ഇന്റലക്ട് ഹബ് ഉദ്ഘാടനം നാളെ; വിജ്ഞാന വ്യാപനത്തിന് പുതിയ സംരംഭവുമായി കാവുങ്കൽ ഗ്രന്ഥശാല
text_fieldsമണ്ണഞ്ചേരി: കാവുങ്കൽ ഗ്രന്ഥശാല ആൻഡ് വായനശാല ജനകീയ പങ്കാളിത്തത്തോടെ നിർമിച്ച പുതിയ സംരംഭമായ ഇന്റലക്ട് ഹബ് ഞായറാഴ്ച നാടിന് സമർപ്പിക്കും. ആധുനിക സംവിധാനങ്ങളോടു കൂടിയ പഠനകേന്ദ്രമാണ് ഇന്റലക്ട് ഹബ്. യു.പി.എസ്.സി, എസ്.എസ്.സി പരീക്ഷകൾക്കുള്ള പരിശീലന കേന്ദ്രമായി തുടങ്ങി കെ.എ.എസ്, ഐ.എ.എസ് തലത്തിലുള്ള പരീക്ഷകൾക്കായുള്ള പരിശീലനകേന്ദ്രമായി ഉയർത്തുകയാണ് ലക്ഷ്യം. ജനകീയ പങ്കാളിത്തത്തോടെ ഒമ്പതുമാസംകൊണ്ടാണ് നിർമാണം പൂർത്തീകരിച്ചത്. ഏകദേശം 34 ലക്ഷം രൂപ ചെലവഴിച്ചു.
ജ്ഞാനപ്രദായിനി എന്ന പേരിൽ ഓലപ്പുരയിലാണ് ഗ്രന്ഥശാല തുടങ്ങിയത്. പിന്നീട് കാവുങ്കൽ ഗ്രന്ഥശാല ആൻഡ് വായനശാല എന്ന പേരിലാണ് പ്രവർത്തിച്ചുവരുന്നത്.ഉദ്ഘാടന പരിപാടികൾ സാഫല്യം 2023 എന്ന പേരിലാണ് സംഘടിപ്പിക്കുന്നത്. 35 വർഷം ഗ്രന്ഥശാല പ്രസിഡന്റായിരുന്ന കെ. ഭാസ്കര കൈമളുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ അക്ഷരദീപം തെളിക്കും.
പുതിയ മന്ദിരം ടെക്ജൻഷ്യ സോഫ്റ്റ്വെയർ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ കോഫൗണ്ടറും സി.ഇ.ഒയുമായ ജോയി സെബാസ്റ്റ്യൻ നാടിന് സമർപ്പിക്കും. സാംസ്കാരിക സമ്മേളനം പി.പി. ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കവിയും ഗാനരചയിതാവുമായ ഏഴാച്ചേരി രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തും.കെ. എസ്. സുമേഷ് (പ്രസി.), പി.എസ്. സനൽകുമാർ (വൈ.പ്രസി.), കെ.എം. രാജേഷ് (സെക്ര.), പി.കെ. സുധീഷ് കുമാർ (ജോ.സെക്ര.) എന്നിവരുടെ നേതൃത്വത്തിലുള്ള ഗ്രന്ഥശാല കമ്മിറ്റിയും നിർമാണ കമ്മിറ്റിയുമാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.