പാലത്തിന് വീതിയില്ല; മാറ്റമില്ലാതെ നാട്ടുകാരുടെ സാഹസികയാത്ര
text_fieldsമണ്ണഞ്ചേരി: രണ്ടുപ്രദേശത്തെ റോഡുകളെ ബന്ധിപ്പിക്കുന്ന സഞ്ചാരയോഗ്യമായ ഒരു പാലം വേണമെന്നത് ജനങ്ങളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്. മണ്ണഞ്ചേരി പഞ്ചായത്തിലെ അഞ്ച്, ആറ് വാർഡുകളെ ബന്ധിപ്പിക്കുന്ന മണ്ണഞ്ചേരി കിഴക്കേ ജുമാമസ്ജിദിനോട് ചേർന്ന പാലമാണ് വാഹനങ്ങൾ കടന്നുപോകുംവിധം പുനർനിർമിക്കണമെന്ന ആവശ്യമുയരുന്നത്.
നിലവിൽ പാലത്തിലൂടെ ഒരു സൈക്കിൾ യാത്രികനും ബൈക്ക് യാത്രികനും പോകാനുള്ള വീതി മാത്രമേയുള്ളൂ. വാഹനങ്ങൾ കടന്നുവരുമ്പോൾ യാത്രികർ പിന്നിലേക്ക് മാറി രക്ഷപ്പെടുകയാണ് പതിവ്. കുത്തനെയുള്ള പാലത്തിലെ യാത്ര സാഹസികവുമാണ്. കാലപ്പഴക്കത്താൽ പാലത്തിന്റെ തൂണുകളും കൈവരികളും ദ്രവിച്ച നിലയിലാണ്.
പാലത്തിന്റെ വടക്ക് ഭാഗത്താണ് മണ്ണഞ്ചേരി പഞ്ചായത്തിലെ അതിപുരാതന മഹല്ലുകളിൽ ഒന്നായ കിഴക്കേ ജുമാമസ്ജിദും മദ്റസയും സ്ഥിതി ചെയ്യുന്നത്. മദ്റസയിൽ പഠനം നടത്താനും പള്ളിയിൽ പ്രാർഥനക്കായും കുട്ടികളടക്കം നിരവധിപേരാണ് ഈ പാലത്തെ നിത്യവും ആശ്രയിക്കുന്നത്.
വേമ്പനാട്ടുകായലിലെ പ്രധാന ഇടത്തോടായ അങ്ങാടി തോടിന് കുറുകെയുള്ള ഈ പാലം മത്സ്യബന്ധന-പുല്ലുചെത്ത് തൊഴിലാളികൾക്കും ഭീഷണിയാണ്. പഞ്ചായത്തിലെ രണ്ട് പ്രദേശത്തെ ബന്ധിപ്പിക്കുന്ന ഈ ഭാഗത്ത് റോഡ് വരണമെന്നതും നാട്ടുകാരുടെ ഏറെ നാളത്തെ ആവശ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.