ഗ്രീക്ക് സാഹിത്യത്തെ പ്രണയിക്കുന്ന മലയാളി; പ്ലേറ്റോയുടെ കൃതികൾ പരിഭാഷപ്പെടുത്തി പുരുഷോത്തമൻ
text_fieldsമണ്ണഞ്ചേരി: ഗ്രീക്ക് സാഹിത്യത്തെ പ്രണയിക്കുന്ന മലയാളി. മണ്ണഞ്ചേരി കാവുങ്കൽ ഗ്രാമത്തിലെ ചെറുകണ്ണാട്ടുവെളിയിൽ റിട്ട. സബ് ട്രഷറി ഓഫിസറായ വി.പി. പുരുഷോത്തമനാണ് (81) ഗ്രീക്ക് കൃതികളെ മലയാളികൾക്ക് സുപരിചിതമാക്കുന്നത്. പ്ലേറ്റോയുടെ എല്ലാ കൃതികളും പരിഭാഷപ്പെടുത്തിയാണ് പുരുഷോത്തമൻ ഈ മേഖലയിലെ സാന്നിധ്യമായത്. 2015 ഡിസംബറിൽ ലോക ക്ലാസിക്കുകളിൽ ഒന്നായ ‘റിപ്പബ്ലിക്’ എന്ന വ്യഖ്യാത പുസ്തകത്തിന്റെ മലയാള പരിഭാഷ പ്രസിദ്ധീകരിച്ചാണ് പുരുഷോത്തമൻ സജീവ സാന്നിധ്യമായത്. കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് അവതാരിക എഴുതിയത് പ്രഫ. എം.കെ. സാനുവാണ്. ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യരുടെ സന്ദേശംകൂടി റിപ്പബ്ലിക് എന്ന പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ ഗ്രീക്ക് ഇതിഹാസ കർത്താവായ റോമറെ പ്രകീർത്തിച്ച് വേദികളിൽ പ്രഭാഷണം നടത്തുന്ന ഇയോണുമായുള്ള സോക്രട്ടീസിന്റെ സംവാദമായ ‘ഇയോൺ’, വിദ്യാഭ്യാസ സമ്പ്രദായം പഠിതാവിന് എങ്ങനെ ഉപകരിക്കുന്നതാകണമെന്ന് ഉദാഹരണ സഹിതം സോക്രട്ടീസ് വിശദീകരിക്കുന്ന ‘മെനോ’, സോക്രട്ടീസിന്റെ ജയിലിലെ അന്ത്യനാളുകളിലെ പ്രസംഗങ്ങൾ ഉൾക്കൊള്ളിച്ചുള്ള ‘അപ്പോളജി’ സോക്രട്ടീസിന്റെ അവസാന ദിവസം - അവസാന മണിക്കൂറുകളിൽ വിഷം കഴിക്കുന്നതുൾപ്പെടെയുള്ള വിശദീകരണം ഉൾക്കൊള്ളിച്ചിരിക്കുന്ന ‘ഫിദോ’, ഭൗമശാസ്ത്ര വിശദീകരണമാണമായ ‘തിമീസ്’ എന്നിവ ഉൾപ്പടെയുള്ള 23 ഗ്രീക്ക് സംവാദങ്ങളുടെ പൂർണ സമാഹാരം എൻ.ബി.എസ് 2024 ജനുവരിയിൽ മലയാളത്തിൽ പ്രസിദ്ധീകരിച്ചു. 2019ൽ പ്ലേറ്റോയുടെ ‘ദി ലോസ്’ ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചു. പ്ലേറ്റോയുടെ കൃതികൾ പുരുഷോത്തമൻ എന്ന എഴുത്തുകാരനിൽ ചെലുത്തിയ സ്വാധീന ഫലമായി ഉണ്ടായ സ്വന്തം സൃഷ്ടിയാണ് ‘പ്ലേറ്റോ ഒരു പഠനം’. ഇത് സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ് പ്രകാശനം ചെയ്തു.
ചെറുപ്പം മുതലുള്ള പരന്ന വായനയും പുസ്തകങ്ങളോടും ഗ്രീക്ക് സാഹിത്യത്തോടുമുള്ള പ്രണയവുമാണ് ഈ പരിഭാഷകൾക്ക് പിന്നിലുള്ള ചാലകശക്തിയെന്ന് പുരുഷോത്തമൻ പറഞ്ഞു. കലവൂർ സ്കൂളിൽനിന്ന് പ്രഥമാധ്യാപികയായി വിരമിച്ച ഷീലയാണ് ഭാര്യ. ഫാഷൻ ഡിസൈനസറായ ജിഷയാണ് മകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.