കോൺക്രീറ്റിനിടെ ഹൃദയാഘാതത്തെ തുടർന്ന് കെട്ടിടത്തിന് മുകളിൽ അകപ്പെട്ട ആൾക്ക് ഫയർ ഫോഴ്സ് രക്ഷകരായി
text_fieldsമണ്ണഞ്ചേരി:കോൺക്രീറ്റിനിടെ ഹൃദയാഘാതത്തെ തുടർന്ന് മുകളിൽ അകപ്പെട്ട ആൾക്ക് ഫയർ ഫോഴ്സ് രക്ഷകരായി. കലവുർ സ്വദശി അനിയപ്പൻ (50) നെയാണ് ഫയർഫോഴ്സ് രക്ഷിച്ചത്. ബുധനാഴ്ച വൈകുന്നേരം മൂന്നരയോടെ കലവൂർ കെ.എസ്സ്.ഡി.പി.ക്ക് പടിഞ്ഞാറ് ഒരു വീടിൻ്റെ ഒന്നാം നിലയിൽ കോൺക്രീറ്റ് മേൽക്കൂരയുടെ നിർമ്മാണം നടക്കുമ്പോഴായിരുന്നു സംഭവം.കോൺക്രീറ്റിനിടെ കോൺട്രാക്ടർ കൂടിയായ അനിയപ്പൻ ഹൃദയാഘാതത്തെ തുടർന്ന് വീഴുകയും കൂടെ ജോലി ചെയ്തു കൊണ്ടിരുന്ന സഹപ്രവർത്തകൻ താങ്ങിയെടുക്കുകയുമായിരുന്നു.
രണ്ട് പേരും താഴേക്ക് വരാനാകാതെ മുകൾ നിലയിൽ കുടുങ്ങി.മറ്റുള്ളവർക്ക് മുകളിൽ എത്താൻ പറ്റാത്ത സ്ഥിതിയിലായിരുന്നു. സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് മുകളിൽ കയറി രോഗിക്ക് സി.പി.ആർ. നൽകുകയും എക്സ്റ്റൻഷൻ ലാഡറും റോപ്പും ഉപയോഗിച്ച് ആളെ താഴെയിറക്കി ആംബുലൻസിൽ വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിക്കുകയും ചെയ്തു.
സ്റ്റേഷൻ ഓഫിസർ പി.ബി. വേണുക്കുട്ടൻ്റെ നേതൃത്വത്തിൽ അസ്സിസ്റ്റൻ്റ് സ്റ്റേഷൻ ഓഫിസർ വി.വലൻ്റയിൻ, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർമാരായ എച്ച്. സതീശൻ, ജി.അനികുമാർ, ഓഫിസർമാരായ എസ്. സന്തോഷ് കുമാർ, വി.സുകു, ആർ.സന്തോഷ്, എ. ജെ.ബഞ്ചമിൻ, പി.രതീഷ്, മുഹമ്മദ് നിയാസ്, ആൻറണി ജോസഫ്, വി.വിനീഷ് എന്നിവർ രക്ഷാപ്രവർത്തനം നടത്തി. സംഭവസ്ഥലത്ത് പോലിസും എത്തിച്ചേർന്നു. പടം: ഹൃദയാഘാതത്തെ തുടർന്ന് മുകളിൽ അകപ്പെട്ട ആളെ ഫയർ ഫോഴ്സ് താഴെ എത്തിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.