ആലപ്പുഴ മെഡിക്കൽ കോളജിലെ കൂട്ട സ്ഥലംമാറ്റം: ഒഴിവുള്ള തസ്തികകളിൽ ഉടൻ നിയമനം
text_fieldsഅമ്പലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിൽ കൂട്ട സ്ഥലമാറ്റത്തെത്തുടർന്ന് ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിലേക്ക് പകരക്കാരെത്തുന്നു.ഈമാസം തുടക്കത്തിൽ ആറ് ഡോക്ടർമാരെ സ്ഥലംമാറ്റിയെങ്കിലും പകരം മൂന്നുപേരെ മാത്രമേ നിയമിച്ചിരുന്നുള്ളൂ.
ബാക്കി മൂന്ന് തസ്തികകളിലേക്കും ഡോക്ടർമാരെ കണ്ടെത്തിയിട്ടുണ്ടെന്നും ഉത്തരവ് ഉടൻ ഇറങ്ങുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് ഡോ. ബി.പി. വിനോദ്കുമാറും (അസ്ഥിരോഗ വിഭാഗം) മഞ്ചേരി മെഡിക്കൽ കോളജിൽനിന്ന് പ്രഫസർ ഡോ. ടി. ശാന്തിയും (ഇ.എൻ.ടി) കോഴിക്കോട് മെഡിക്കൽ കോളജിൽനിന്ന് ഡോ. എസ്. പ്രീതയും (ജനറൽ സർജറി) നേരത്തേ ചുമതലയേറ്റിരുന്നു.
അതിനിടെ അർബുദ ബാധിതർക്കുള്ള ജീവൻരക്ഷ മരുന്നുകൾ മെഡിക്കൽ കോളജിൽ കിട്ടാനില്ലെന്ന് പരാതി ഉയർന്നു.‘കാരുണ്യ’യിലും മരുന്നുക്ഷാമം രൂക്ഷമാണെന്ന് ആരോപണമുണ്ട്. എന്നാൽ, ഭൂരിഭാഗം മരുന്നും മെഡി ബാങ്കിൽ ലഭ്യമാണെന്ന് ആശുപത്രി അധികൃതർ പറയുന്നു.
‘മെഡി ബാങ്കിനും നീതി മെഡിക്കൽസിനുമായി എട്ടുകോടി രൂപയായിരുന്നു കുടിശ്ശിക. ഇതു നൽകിത്തുടങ്ങിയിട്ടുണ്ട്.മരുന്നുവിതരണം തടസ്സപ്പെടുന്നതു ശ്രദ്ധയിൽപെട്ടിട്ടില്ല. ഏതെങ്കിലും മരുന്ന് സ്റ്റോക്ക് തീർന്നാലും അടുത്ത ദിവസങ്ങളിൽ ലഭ്യമാക്കുന്നുണ്ടെന്നും മെഡി ബാങ്ക് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.