അപകടം വിളിപ്പാടകലെ; മോട്ടോർ പുരയും സമീപത്തെ കൂറ്റൻ മരങ്ങളും നിലം പതിക്കാറായി
text_fieldsമണ്ണഞ്ചേരി: പതിറ്റാണ്ടുകൾക്ക് മുമ്പ് പ്രവർത്തനം അവസാനിപ്പിച്ച ജല അതോറിറ്റിയുടെ മണ്ണഞ്ചേരിയിലെ മോട്ടോർ പുര ഏത് നിമിഷവും നിലം പതിക്കാറായ നിലയിൽ. കാലപ്പഴക്കത്താലും സംരക്ഷിക്കാതെയും പൊട്ടിപ്പൊളിഞ്ഞ് ജീർണാവസ്ഥയിൽ ഏത് നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണ് മോട്ടോർ പുര.
മോട്ടോർ പുരയുടെ ചുവരിലൂടെ ആൽമരം വളർന്ന് ചുവരാകെ പൊട്ടി പിളർന്നിട്ടുണ്ട്. മേൽക്കൂരയുടെ കോൺക്രീറ്റ് ഭാഗങ്ങളും അടർന്നിട്ടുണ്ട്. സമീപത്തെ പാഴ്മരങ്ങളുടെ വലിയ ശിഖരങ്ങൾ മോട്ടോർ പുരയുടെ മുകളിലാണ്. കാറ്റിലോ മറ്റോ ശിഖരങ്ങൾ ഒടിഞ്ഞ് കെട്ടിടത്തിന് മുകളിലേക്ക് വീണാൽ മോട്ടോർ പുര നിലംപതിച്ച് അപകടമുണ്ടാകും.
വലിയ വൃക്ഷശിഖരങ്ങൾ ചാഞ്ഞുനിൽക്കുന്നത് സമീപത്തെ പെരുംതുരുത്ത് എൻ.എസ്.എസ് കരയോഗം വക വ്യാപാര സമുച്ചയത്തിനും അപകട ഭീഷണി ഉയർത്തുന്നുണ്ട്. കരയോഗം ഭാരവാഹികൾ പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയെങ്കിലും നാളിതുവരെ പരിഹാരമായിട്ടില്ല.
മോട്ടോർ പുരക്ക് സമീപം സ്വകാര്യ ആശുപത്രിയും എതിർ വശത്ത് മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനുമാണ്. മുന്നിലൂടെ മണ്ണഞ്ചേരി കമ്പോളത്തിലേക്കുള്ള തിരക്കുള്ള റോഡും പടിഞ്ഞാറു ഭാഗത്ത് മറ്റൊരു റോഡും കടന്ന് പോകുന്നുണ്ട്. പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും കമ്പോളത്തിലും വരുന്നവർ തണൽ ആഗ്രഹിച്ച് വിശ്രമിക്കുന്നതും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും മോട്ടോർ പുരക്ക് സമീപമാണ്. മോട്ടോർ പുരക്ക് എതിർ വശത്തെ കൂറ്റൻ മരവും കടകളിലേക്കും റോഡിലേക്കും ചാഞ്ഞ നിലയിലാണ്. ഇതും അപകട ഭീഷണിയിലാണ്.
ഒരു കാലത്ത് മണ്ണഞ്ചേരി പ്രദേശത്താകെ കുടിവെള്ള വിതരണം നടത്തിയിരുന്ന കൂറ്റൻ ജലസംഭരണി പൊളിച്ച് നീക്കിയിട്ട് പതിറ്റാണ്ടുകളായെങ്കിലും മോട്ടോർ പുര പൊളിച്ചു നീക്കിയില്ല. മോട്ടോർ പുരയും അപകടമുണ്ടാകാൻ സാധ്യതയേറിയ പാഴ്മരങ്ങളും നീക്കം ചെയ്യണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.