മറ്റപ്പള്ളി മണ്ണെടുപ്പ്; അനുമതി പുനഃപരിശോധിക്കണമെന്ന് കലക്ടറുടെ റിപ്പോർട്ട്
text_fieldsചാരുംമൂട്: നൂറനാട് മറ്റപ്പള്ളി മലയിൽനിന്ന് മണ്ണെടുക്കാൻ നൽകിയ അനുമതി പുനഃപരിശോധിക്കണമെന്ന് കലക്ടർ സർക്കാറിന് നൽകിയ റിപ്പോർട്ടിൽ ശിപാർശ. സെസ് പഠന റിപ്പോർട്ട് പൂർണമായും അവഗണിച്ചാണ് ജിയോളജി വകുപ്പ് മണ്ണെടുക്കാൻ അനുമതി നൽകിയതെന്നും റിപ്പോർട്ടിൽ പരാമർശം.
മണ്ണെടുപ്പിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം നടക്കുന്നതിനിടെ കലക്ടറുടെ റിപ്പോർട്ട് സമരസമിതിക്ക് ഏറെ പ്രതീക്ഷയാണ് നൽകുന്നത്.
ഹൈകോടതി പൊലീസ് സംരക്ഷണത്തിന് ഉത്തവിട്ടതോടെയായിരുന്നു കരാറുകാരൻ മണ്ണെടുപ്പ് തുടങ്ങിയത്. ഇതിനെതിരെ ഉയർന്ന ശക്തമായ ജനകീയ പ്രക്ഷോഭം മുൻനിർത്തി മന്ത്രി പി. പ്രസാദ് വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലാണ് മണ്ണെടുപ്പിനുള്ള അനുമതി സംബന്ധമായ മുഴുവൻ കാര്യങ്ങളും പരിശോധിച്ച് സമഗ്രമായ റിപ്പോർട്ട് നൽകാൻ കലക്ടർ ജോൺ വി. സാമുവേലിന് നിർദേശം നൽകിയത്.
നവംബർ 17ന് കലക്ടർ സ്ഥലത്തെത്തി പരിശോധന നടത്തുകയും നാട്ടുകാരുടെ പരാതി കേൾക്കുകയും ചെയ്തു. പ്രദേശത്ത് യന്ത്രവത്കൃത മണ്ണ് ഖനനം പാടില്ലെന്ന 2009ലെ സെസിന്റെ പഠന റിപ്പോർട്ടും കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ എസ്.ഒ.പിയും പാലിക്കാതെയാണ് മണ്ണെടുപ്പിന് അനുമതി നൽകിയെന്നതായിരുന്നു സമരസമിതിയും ജനപ്രതിനിധികളും ഉയർത്തിയ പ്രധാന ആക്ഷേപം.
കലക്ടറുടെ പരിശോധനയിൽ 2022ൽ കേന്ദ്രം പുറത്തിറക്കിയ സ്റ്റാൻഡേഡ് ഓപറേഷൻ പ്രൊസീജിയർ (എസ്.ഒ.പി)ചട്ടങ്ങളും യന്ത്രവത്കൃത മണ്ണ് ഖനനം പാടില്ലെന്ന സെസിന്റെ പഠന റിപ്പോർട്ടും പരിശോധിച്ചിട്ടില്ലെന്ന് ജില്ല ജിയോളജിസ്റ്റ് ഖനന അനുമതി നൽകിയ ഫയൽ പരിശോധിച്ചതിൽനിന്നും ബോധ്യപ്പെട്ടു. എസ്.ഒ.പി നിർദേശങ്ങൾ പാലിക്കത്തക്ക ഒരു റിപ്പോർട്ടും സമാഹരിച്ചിട്ടില്ലെന്ന ഗുരുതര വീഴ്ച റിപ്പോർട്ടിൽ എടുത്തുപറയുന്നുണ്ട്.
മൈനിങ് ആൻഡ് ജിയോളജി ഡയറക്ടറുടെ 2022 സെപ്റ്റംബറിലെ സർക്കുലർ പ്രകാരം മാത്രമാണ് പെർമിറ്റ് അനുവദിച്ചിരിക്കുന്നത്. ഈ സർക്കുലറാകട്ടെ 2015ലെ മൈനർ മിനറൽ കൺസ്ട്രക്ഷൻ ചട്ടങ്ങൾ അനുസരിച്ചിട്ടുള്ളതുമാകുന്നു. അതിനാൽ കേന്ദ്ര വനം-പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച മാർഗനിർദേശങ്ങളും എസ്.ഒ.പിയും പെർമിറ്റ് നൽകാൻ പരിശോധന വിധേയമായിട്ടില്ലെന്ന് കാണുന്നതായും റിപ്പോർട്ടിലുണ്ട്.
അനുമതി നൽകിയ ഭൂമിയിൽനിന്ന് തന്നെയാണ് കരാറുകാരൻ മണ്ണെടുത്തതെന്നും ഇവിടം ജനവാസ മേഖലയാണെന്നും ഖനന സ്ഥലത്തിന് തൊട്ടടുത്തുള്ള വാട്ടർ ടാങ്കിലേക്കുള്ള ദൂരം 279.5 മീറ്ററാണെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.
മണ്ണെടുക്കാൻ നൽകിയ അനുമതി പുനഃപരിശോധിക്കണമെന്നും എസ്.ഒ.പി പാലിച്ചും നിബന്ധനകൾക്ക് വിധേയമായും മാത്രമേ ഇത്തരത്തിലുള്ള പെർമിറ്റുകൾ അനുവദിക്കാവൂവെന്നും കലക്ടറുടെ ശിപാർശയിലുണ്ട്.
സർവകക്ഷിയോഗ തീരുമാനപ്രകാരം മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ് എന്നിവർക്കാണ് കലക്ടർ സമഗ്രമായ റിപ്പോർട്ട് നൽകിയത്. സമരസമിതി ഉന്നയിച്ച വിഷയങ്ങൾ സാധൂകരിക്കുന്ന തരത്തിലാണ് കലക്ടറുടെ റിപ്പോർട്ടെന്നും അന്തിമ വിജയം തങ്ങൾക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷയെന്നും നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. വിനോദ്, സമരസമിതി ചെയർമാർ മനോജ് സി. ശേഖർ, ജനറൽ കൺവീനർ എ. നൗഷാദ് എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.