മറിയുമ്മയുടെ നോമ്പിന് തിളക്കമേറെ; 96ലും സ്വന്തമായി തുന്നിയ കുപ്പായം
text_fieldsമണ്ണഞ്ചേരി: വാർധക്യത്തിന്‍റെ അവശതയിലും 96കാരി മറിയുമ്മയുടെ നോമ്പിന് തിളക്കമേറെ. എട്ടാം വയസ്സിൽ തുടങ്ങിയ വ്രതാനുഷ്ഠാനത്തിന് ഇക്കാലമത്രയും മുടക്കംവരുത്തിയില്ല. അതിന് നിമിത്തമായത് അല്ലാഹുവിന്‍റെ കാരുണ്യമാണ്- ഇത് പറയുമ്പോൾ മണ്ണഞ്ചേരി പഞ്ചായത്ത് നാലാംവാർഡ് പൊന്നാട് ചാലാങ്ങാടിയിൽ പരേതനായ സി.വി. കുഞ്ഞുമുഹമ്മദിന്റെ ഭാര്യ മറിയുമ്മയുടെ വാക്കുകളിൽ സന്തോഷ ചിരി വിടരും.
ഇവർ നല്ലൊരു തയ്യൽകാരി കൂടിയാണെന്ന കാര്യം പലർക്കുമറിയില്ല. ആധുനിക തയ്യൽ മെഷീനെ വെല്ലുന്ന തരത്തിൽ കൈതുന്നലിലൂടെ കുപ്പായം രൂപപ്പെടുത്തുന്നതിൽ സമർഥയാണ് മറിയുമ്മ. ഇങ്ങനെ സ്വന്തമായി തുന്നിയ കുപ്പായങ്ങളാണ് അണിയുന്നത്.
പെരുന്നാളിന് അണിയാൻ നേരത്തെതന്നെ കുപ്പായം തുന്നിവെച്ചിട്ടുണ്ട്. നാല് ആണും രണ്ട് പെണ്ണും ഉൾപ്പെടെ ആറ് മക്കളാണുള്ളത്. ഇളയ മകൻ അബ്ദുൽ സലാമിനൊപ്പമാണ് താമസം. പ്രായത്തിന്‍റെ അവശതകൾ വകവെക്കാതെയാണ് വ്രതകാലത്തെ പ്രാർഥനകളിൽ സജീവമാകുന്നത്. 96ന്റെ അവശതകൾ അലട്ടുന്നുണ്ടെങ്കിലും ദിനചര്യകൾ പരസഹായംകൂടാതെ നിർവഹിക്കും.
പുലർച്ച എഴുന്നേറ്റാൽ പ്രാർഥനയിലേക്ക് നീങ്ങും. റമദാൻ വ്രതാനുഷ്ഠാനത്തിന്റെ ശ്രേഷ്ഠതകൾ ജനങ്ങളെ ബോധവത്കരിക്കാൻ എല്ലാവർഷവും നോട്ടിസ് അച്ചടിച്ച് വിതരണം ചെയ്തിരുന്ന ഭർത്താവ് സി.വി. കുഞ്ഞുമുഹമ്മദ് തന്നെയാണ് മറിയുമ്മയുടെ മാതൃക. പ്രഷർ ഒഴികെ മറ്റുകാര്യമായ അസുഖങ്ങൾ ഒന്നുമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.