്റ് ശിവ എസ്. മുരളീധരൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
പീഡനക്കേസിൽ പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായി ജയിൽശിക്ഷ അനുവഭിച്ച ആലപ്പുഴ ട്രാൻസ്ജെന്റർ ബോർഡ് അംഗമായ ഋഗ്വവേദിനെ പുറത്താക്കണമെന്നായിരുന്നു പ്രധാന ആവശ്യം. ജസ്റ്റിസ് ബോർഡ് അംഗവും ചെയർമാനുമായ കലക്ടറെ കണ്ടശേഷം മാത്രമേ മടങ്ങുവെന്ന് പ്രഖ്യാപിച്ച് മുദ്രവാക്യംവിളിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. കലക്ടർ സംരക്ഷിക്കുന്ന പ്രതിയായ ആളെ ബോർഡിൽ നിലനിർത്താനുള്ള നീക്കത്തിനെതിരെ വരുംദിവസങ്ങളിൽ ജില്ല കലക്ടറേറ്റുകളിലേക്കും മന്ത്രി മന്ദിരങ്ങളിലേക്കും മാർച്ച് നടത്തുമെന്ന് ട്രാൻസ്ജെൻഡർ പ്രവർത്തകർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.