അറിവിനെ കൂട്ടിയിണക്കിയ ദർസ്; 27 വർഷം പിന്നിട്ട് മീരാൻ ബാഖവി
text_fieldsമണ്ണഞ്ചേരി: അറിവിനെ കൂട്ടിയിണക്കുന്ന ദർസിനൊപ്പം തുടർച്ചയായി 27 വർഷം പുണ്യറമദാന് നേതൃത്വം കൊടുക്കാൻ അവസരം കിട്ടിയതിന്റെ ചാരിതാർഥ്യത്തിലാണ് മണ്ണഞ്ചേരി കിഴക്കേ മുസ്ലിം ജമാഅത്ത് ഖതീബും മുദരിസുമായ എ.എം. മീരാന് ബാഖവി. പഴയകാലത്തിൽനിന്ന് വ്യത്യസ്തമായി ഭൗതികസാഹചര്യങ്ങൾ ഏറെ മെച്ചപ്പെട്ടെങ്കിലും പണ്ടുകാലത്തെ ആത്മീയശോഭ റമദാനിൽ നഷ്ടപ്പെടുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തണം.
ആഹാര കാര്യത്തിൽ ദാരിദ്ര്യം ഉണ്ടായിരുന്നെങ്കിലും ആത്മീയ കാര്യത്തിൽ എല്ലാവരും ധനികരായിരുന്നു. ഇന്ന് സമൂഹമാധ്യമ ഉപയോഗം അമിതമായതോടെ പുതിയതലമുറ അതിൽ കൂടുതൽ സമയം ചെലവഴിക്കുന്നു. റമദാൻ കാലത്തുപോലും അതിലേക്ക് മാത്രമായി ഒതുങ്ങുന്നു.
ചായയിലും കഞ്ഞിയിലും ഒതുങ്ങിയിരുന്ന നോമ്പുതുറകൾ ഇന്ന് വിഭവസമൃദ്ധമാണ്. ചെറുപ്പകാലത്ത് പട്ടിണിയുടെയും സങ്കടങ്ങളുടെയും നോമ്പുതുറകളായിരുന്നു ഓർമ. 1998ൽ എറണാകുളം മേതല സ്വദേശിയായ മീരാൻ ബാഖവി 24ാം വയസ്സിലാണ് മണ്ണഞ്ചേരി കിഴക്കേ മഹല്ലിൽ എത്തിയത്. കുഴിവേലിപ്പടി എ.പി. അഹ്മദ് നൂർ ഉസ്താദിന്റെ കീഴിൽ ദർസ് പഠനം പൂർത്തിയാക്കിയശേഷം വെല്ലൂർ ബാഖിയാത്തുസ്സ്വാലിഹാത്തിൽനിന്ന് ഫാളിൽ ബാഖവി ബിരുദം നേടിയ ശേഷമാണ് വന്നത്.
കേരളത്തിലെ അറിയപ്പെട്ടിരുന്ന കർമശാസ്ത്ര പണ്ഡിതൻ കുഞ്ഞിബാവ മുസ്ലിയാർ, കുട്ടിഹസൻ ഹാജി തുടങ്ങി നിരവധി മഹാരഥന്മാർ നേതൃത്വംകൊടുത്ത ഒരുനൂറ്റാണ്ടിലേറെ പഴക്കമുള്ള ദർസിന്റെ നേതൃത്വം ഇതോടെ മീരാൻ ബാഖവിയിലേക്ക് വന്നുചേർന്നു.
ദർസ് പഠനം 27 വർഷം പൂർത്തിയാകുമ്പോൾ കേരളത്തിനകത്തും പുറത്തുമായി 25ലധികം യുവപണ്ഡിതർ വിവിധ സ്ഥാപനങ്ങളിൽനിന്ന് പഠനം പൂർത്തിയാക്കി വിവിധ ബിരുദങ്ങൾ നേടി. മകൻ മുഹമ്മദ് മിൻഹാജ് ഉൾപ്പെടെ ഇപ്പോൾ 17 പേർ ദർസിൽ പഠനം നടത്തുന്നു. മത-ഭൗതിക സമന്വയ വിദ്യാഭ്യാസത്തിലൂന്നിയ പഠനമാണ് ദർസിലൂടെ നൽകുന്നത്. രണ്ടാം വയസ്സിൽ പിതാവ് നഷ്ടപ്പെട്ട ഉസ്താദിന്റെ വഴികാട്ടിയായും മാതൃകയായും പ്രവർത്തിച്ചത് മാതാവായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.