സ്കൂട്ടറിൽ ബൈക്കിടിച്ചുവീഴ്ത്തി സ്വർണമാല കവർന്ന കേസിലെ പ്രതികൾ പിടിയിൽ
text_fieldsമണ്ണഞ്ചേരി: സ്കൂട്ടർ യാത്രികയെ ബൈക്കിൽ പിന്തുടർന്ന് ഇടിച്ചുവീഴ്ത്തി ഏഴു പവന്റെ സ്വർണമാല കവർന്ന കേസിലെ പ്രതികൾ പിടിയിൽ. കൊല്ലം വടക്കേവിള തേജസ് നഗറിൽ ഉലവന്റഴികം അമീർഷ (20), കൊല്ലം വടക്കേവിള മാളവികവെളിയിൽ ഫാത്തിമ മൻസിലിൽ സൈതലി (23) എന്നിവരെയാണ് മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊല്ലം സ്വദേശികളായ ഇവർ സഹോദരന്മാരുടെ മക്കളും ഇപ്പോൾ തിരുവനന്തപുരത്ത് വാടകക്ക് താമസിക്കുകയുമാണ്. ജൂൺ 30ന് കലവൂർ ആനകുത്തി പാലത്തിന് വടക്കായിരുന്നു സംഭവം. സ്കൂട്ടറിൽ വരികയായിരുന്ന മണ്ണഞ്ചേരി പഞ്ചായത്ത് ഒമ്പതാം വാർഡ് റോഡുമുക്ക് കൈതക്കാപറമ്പിൽ വി.ജി. ഗിരീഷിന്റെ ഭാര്യ പ്രസീതയുടെ (39) താലിമാലയാണ് ഇവർ കവർന്നത്.
സൈതലി ഓടിച്ച ബൈക്ക് പ്രസീതയുടെ സ്കൂട്ടറിൽ ഇടിച്ചുവീഴ്ത്തിയശേഷം അമീർഷയാണ് കഴുത്തിൽകിടന്ന മാല പൊട്ടിച്ചെടുത്തത്. സ്കൂട്ടറിന്റെ നിയന്ത്രണം തെറ്റി താഴെ വീണ യുവതിയുടെ വലതു ഭാഗത്തെ രണ്ടു വാരിയെല്ലുകളും വലതു കൈയുമൊടിഞ്ഞു. മുൻനിരയിലെ പല്ല് പൊട്ടുകയും ചെയ്തു. തുടർന്ന് മോഷ്ടാക്കൾ ബൈക്കിൽ എ.എസ് കനാൽ തീരത്തുകൂടി തെക്കോട്ട് രക്ഷപ്പെട്ടതായി മണ്ണഞ്ചേരി എസ്.ഐ കെ.ആർ.ബിജു പറഞ്ഞു.
പല കേന്ദ്രങ്ങളിൽ നിന്ന് ഇവരുടെ സി.സി ടി.വി ദൃശ്യങ്ങൾ ശേഖരിച്ചിരുന്നു. തുടർന്ന് പാലക്കാട് പൊലീസിന്റെ പിടിയിലായ പ്രതികളെ കോടതി മുഖാന്തിരമാണ് നാലു ദിവസത്തെ കസ്റ്റിഡിയിൽ മണ്ണഞ്ചേരിയിൽ എത്തിച്ചത്. പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.