തെരുവ് നായ്ക്കളുടെ വിളയാട്ടം; ഒറ്റയാൾ പോരാട്ടവുമായി നജീം കുളങ്ങര
text_fieldsമണ്ണഞ്ചേരി: തെരുവ് നായ്ക്കളുടെ വിളയാട്ടത്തിനെതിരെ ഒറ്റയാൾ പോരാട്ടവുമായി നജീം കുളങ്ങര. കൊല്ലം തേവലക്കര സ്വദേശിയായ നജീം കഴിഞ്ഞ നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിലാണ് സമരത്തിനിറങ്ങിയത്. വിഷയം അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാൻ നായ്യുടെ വേഷം കെട്ടി വീൽചെയർ ഉന്തി കാൽനടയായിട്ടാണ് ഇദ്ദേഹത്തിന്റെ സഞ്ചാരം.
തെരുവുനായ്കൾ വരുത്തിവെച്ച അപകടങ്ങളും കടിയേറ്റ ഇരകളുടെ ഫോട്ടോകളും ഫ്ലക്സുകളും വീൽചെയറിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. മഞ്ചേശ്വരം മുതൽ തിരുവനന്തപുരം സെക്രട്ടേറിയറ്റ് വരെയാണ് സമരസഞ്ചാരം. ഇപ്പോൾ 800 കിലോമീറ്ററോളം സഞ്ചാരം പൂർത്തിയായി ആലപ്പുഴ ജില്ലയിൽ എത്തി. ഒന്നര മാസത്തിനുള്ളിൽ തന്റെ യാത്ര ലക്ഷ്യത്തിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് നജീം പറഞ്ഞു.
തെരുവുനായ്ക്കളെ ശാസ്ത്രീയമായി വന്ധ്യംകരണം നടത്തുക, നായ്ക്കൾക്ക് സംസ്ഥാനത്തുടനീളം ഷെൽട്ടർ ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് നജീമിന്റെ പോരാട്ടം. യാത്രയിൽ പഞ്ചായത്തുകൾ കയറിയിറങ്ങി പരാതികളും സമർപ്പിക്കുന്നുണ്ട്. തെരുവ് നായ് ശല്യ പരിഹാരത്തിനായി പൊതുജനങ്ങളിൽനിന്ന് സമാഹരിച്ച ഒപ്പിട്ട പരാതികൾ മുഖ്യമന്ത്രിക്ക് കൈമാറും.
കൂലിപ്പണിക്കാരനായ നജീം യാത്രയിൽ വിശ്രമിക്കുന്നതും ഉറങ്ങുന്നതും പെട്രോൾ പമ്പുകളിലും കടത്തിണ്ണകളിലുമാണ്. സാധാരണക്കാർക്ക് വേണ്ടി ശബ്ദിക്കാൻ ആരെങ്കിലുമൊക്കെ വേണ്ടേ എന്നാണ് യാത്രയെക്കുറിച്ച് ചോദിക്കുമ്പോൾ നജീമിന്റെ മറുപടി. നജീമിന്റെ പോരാട്ടത്തിന് ഭാര്യ സലീനയുടെയും മക്കളായ ഷാനുവിന്റെയും ഹാത്തിമിന്റെയും പ്രോത്സാഹനവും പിന്തുണയുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.