പട്ടാപ്പകൽ വീട്ടിൽനിന്ന് 50,000 രൂപ കവർന്നു
text_fieldsമണ്ണഞ്ചേരി: കുറുവ ഭയം വിട്ടുമാറും മുമ്പേ വീട്ടുകാരെയും പ്രദേശവാസികളെയും പരിഭ്രാന്തിയിലാക്കി മണ്ണഞ്ചേരിയിൽ നട്ടുച്ചക്ക് മോഷണം. മണ്ണഞ്ചേരി പഞ്ചായത്ത് ഏഴാം വാർഡ് അമ്പനാകുളങ്ങര എസ്.എൻ.ഡി.പി യോഗം ഓഫിസിന് കിഴക്ക് കിഴക്കേവെളിയിൽ എ. യൂനസിന്റെ 50000 രൂപയാണ് ബുധനാഴ്ച ഉച്ചക്ക് അപഹരിച്ചത്. വീട്ടിലെ മുകളിലത്തെ നിലയിൽ പടിയോട് ചേർന്ന് വെച്ചിരുന്ന അലമാരയിൽ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്.
ഉച്ചക്ക് ഏകദേശം 1.15നും 1.45നും ഇടക്കാണ് മോഷണം നടന്നതെന്ന് വീട്ടുകാർ പറഞ്ഞു. ബന്ധുവായ രോഗിയെ കാണാൻ യൂനസ് ഭാര്യ ഹംസത്തുമായി ആലപ്പുഴക്ക് പോയതായിരുന്നു. മരുമകൾ ആബിദയും മകൾ ഫാത്തിമയുമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന് പിറകിൽ വസ്ത്രം കഴുകുകയായിരുന്നു ആബിദ. ഫാത്തിമ മുകളിലത്തെ നിലയിലെ മുറിയിലുമായിരുന്നു. അലമാരയുടെ പാളി തുറന്നുകിടക്കുന്നത് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പണം നഷ്ടപ്പെട്ടത്അറിയുന്നത്. ഈ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടില്ല.
ഹംസത്തിന്റെ കുടുംബശ്രീ സംഘവുമായി ബന്ധപ്പെട്ട് സൂക്ഷിച്ചിരുന്ന പണമായിരുന്നു ഇതെന്ന് വീട്ടുകാർ പറഞ്ഞു. എന്നാൽ വീടിന്റെ പ്രധാന വാതിൽ ചാരിയ നിലയിലായിരുന്നു. അലമാരകളും പൂട്ടിയിരുന്നില്ല. വിരലടയാള വിദഗ്ധരും പൊലീസ് നായയും വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. മണ്ണഞ്ചേരി ഇൻസ്പെക്ടർ പി.ജെ. ടോൺസണിന്റെയും എസ്.ഐ ബിജുവിന്റെയും നേതൃത്വത്തിൽ പൊലീസ് സംഘമെത്തി മൊഴിയെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.