മത്സ്യമാർക്കറ്റ് പുതിയ രൂപത്തിലേക്ക്; അടിമുടി മാറാൻ മണ്ണഞ്ചേരി
text_fieldsമണ്ണഞ്ചേരിയിലെ ഇപ്പോഴത്തെ മത്സ്യമാർക്കറ്റ്
മണ്ണഞ്ചേരി: വികസന പ്രവർത്തനങ്ങളാൽ അടിമുടി മാറാൻ മണ്ണഞ്ചേരി. പഞ്ചായത്തിലെ കേന്ദ്രഭാഗത്ത് സ്ഥിതി ചെയ്യുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള മണ്ണഞ്ചേരി മത്സ്യമാർക്കറ്റ് പുതിയ രൂപത്തിൽ പുനർനിർമിക്കുന്നു. തീരദേശ വികസന കോർപറേഷൻ മുഖേന 1.63 കോടി ചെലവഴിച്ച് 10 മാസത്തിനുള്ളിൽ പുതിയ മത്സ്യമാർക്കറ്റ് കെട്ടിടം നിർമിക്കുന്നതോടെ മത്സ്യവിപണന രംഗത്തു വലിയ മാറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
ഗുണമേന്മയും ശുചിത്വവുമുള്ള മത്സ്യം ഗുണഭോക്താക്കൾക്ക് ലഭ്യമാക്കാനും മത്സ്യത്തൊഴിലാളികളുടെ വരുമാനത്തിൽ ആനുപാതിക വർധന കൊണ്ടുവരാനും മത്സ്യവിപണനം വിപുലീകരിക്കാനും സർക്കാർ ലക്ഷ്യമിടുന്നു. സംസ്ഥാനമൊട്ടാകെ ആധുനിക മത്സ്യമാർക്കറ്റുകൾ സ്ഥാപിച്ച് മത്സ്യവിപണന ശൃംഖല സ്ഥാപിക്കുകയെന്ന സർക്കാർ വിഭാവനം ചെയ്തിട്ടുള്ള ബൃഹത് പദ്ധതിയുടെ ഭാഗം കൂടിയാണ് മണ്ണഞ്ചേരി മാർക്കറ്റിന്റെ നിർമാണം.
357.19 ച.മീറ്റർ വിസ്തൃതിയിൽ നിർമിക്കുന്ന മത്സ്യമാർക്കറ്റ് കെട്ടിടത്തിൽ 12 മത്സ്യസ്റ്റാൾ, ആറ് കടമുറി, നാല് ഇറച്ചി സ്റ്റാൾ, ശുചിമുറി സൗകര്യം തുടങ്ങിയവ ഉണ്ടാകും. വിപണന സ്റ്റാളുകളിൽ സ്റ്റെയിൻലസ് സ്റ്റീൽ ഡിസ്പ്ലേ ട്രോളികൾ, സിങ്കുകൾ, ഡ്രെയിനേജ് സംവിധാനം തുടങ്ങിയവ സജ്ജമാക്കും. പി.പി. ചിത്തരഞ്ജൻ എം.എൽ.എയുടെ ഇടപെടലിൽ മന്ത്രി സജി ചെറിയാൻ മുൻകൈയെടുത്താണ് തുക അനുവദിച്ചത്.
കാലപ്പഴക്കം ചെന്ന വില്ലേജ് ഓഫിസ് പൊളിച്ചുമാറ്റി അരക്കോടി വിനിയോഗിച്ച് മണ്ണഞ്ചേരി ജങ്ഷന് സമീപം ഓഫിസ് നിർമാണം പൂർത്തിയാകാറായി. കഴിഞ്ഞ ദിവസം 82 ലക്ഷം രൂപ ചെലവിൽ കിഴക്കേ മസ്ജിദ് പാലം നിർമാണം തുടങ്ങി.
അസാപ് കെട്ടിടവും കമ്പ്യൂട്ടറുകൾ സ്ഥാപിക്കലും 1.10 ലക്ഷം രൂപ ചെലവഴിച്ച് പൂർത്തീകരിച്ച് ഉദ്ഘാടനം നടത്തി. പഞ്ചായത്ത് കൺവെൻഷൻ സെന്ററിന് മൂന്നുകോടിയും മണ്ണഞ്ചേരി സ്റ്റാൻഡിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിനും ഓട്ടോ സ്റ്റാൻഡിനുമായി 42 ലക്ഷം, മണ്ണഞ്ചേരി, പൊലീസ് സ്റ്റേഷനിൽ കാത്തിരിപ്പുകേന്ദ്രം 16 ലക്ഷം, മണ്ണഞ്ചേരി ഹൈസ്കൂളിന് മൂന്നു കോടി, കലവൂർ സ്കൂളിന് അഞ്ചുകോടി, പൊതുമരാമത്ത് റോഡുകൾക്ക് 20 കോടി എന്നിങ്ങനെയാണ് പ്രവൃത്തികൾ നടത്തുകയെന്ന് പി.പി. ചിത്തരഞ്ജൻ എം.എൽ.എ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.