വിശ്വനാഥൻ, പുന്നപ്ര-വയലാർ സഖാവ്
text_fieldsമണ്ണഞ്ചേരി: പുന്നപ്ര-വയലാറിെൻറ രണസ്മരണയിൽ ഇരമ്പുകയാണ് 91 കാരനായ സ്വാതന്ത്ര്യസമരസേനാനി കെ.കെ. വിശ്വനാഥെൻറ മനസ്സ് ഇപ്പോഴും. പഴയ സംഭവങ്ങൾ ഓർത്തെടുക്കുേമ്പാൾ ജീവിതസായാഹ്നത്തിലും ആവേശം. വിശ്വസിക്കുന്ന പ്രസ്ഥാനത്തിനോടും നാടിനോടുള്ള കൂറും അന്ന് തലപോയാലും പ്രകടമാക്കുമായിരുന്നു. അതായിരുന്നു അന്നത്തെ ചെറുപ്പം. ആര്യാട് ഏഴാം വാർഡ് കണ്ടത്തിൽ കിട്ടെൻറയും ലക്ഷ്മിയുടെയും മകനായി 1931 ലാണ് വിശ്വനാഥെൻറ ജനനം. 1945ൽ ആസ്പിൻവാളിൽ കയർ തൊഴിലാളിയായി. 1946ൽ തൊഴിലാളികളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിൽ തുടങ്ങി രാജ വാഴ്ചക്കും ദിവാൻ ഭരണത്തിനും അമേരിക്കൻ മോഡൽ ഭരണത്തിനുമെതിരെ സന്ധിയില്ലാ സമരത്തിൽ പങ്കാളിയായി. കയർ ഫാക്ടറി യൂനിയൻ നേതാവ് കെ.കെ. കൊച്ചുനാരായണൻ, എസ്. ദാമോദരൻ, എസ്. കുമാരൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സമരം. രണ്ട് പ്രാവശ്യമായി 60 ദിവസം ജയിലിൽ കിടന്നു.
പുന്നപ്ര-വയലാർ സമരത്തിെൻറ ഭാഗമായി ഒരുവർഷം ഒളിവിൽ താമസിച്ചു. ചേർത്തലയിലായിരുന്നു ഒളിവുജീവിതം. മാർക്സിസവും ലെനിനിസവും പറയുന്ന ലേഖനങ്ങൾ ഒളിവിലിരുന്ന് ഒരുപാട് വായിച്ചതായി വിശ്വനാഥൻ ഓർക്കുന്നു. 38 ദിവസം നീണ്ട കയർ ഫാക്ടറി സമരത്തിലും 1954ൽ ട്രാൻസ്പോർട്ട് തൊഴിലാളികളുടെ സംഘടിക്കാനുള്ള അവകാശം ചോദിച്ച് നടന്ന സമരത്തിലും പങ്കെടുത്തു. റബർ ഫാക്ടറി സമരത്തിലും സജീവപങ്കാളിയായി നിരവധി മർദനങ്ങൾക്ക് വിധേയനായി. കെ.കെ. ദണ്ഡപാണി, സി.കെ. പരമേശ്വരൻ, ബി. തങ്കപ്പൻ, പി.കെ. രാജപ്പൻ തുടങ്ങിയവരോടൊപ്പമായിരുന്നു പ്രവർത്തനം. 38ാം വയസ്സിൽ മുട്ടത്തിപറമ്പ് സ്വദേശിനി സതിയെ ജീവിതപങ്കാളിയാക്കി. 91ാം വയസ്സിലും പഴയ ദിനചര്യക്ക് മാറ്റമില്ല. പുലർച്ച അഞ്ചിന് എഴുന്നേൽക്കും. പിന്നെ റേഡിയോ കേൾക്കും. ആറുമണിക്ക് മുമ്പ് കുളിക്കും.
മുറ്റത്ത് ചെറിയ നടത്തം. പിന്നെ പത്രവായനയും മറ്റുമായി കഴിയും. ഇപ്പോൾ പുന്നപ്ര-വയലാർ സമരസേനാനി കൂട്ടായ്മയുടെ ചെയർമാൻകൂടിയാണ് ഈ സമരനായകൻ. ക്വിറ്റ് ഇന്ത്യ സമരത്തിെൻറ വാര്‍ഷികത്തിൽ ഇന്ത്യന്‍ പ്രസിഡൻറ് രാംനാഥ് കോവിന്ദിെൻറ നിര്‍ദേശാനുസരണം സ്വാതന്ത്ര്യസമരസേനാനികളെ ആദരിക്കുന്നതിെൻറ ഭാഗമായി കെ.കെ. വിശ്വനാഥനെ സര്‍ക്കാര്‍ ആദരിച്ചു. ആലപ്പുഴ ആര്.ഡി.ഒ എസ്. സന്തോഷ് കുമാര്‍ വീട്ടിലെത്തി അങ്കവസ്ത്രവും ഷാളും അണിയിച്ചു. അമ്പലപ്പുഴ തഹസില്‍ദാര്‍ പി. പ്രീതയും ഉദ്യോഗസ്ഥരും മറ്റും സന്നിഹിതരായിരുന്നു. കോമളപുരം സ്പിന്നേഴ്സ് ജീവനക്കാരനായ ഇളയമകൻ സൈജുവിനും കുടുംബത്തിനുമൊപ്പമാണ് താമസം. മറ്റുമക്കൾ: ഗിരിജ, ബിന്ദു, ബൈജു (ഇറിഗേഷൻ വകുപ്പ്, ആലപ്പുഴ), ബിജു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.