വെള്ളം മുടങ്ങിയിട്ട് ആഴ്ചകൾ; അനങ്ങാതെ അധികൃതർ
text_fieldsമണ്ണഞ്ചേരി: കുടിവെള്ളം കിട്ടാതെ മണ്ണഞ്ചേരിയും പരിസര പ്രദേശങ്ങളും തളരുന്നു. മണ്ണഞ്ചേരി കായലോര പ്രദേശങ്ങളിലാണ് കുടിവെള്ള ക്ഷാമം ഏറെ രൂക്ഷമായത്. ആഴ്ചകളായി പൈപ്പുകളിൽ വെള്ളമില്ല. കിട്ടുന്നതാകട്ടെ ചെളിയും അഴുക്കും കലർന്ന വെള്ളം. ഇതിനിടയിൽ പൈപ്പ് പൊട്ടി ലിറ്റർ കണക്കിന് വെള്ളം പാഴാകുന്നു. പൈപ്പുകൾ പൊട്ടി കിടക്കുന്നതാണ് വെള്ളത്തിൽ മാലിന്യം കലരാൻ ഇടയാക്കുന്നത്. പ്രദേശത്ത് വെള്ളത്തിനായി ആശ്രയിച്ചിരുന്ന പരമ്പരാഗത കുടിവെള്ള സ്രോതസ്സുകളായ കുളങ്ങളും കിണറുകളും വറ്റിവരണ്ട നിലയിലാണ്.
ജലദൗർലഭ്യം ഏറിയതോടെ പല വീട്ടുകാരും ബന്ധുവീടുകളിലടക്കം അഭയം പ്രാപിച്ചു. കായലോര വാർഡുകളായ നാല്, അഞ്ച്, ആറ്, ഏഴ് ഭാഗത്തുള്ളവരാണ് ഏറെ ക്ലേശിക്കുന്നത്. പതിയാംതറ, പുത്തൻപറമ്പ്, ഇലഞ്ഞിക്കാത്തറ, എച്ചിക്കുഴി, വിരുശ്ശേരി, ഷണ്മുഖം, അമ്പലക്കടവ്, മാർക്കറ്റ് നിവാസികൾക്ക് വെള്ളം ലഭിക്കണമെങ്കിൽ കിലോമീറ്ററുകൾ താണ്ടണം.
സ്ത്രീകൾ അടക്കമുള്ളവർ തലച്ചുമടായും മറ്റുമാണ് കുടിവെള്ളം ശേഖരിക്കുന്നത്. മണ്ണഞ്ചേരി കുന്നപ്പള്ളി ജംഗ്ഷന് വടക്കും, ചിയാംവെളി പുളിത്തണൽ തുടങ്ങി ഭാഗത്താണ് സംസ്ഥാന ജല വിഭവകുപ്പിന്റെ പൈപ്പുകൾ പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നത്. ആഴ്ചകളായി വെള്ളം നഷ്ടപ്പെട്ടിട്ടും അധികൃതർ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സാങ്കേതികത്വം പറഞ്ഞ് കൈമലർത്തുകയാണ് സംസ്ഥാന ജല വിഭവവകുപ്പ് അധികൃതർ. ജനപ്രതിനിധികളടക്കമുളളവർ ഇടപെട്ടിട്ടും നിഷേധാത്മക നിലപാടാണ് ജല വിഭവവകുപ്പ് എടുക്കുന്നതെന്നും ആക്ഷേപമുണ്ട്.
കുടിവെള്ളം ലഭ്യമാക്കാൻ കോടികൾ മുടക്കി നിരവധി പദ്ധതികൾ തുടങ്ങിയെങ്കിലും മണ്ണഞ്ചേരിയിൽ ഒന്നും ഫലം കണ്ടില്ല. ജംഗ്ഷന് കിഴക്കുള്ള ഏക ആർ.ഒ പ്ലാന്റ് പണിമുടക്കിയിട്ട് നാളുകളായി. റോഡ് മുക്ക് ഭാഗത്തുള്ള പമ്പിങ്ങും മിക്കവാറും പണിമുടക്കിലാണ്. കായലോര മേഖലയിലെ ജലക്ഷാമം പരിഹരിക്കാനായി വലിയവീട് ഭാഗത്ത് കൂറ്റൻ ജലസംഭരണി പണിതെങ്കിലും അതും നോക്കുകുത്തിയായി.
ഈ ഭാഗത്ത് കുടിവെള്ള പദ്ധതിയുടെ പൈപ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും പമ്പിങ് നടക്കുന്നില്ല. ഇപ്പോൾ സംസ്ഥാന ജല വിഭവ വകുപ്പിന്റെ പൈപ്പിൽ കൂടി വരുന്ന ‘അശുദ്ധജലമാണ്’ ഏക ആശ്രയം. ഗത്യന്തരമില്ലാതായത്തോടെ മിക്കപ്പോഴും ഉപ്പും അഴുക്കും കലർന്ന ഈ വെള്ളമാണ് കുടിക്കാനും പാചകത്തിനും മറ്റും ഉപയോഗിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.