സ്കൂട്ടർ യാത്രക്കാരിയെ ആക്രമിച്ച് ഏഴുപവൻ കവർന്നു
text_fieldsമണ്ണഞ്ചേരി: ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച വീട്ടമ്മയെ ബൈക്കിൽ പിന്തുടർന്ന് ഇടിച്ചുവീഴ്ത്തിയ ശേഷം രണ്ടുപേർ ഏഴു പവന്റെ മാല കവർന്നു. ആക്രമണത്തിനിടെ താഴെ വീണ വീട്ടമ്മയുടെ വാരിയെല്ലുകളും കൈയും പല്ലും ഒടിഞ്ഞു. പഞ്ചായത്ത് ഒമ്പതാം വാർഡ് റോഡുമുക്ക് കൈതക്കാപറമ്പിൽ വി.ജി. ഗിരീഷിന്റെ ഭാര്യ പ്രസീതയുടെ (39) താലിമാലയാണ് കവർന്നത്.
ഞായറാഴ്ച വൈകീട്ട് ആറരയോടെ ദേശീയപാതയിൽ കലവൂർ ബർണാഡ് ജങ്ഷന് കിഴക്ക് ആനകുത്തി പാലത്തിന് സമീപമായിരുന്നു സംഭവം. വളവനാട് താമസിക്കുന്ന സഹോദരി പ്രവീണയെ സന്ദർശിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു പ്രസീത. ആനകുത്തി പാലം കടന്ന് തെക്കോട്ട് കടന്നയുടൻ പിന്നിൽനിന്ന് പാഞ്ഞെത്തിയ ബൈക്ക് ആളൊഴിഞ്ഞ ഭാഗത്ത് സ്കൂട്ടറിന് അടുത്ത് നിർത്തി. പിന്നിലിരുന്നയാൾ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. തുടർന്ന് സ്കൂട്ടറിൽ ശക്തമായി തള്ളിയതോടെ പ്രസീത സ്കൂട്ടറുമായി മറിഞ്ഞു വീഴുകയായിരുന്നു.
നാട്ടുകാരാണ് പ്രസീതയെ ആശുപത്രിയിൽ എത്തിച്ചത്. ബൈക്കിൽ എത്തിയ ഇരുവരും ഹെൽമറ്റും മാസ്കും ധരിച്ചിരുന്നതായി പ്രസീത പറഞ്ഞു. സംഭവം നടന്നതിന് അരകിലോമീറ്റർ അകലെ പൊലീസ് ഉണ്ടായിരുന്നെങ്കിലും ഇവർ സ്ഥലത്തെത്തിയപ്പോഴേക്കും സംഘം കടന്നുകളഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് കിട്ടിയ ചിത്രങ്ങളും മോഷണത്തിന് ഉപയോഗിച്ച ബൈക്കും പരിശോധിച്ചപ്പോൾ സ്കൂട്ടറിൽ പോവുകയായിരുന്ന വീട്ടമ്മയെ ആക്രമിച്ച് സ്വർണം കവർന്ന കേസിലെ പ്രതികൾ കഴിഞ്ഞ ദിവസം പാലക്കാടും സമാനമായ രീതിയിൽ മോഷണം നടത്തിയതായി പൊലീസ് കണ്ടെത്തി. പാലക്കാട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾ തന്നെയാണ് ഇവിടെയും മോഷണം നടത്തിയതെന്നും അന്ന് ഉപയോഗിച്ച് ബൈക്കും ഹെൽമറ്റുകളും വസ്ത്രങ്ങളുമാണ് ഇപ്പോൾ ലഭിച്ച ദൃശ്യങ്ങളിലുമുള്ളതെന്ന് മണ്ണഞ്ചേരി ഇൻസ്പെക്ടർ ബേസിൽ തോമസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.