കലക്ടറുടെ ആദ്യ ശമ്പളം സ്നേഹജാലകത്തിന്
text_fieldsമണ്ണഞ്ചേരി: ജില്ല കലക്ടറായി ചുമതലയേറ്റശേഷം ലഭിച്ച ആദ്യ ശമ്പളം ആലപ്പുഴയിലെ പ്രമുഖ പാലിയേറ്റിവ് സംഘടനയായ സ്നേഹജാലകത്തിന് നൽകി വി. ആർ.കൃഷ്ണ തേജ. ക്യാമ്പ് ഓഫിസിൽ കലക്ടറുടെയും ഭാര്യ രാഗ ദീപയുടെയും സാന്നിധ്യത്തിൽ മകൻ റിഷിത് നന്ദയുടെ കൈയിൽനിന്ന് സ്നേഹജാലകം പ്രസിഡന്റ് എൻ.പി. സ്നേഹജൻ ചെക്ക് ഏറ്റുവാങ്ങി. കലക്ടറുടെ മകൻ റിഷിത് നന്ദയുടെ ജന്മദിനം കൂടിയായിരുന്നു ഇന്നലെ. സ്നേഹജാലകം ഭാരവാഹികളായ ആർ. പ്രവീൺ, ജോയി സെബാസ്റ്റ്യൻ, ജയൻ തോമസ്, വി.കെ.സാനു എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
വിശപ്പുരഹിത കേരളം പദ്ധതിക്കുതന്നെ വഴികാട്ടിയാവും വിധം കാഷ്യറോ, പണപ്പെട്ടിയോ ഇല്ലാത്ത കേരളത്തിലെ ആദ്യത്തെ ജനകീയ ഭക്ഷണശാലയും കേരളത്തിലെ ആദ്യത്തെ ജനകീയ ലബോറട്ടറിയും അടക്കം നൂതനങ്ങളായ അനവധി പാലിയേറ്റിവ് സംരംഭങ്ങൾക്ക് തുടക്കം കുറിച്ച സംഘടനയാണ് സി.ജി. ഫ്രാൻസിസ് സ്മാരക ട്രസ്റ്റിന് കീഴിലുള്ള സ്നേഹജാലകം. കഴിഞ്ഞ മാസം നടന്ന സ്നേഹജാലകത്തിന്റെ വാർഷിക സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തി കഴിയുന്ന എല്ലാ പിന്തുണയും ഇതിന്റെ പ്രവർത്തനങ്ങൾക്ക് നൽകുമെന്ന് കലക്ടർ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് ജില്ലയിൽ ചുമതലയേറ്റശേഷമുള്ള ആദ്യ ശമ്പളം സ്നേഹജാലകത്തിന് നൽകാൻ കുടുംബം തീരുമാനിച്ചിട്ടുണ്ട് എന്ന് ഭാരവാഹികളെ അറിയിക്കുകയായിരുന്നു. ആലപ്പുഴയിൽ നടക്കുന്ന വിവിധങ്ങളായ സന്നദ്ധ -സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള പിന്തുണ അറിയിക്കുക കൂടിയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് കലക്ടർ പറഞ്ഞു. ആലപ്പുഴയിൽ സബ് കലക്ടർ ആയിരിക്കേ മഹാപ്രളയകാലത്ത് 'ഐ ആം ഫോർ ആലപ്പി' എന്ന പേരിൽ കൂട്ടായ്മ രൂപവത്കരിച്ചു കൃഷ്ണതേജ ദുരിതത്തിൽ മുങ്ങിപ്പോയ കുട്ടനാടൻ ജനതയ്ക്കു വേണ്ടിയടക്കം നടത്തിയ പ്രവർത്തനങ്ങൾ കേരളത്തിന്റെയാകെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.