അജ്ഞാത വാഹനമിടിച്ച് യുവാവ് മരിച്ച സംഭവം; ദിവസങ്ങൾക്കകം വാഹനം കണ്ടെത്തി മണ്ണഞ്ചേരി പൊലീസ്
text_fieldsഇടിച്ച വാഹനം (സി.സി.ടി.വി ദൃശ്യം) - മരിച്ച രതീഷ്, പ്രതി ഫർസീൻ
മണ്ണഞ്ചേരി: അജ്ഞാത വാഹനം ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ച സംഭവത്തിൽ വാഹനം കണ്ടെത്തി മണ്ണഞ്ചേരി പൊലീസ്. പഞ്ചായത്ത് 20ാം വാർഡ് കാവുങ്കൽ പീടികപറമ്പിൽ രതീഷാണ് (42) അപകടത്തിൽ മരണപ്പെട്ടത്. ദേശീയപാതയിൽ കലവൂർ ജങ്ഷന് വടക്കുവശം ഇക്കഴിഞ്ഞ ഏഴിന് പുലർച്ചെ അഞ്ചിനായിരുന്നു അപകടം. പുന്നപ്ര മിൽമയിൽ താൽക്കാലിക ജോലിക്കാരനായ രതീഷ് പുലർച്ചെ വീട്ടിൽ നിന്ന് സൈക്കിളിൽ കലവൂർ ജങ്ഷനിലെത്തിയശേഷം അവിടെനിന്ന് ബസിൽ പുന്നപ്രക്ക് പോകുന്നതാണ് പതിവ്.
വെള്ളിയാഴ്ച പുലർച്ചെ കലവൂരിലേക്ക് വരുന്നതിനിടെയാണ് അപകടം. ഇടിച്ചിട്ട വാഹനം നിർത്താതെ പോയി. പ്രാഥമിക തെളിവുകളോ സാക്ഷികളോ ഇല്ലാതിരുന്ന കേസിന്റെ അന്വേഷണം മണ്ണഞ്ചേരി പൊലീസ് ഇൻസ്പെക്ടർ പി.ജെ. ടോൾസന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ കെ.ആർ. ബിജു, കെ.കെ. നൗഷാദ്, അസി. സബ് ഇൻസ്പെക്ടർ യു. ഉല്ലാസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.എസ്. ഷൈജു, അനന്തകൃഷ്ണൻ, ബി. വിഷ്ണു, വിജേഷ്, ജസീർ, ശ്യാംകുമാർ, വിപിൻദാസ് എന്നിവർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് നടത്തിയത്.
ദേശീയപാതയുടെ പ്രവർത്തനം പുരോഗിമിക്കുന്നതിനാൽ വേണ്ടത്ര സി.സി.ടി.വി കാമറകൾ ലഭ്യമല്ലാത്ത സാഹചര്യമായിരുന്നിട്ടും 10 ദിവസത്തെ തുടർച്ചയായ നിരീക്ഷണത്തിനൊടുവിലാണ് യാഥാർഥ വാഹനം കണ്ടെത്തിയത്. പുലർച്ചെയായതിനാൽ സ്ഥിരമായി വരുന്ന വാഹനമാണ് അപകടത്തിനിടയാക്കിയത് എന്നുള്ള നിഗമനത്തിൽ അപകടം നടന്നതിന്റെ പിറ്റേന്ന് മുതൽ പൊലീസ് പുലർച്ചെ മൂന്ന് മുതൽ ആറ് വരെ ജില്ലയിൽ വന്നുപോകുന്ന 500 ഓളം വാഹനങ്ങൾ പരിശോധിച്ചിരുന്നു. അപകടം നടത്തിയ വാഹനം ഇൻസുലേറ്റഡ് വാഹനമാണെന്ന് കണ്ടെത്തി.
കേരളത്തിലെ തെക്കൻ ജില്ലകളിൽ പാൽ വിതരണം നടത്തുന്ന കളമശ്ശേരിയിലുള്ള ഒരു ഏജൻസിയുടെ വാഹനമാണ് അപകടമുണ്ടാക്കിയത്. അപകടം നടന്നതിന് തൊട്ടടുത്ത ദിവസം മുതൽ ജില്ലയിലെ പാൽ വിതരണം മറ്റൊരു ഏജൻസിക്ക് കൈമാറിയിരുന്നതിനാൽ അപകടം നടത്തിയ വാഹനം ജില്ലയിലേക്ക് വന്നിട്ടില്ലായിരുന്നു. എന്നാൽ സി.സി.ടി.വി ദൃശ്യങ്ങളിൽ ചിലതിലുണ്ടായ സംശയത്തിന്റെ പേരിൽ നടത്തിയ പരിശോധനയിലാണ് പ്രതിയെകുറിച്ച് വിവരങ്ങൾ ലഭിച്ചത്. മുൻ ദിവസങ്ങളിലെ പാൽ വിതരണം നടത്തിയ വാഹനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചാണ് പ്രതിയെ വലയിലാക്കുന്നത്.
മരിച്ച രതീഷിന് പ്രായമായ അമ്മയും ഭാര്യയും അഞ്ചും 11ഉം വയസ് പ്രായമുള്ള രണ്ട് പെൺകുട്ടികളുമാണുള്ളത്. രതീഷ് മാത്രമായിരുന്നു വീടിന് അത്താണി. പുന്നപ്ര മിൽമയിൽ താൽക്കാലിക ജോലിയിൽ പ്രവേശിച്ചിട്ട് നാലുമാസമേ ആയിട്ടുള്ളു. കണ്ണൂർ ജില്ലയിൽ മുണ്ടേരി പഞ്ചായത്ത് മോവച്ചേരി റഷീദ മൻസിലിൽ മുഹമ്മദ് ഫർസീനാണ് പ്രതി. ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.