യുദ്ധഭൂമിയിൽനിന്ന് ആശ്വാസതീരത്തേക്ക് അവർ പുറപ്പെട്ടു: രണ്ട് ട്രെയിനുകളിൽ യാത്ര
text_fieldsമണ്ണഞ്ചേരി: യുക്രെയ്നിലെ യുദ്ധഭൂമിയിൽനിന്ന് ഇന്ത്യൻ വിദ്യാർഥി സംഘം ആശ്വാസതീരത്തേക്ക്. സഫ്റോഷിയ സംസ്ഥാന മെഡിക്കൽ സർവകലാശാലയിൽ അഞ്ചാംവർഷ മെഡിക്കൽ വിദ്യാർഥിയും മണ്ണഞ്ചേരി 21ാം വാർഡ് കൊല്ലശ്ശേരിയിൽ ആലപ്പുഴ വഴിച്ചേരി എം.എം.എ യു.പി സ്കൂൾ അധ്യാപകൻ പി.യു. ഷറഫ് കുട്ടിയുടെയും ഫാസിലയുടെയും മകൻ മുഹമ്മദ് യാസീൻ ട്രെയിൻമാർഗം ഹംഗറിയിലേക്ക് തിരിച്ചതായി ബന്ധുക്കളെ അറിയിച്ചു.
അവസാനം വിവരം ലഭിക്കുമ്പോൾ പ്രത്യേക ട്രെയിനിൽ ഹംഗറിയിലേക്ക് സംഘം യാത്രചെയ്യുകയാണ്. സർവകലാശാലയിൽ 450 മലയാളികൾ വിദ്യാർഥികൾ പഠിക്കുന്നുണ്ട്. ആലപ്പുഴയിൽനിന്ന് മാത്രം 50ൽഅധികം പേരുണ്ട്. സഫ്റോഷിയയിൽനിന്ന് ഏകദേശം 24 മണിക്കൂർ ട്രെയിൻ യാത്രയുണ്ട്. ഹംഗറി അതിർത്തിയായ ഉഷ്രോഡ് എന്ന സ്ഥലത്തേക്കാണ് യാത്ര.1500 ഇന്ത്യൻ വിദ്യാർഥികൾ രണ്ട് ട്രെയിനുകളിലായിട്ടാണ് യാത്ര തിരിച്ചത്. ഹംഗറി അതിർത്തി കടക്കുകയാണ് ആദ്യ കടമ്പ.
അത് കഴിഞ്ഞാൽ എട്ട് മുതൽ 12 മണിക്കൂറോളം കാത്തിരിക്കേണ്ടിവരും. നിലവിൽ മൈനസ് രണ്ട് ഡിഗ്രി സെൽഷ്യസാണ് തണുപ്പ്. എന്നാലും യുദ്ധഭൂമിയിൽ നിന്ന് മാറിയതിൽ ഏറെ ആശ്വാസവും സന്തോഷവുമുണ്ട്. സർവകലാശാലയുടെ ഭാഗത്തുനിന്ന് നല്ല പിന്തുണയാണ് കിട്ടിയതെന്ന് അറിയിച്ചു.
അവരുടെ മേൽനോട്ടത്തിൽ വിദ്യാർഥികൾക്ക് പൂർണ സുരക്ഷ ഒരുക്കിയിരുന്നു. നാട്ടിൽനിന്ന് എ.എം. ആരിഫ് എം.പി, കെ.സി. വേണുഗോപാൽ, പി.പി. ചിത്തരഞ്ജൻ എം.എൽ. എ അടക്കമുള്ളവർ വിളിച്ചിരുന്നു. കെ.എം.സി.സിയും ബന്ധപ്പെട്ടിരുന്നു. ഇവിടത്തെ പ്രശ്നങ്ങൾ ജനപ്രതിനിധികളുടെ ശ്രദ്ധയിൽപെടുത്താൻ 'മാധ്യമം' ഇടപെടലും സഹായകരമായി. യാത്ര ഒരുക്കുന്നതിന് പരിശ്രമിച്ച എല്ലാവർക്കും നന്ദിയും യാസീർ അറിയിച്ചു.
യുക്രെയ്നിൽ കുടുങ്ങിയ മകളെ കാത്ത് അമ്മ നാൻസി
അരൂർ: കുടുംബത്തറ വീട്ടിൽ നാൻസി മകളെ ആശങ്കകളോടെ കാത്തിരിക്കുകയാണ്. ഏക മകൾ ഡനിത് ലക്ഷ്മി യുക്രെയ്നിൽ പെട്രോ മൊഫൈല സർവകലാശാലയിൽ നാലാം വർഷ മെഡിക്കൽ വിദ്യാർഥിനിയാണ്. ഈ മാസം മൂന്നിന് നാട്ടിലെത്താൻ വിമാന ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതാണ്. ഇനി എന്ന് എത്താൻ കഴിയുമെന്ന് പറയാൻ കഴിയില്ലെന്ന് മകൾ ഒടുവിൽ അയച്ച സന്ദേശത്തിൽ പറയുന്നു.
മകൾ ദിവസങ്ങളായി ഭൂഗർഭ ബങ്കറിൽ സഹപാഠികളായ വിദ്യാർഥികളോടൊപ്പം കഴിയുകയാണ്. ഇതിലേറെയും മലയാളികളാണ്. ബങ്കറിലെ മണ്ണിൽ ഷീറ്റുവിരിച്ചാണ് കിടക്കുന്നത്. ശുചിമുറി സൗകര്യവും വെള്ളവും ഇല്ല. ഇടക്കിടെ സൈറൺ മുഴങ്ങുന്ന ശബ്ദവും കേൾക്കുന്നുണ്ട്. ഭക്ഷണത്തിനു ക്ഷാമമാണ്. എത്ര നാൾ ഇങ്ങനെ പിടിച്ചുനിൽക്കാനാകുമെന്ന് അറിയില്ല. അടിയന്തരമായി എംബസി ഇടപെടണമെന്നാണ് ആവശ്യം. അരൂർ കുടുംബത്തറ മോഹെൻറയും നാൻസിയുടെയും ഏക മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.