97ാം ചെറിയ പെരുന്നാൾ ആഘോഷത്തിനൊരുങ്ങി മറിയുമ്മ
text_fieldsമണ്ണഞ്ചേരി: ശാരീരിക അവശതകൾ മറന്ന് റമദാൻ വ്രതാനുഷ്ഠാനം പൂർണമായും അനുഷ്ഠിക്കാൻ കഴിഞ്ഞതിൽ വയോധികയായ മറിയുമ്മ അല്ലാഹുവിനെ സ്തുതിക്കുന്നു. മണ്ണഞ്ചേരി പഞ്ചായത്ത് നാലാം വാർഡിൽ പൊന്നാട് ചാലാങ്ങാടിയിൽ പരേതനായ സി.വി. കുഞ്ഞുമുഹമ്മദിന്റെ ഭാര്യ മറിയുമ്മ എട്ടാം വയസ്സു മുതൽ വ്രതാനുഷ്ഠാനം ശീലമാക്കിയിരുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി റമദാനിലെ ഒരു നോമ്പുപോലും നഷ്ടപ്പെടുത്താതെ അനുഷ്ഠിക്കാൻ കഴിഞ്ഞതിന്റെ നിർവൃതിയിലാണ് 97 പിന്നിട്ട മറിയുമ്മ.
പ്രഷർ ഒഴികെ മറ്റു കാര്യമായ അസുഖങ്ങളൊന്നും ഇല്ലാത്ത മറിയുമ്മ പരസഹായം ഇല്ലാതെയാണ് ദിനചര്യകൾ നിർവഹിക്കുന്നത്. വാർധക്യത്തിന്റെ ക്ഷീണം കണ്ണുകളിലും കൈകളിലും പടർന്നെങ്കിലും കൈത്തുന്നലിലൂടെ സ്വയം രൂപപ്പെടുത്തിയ കുപ്പായം ധരിക്കുന്നതാണ് മറിയുമ്മക്ക് ഇഷ്ടം. യന്ത്രത്തുന്നലിനെപോലും വെല്ലുന്ന പൂർണതയിലും ഉറപ്പിലും ചിത്രപ്പണികളോടുംകൂടി സ്വയം തുന്നിയെടുത്ത കുപ്പായം ധരിച്ചാണ് മറിയുമ്മ ഇന്ന് പെരുന്നാൾ ആഘോഷിക്കുന്നത്. ആറ് മക്കളുണ്ട്. പൊന്നാട്ടെ കുടുംബവീട്ടിൽ ഇളയ മകൻ അബ്ദുൾ സലാമിനോടൊപ്പമാണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.