റിസ്വാനയുടെ മുഖചിത്രവുമായി ലോകാരോഗ്യ സംഘടന വെബ്സൈറ്റ്
text_fieldsമണ്ണഞ്ചേരി: കേൾവിപരിമിതിയെ അതിജീവിച്ച് ഡോക്ടർ എന്ന ലക്ഷ്യത്തോട് അടുത്തുനിൽക്കുന്ന റിസ്വാനയുടെ മുഖചിത്രവുമായി ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റ്. ആലപ്പുഴ മണ്ണഞ്ചേരി കുപ്പേഴം പുത്തൻവീട്ടിൽ അബ്ദുൽ റഷീദിന്റെയും സബിതയുടെയും മൂത്ത മകൾ റിസ്വാനയാണ് കേൾവിപരിമിതരായ കുട്ടികൾക്കു പ്രചോദനമാകുന്നത്.
ജന്മന ശബ്ദത്തിന്റെയും കേൾവിയുടെയും ലോകത്തുനിന്ന് അന്യവത്കരിക്കപ്പെട്ട കുട്ടിയായിരുന്നു പി.എ. റിസ്വാന. കോക്ലിയാർ ഇംപ്ലാന്‍റിലൂടെ (കേൾവി ശക്തിക്കായുള്ള ഇലക്ട്രോണിക് ഉപകരണം) ബധിരതയെ അതിജീവിച്ച് ശബ്ദത്തിന്റെ ലോകത്തേക്ക് എത്തിയ റിസ്വാനക്ക് ഡോക്ടറാവുക മാത്രമായിരുന്നു പിന്നീടുള്ള ലക്ഷ്യം. ആദ്യശ്രമത്തിൽതന്നെ എൻട്രൻസിൽ മികച്ച വിജയം നേടിയ റിസ്വാന ഇപ്പോൾ കോട്ടയം മെഡിക്കൽ കോളജിൽ അവസാന വർഷ മെഡിക്കൽ വിദ്യാർഥിനിയാണ്. ചെറുപ്പത്തിൽതന്നെ മകളുടെ പരിമിതി മനസ്സിലാക്കി അഞ്ചര വയസ്സിൽതന്നെ കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്താൻ കഴിഞ്ഞതാണ് ശബ്ദത്തിന്റെ ലോകത്തേക്ക് മകളെ എത്തിക്കാൻ കഴിഞ്ഞതെന്ന് മാതാപിതാക്കൾ പറഞ്ഞു. കുട്ടികളുടെ കേൾവിപരിമിതി നേരത്തേ മനസ്സിലാക്കിയാൽ കോക്ലിയർ ഇംപ്ലാന്‍റിലൂടെ മറികടക്കാൻ കഴിയും.
ഈ സന്ദേശവുമായാണ് ലോക കേൾവി ദിനത്തിൽ ലോകാരോഗ്യ സംഘടന റിസ്വാനയുടെ ചിത്രം പങ്കുവെച്ചത്. ഇതിൽ അതിയായ സന്തോഷമുണ്ടെന്നും മറ്റുള്ളവർക്ക് പ്രചോദനമാകാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്നും റിസ്വാന പറഞ്ഞു. പരിമിതികളെ മനസ്സിലാക്കി മുന്നേറുമ്പോഴാണ് യഥാർഥ വിജയം ഉണ്ടാക്കുന്നതെന്നും റിസ്വാന പറയുന്നു. റിസ്വാനയുടെ സഹോദരൻ ശിഹാബുദ്ദീന് മൂന്നര വയസ്സിൽ കോക്ലിയർ ഇംപ്ലാന്റ് ചെയ്തതാണ്. പ്ലസ് ടു കഴിഞ്ഞ് എൻട്രൻസ് പരിശീലനം നടത്തുന്ന ഷിഹാബുദ്ദീനും ഏറെ ആത്മവിശ്വാസത്തിലാണ്.
വെല്ലുവിളികൾ നിറഞ്ഞതാണ് ഇവരുടെ ജീവിതം
കേരളത്തിൽ കോക്ലിയർ ഇംപ്ലാന്റ് ചെയ്ത 2000ഓളം കുട്ടികളുണ്ടെന്നാണ് കണക്ക്. ഇവർക്ക് വേണ്ട മെഡിക്കൽ സാമഗ്രികൾ വിദേശത്തുനിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇതിന് വൻ തുക ചെലവുവരും. വർഷംതോറും 60,000 രൂപയോളം നവീകരണത്തിന് വേണം. ആറ് വർഷം കൂടുമ്പോൾ മെഡിക്കൽ സാമഗ്രികൾ മാറ്റിവെക്കണം. ഇതിന് മൂന്നുലക്ഷം രൂപയോളം ചെലവാകും. ജീവിതകാലം മുഴുവൻ ഇത്തരത്തിൽ വൻ തുക ചെലവഴിക്കണം.
പല മാതാപിതാക്കളും ഈ സാമ്പത്തിക വെല്ലുവിളി നേരിടുകയാണ്. ഉപകരണങ്ങളുടെ അമിത നികുതി കുറച്ച് ഈ കുട്ടികൾക്ക് താങ്ങാവാൻ അധികൃതർ സഹായിക്കണമെന്ന അഭ്യർഥനയാണ് ഇവരുടെ മാതാപിതാക്കൾക്കുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.