ഇന്ന് കയർദിനം; വിസ്മൃതിയിലായി സുവർണനാര്, ദിനാചരണവും മറന്നു
text_fieldsമണ്ണഞ്ചേരി: കയറും കയർഫാക്ടറികളും കൊണ്ട് തിങ്ങിനിറഞ്ഞ ആലപ്പുഴയുടെ പഴയ കാലം ഓർമപ്പെടുത്തി വീണ്ടും നവംബർ അഞ്ച് കയർദിനം. വർഷങ്ങൾ നീണ്ട ശ്രമ ഫലമായി നടപ്പാക്കിയ കയർ ദിനം വകുപ്പുകളും സർക്കാറും മറന്ന മട്ടാണ്. കയറിനെ പ്രതാപകാലത്തേക്ക് മടക്കിക്കൊണ്ടു പോകുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ദിനാചരണം ഇപ്പോൾ ചടങ്ങുപോലും അല്ലാതായി മാറി.
ആലപ്പുഴയുടെ കയറിന്റെ പ്രതാപ കാലത്തിന്റെ ഓർമ പുതുക്കൽ കൂടിയാണ് നവംബർ അഞ്ചിലെ കയർ ദിനാചരണം. പഴയകാലത്ത് കയറും തൊണ്ടും ഇല്ലാത്ത വീടുകൾ ജില്ലയിൽ അപൂർവമായിരുന്നു. സ്ത്രീകൾ തൊണ്ടുതല്ലി കയറുപിരിച്ചും ഉപജീവന മാർഗം കണ്ടിരുന്നു. ഇന്ന് കയറിന്റെ നാട് എന്ന പേര് ആലപ്പുഴക്ക് നഷ്ടമായി.
മന്ത്രി ജി.സുധാകരൻ കയർ വകുപ്പ് കൈകാര്യം ചെയ്ത സമയത്ത് പ്രതാപം തിരിച്ചുപിടിക്കാനുള്ള ശ്രമം ആരംഭിച്ചെങ്കിലും അധികം മുന്നോട്ടുപോയില്ല. കയറിന്റെയും കയർ ഉൽപന്നങ്ങളുടെയും മേള സംഘടിപ്പിച്ചാണ് രാജ്യാന്തരതലത്തിൽ വിപണി കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചത്.
ഇതിനിടെ കയറിനും ഒരുദിനം വേണമെന്ന ആശയം മുഹമ്മയിലെ സാമൂഹിക പ്രവർത്തകനും കെട്ടിട നിർമാണ തൊഴിലാളിയും അരങ്ങ് രക്ഷാധികാരിയുമായ സി.പി. ഷാജിയാണ് കൊണ്ടുവന്നത്. 2007 ആഗസ്റ്റ് എട്ടിന് അന്നത്തെ കയർ മന്ത്രി ജി. സുധാകരന് ഷാജി നിവേദനം നൽകി. തുടർന്ന് 2012 നവംബർ അഞ്ചിന് ആദ്യമായി കയർ ദിനം ആചരിക്കാൻ തുടങ്ങി. കയറിന്റെ കുതിപ്പും കിതപ്പും കണ്ടുവളർന്ന കയർ തൊഴിലാളിയായിരുന്നു ഷാജി.
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ സി.വി.സി.എസ് ലിമിറ്റഡ് നമ്പർ 326 എന്ന സംഘമാണ് കേരളത്തിലെ ആദ്യം രജിസ്റ്റർ ചെയ്ത കയർ വ്യവസായ സഹകരണ സംഘം. ഈ സംഘം രജിസ്റ്റർ ചെയ്ത തീയതിയായ നവംബർ അഞ്ചാണ് കയർ വകുപ്പ് കയർ ദിനമായി പ്രഖ്യാപിച്ചത്.
പിന്നീട് വന്ന വകുപ്പ് മന്ത്രിയായിരുന്ന അടൂർ പ്രകാശാണ് നവംബർ അഞ്ച് ഔദ്യോഗിക കയർ ദിനമായി പ്രഖ്യാപിച്ച് ഉദ്ഘാടനം ചെയ്തത്. തുടർന്നുള്ള വർഷങ്ങളിൽ കയർ ദിനാചരണം നടന്നെങ്കിലും പിന്നീടങ്ങോട്ട് വിസ്മൃതിയിലായി. ഓരോ വർഷവും കയർ ദിനം നടപ്പാക്കുന്നതിന് വേണ്ടി ഷാജി നിവേദനങ്ങളും പരാതികളും തുടർന്നു.
കയർ ദിനത്തെക്കുറിച്ച് പരാതികളോ വ്യത്യസ്ത അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ അത് പരിഹരിച്ച് കാലഹരണപ്പെട്ടു പോകുന്ന കയർ തൊഴിലിനെയും തൊഴിലാളികളെയും ഓർക്കുന്നതിന് കയർ ദിനം സജീവമാക്കണമെന്നാണ് ഷാജിയുടെ അഭിപ്രായം. കയർ ദിനം അധികാരികൾ മറന്നുവെങ്കിലും ഷാജിയും സുഹൃത്തുക്കളും എല്ലാവർഷവും നവംബർ അഞ്ചിന് പ്രദേശത്തെ മുതിർന്ന കയർ തൊഴിലാളികളെ ആദരിച്ച് ചടങ്ങുകൾ നടത്താറുണ്ട്. ഈ വർഷവും അതിന് മാറ്റമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.