കാര്‍ ഇടിച്ചുകയറിയ സംഭവം; സ്റ്റൗ കടക്ക് ഒന്നര ലക്ഷം നഷ്ടം
text_fieldsമാവേലിക്കര: വയോധികനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ സ്കൂട്ടറില്‍ ഇടിച്ചശേഷം സായി സ്റ്റൗ സെന്റർ എന്ന കടയിലേക്ക് ഇടിച്ചുകയറിയ സംഭവത്തിൽ കടയുടമക്ക് ഒന്നര ലക്ഷം രൂപയോളം നഷ്ടം. ഗ്ലാസുകളും ഒട്ടനവധി സാധന സാമഗ്രികളും തകര്‍ന്നു. ഒരുലക്ഷത്തി മുപ്പതിനായിരം രൂപയിലേറെ നഷ്ടം ഉണ്ടായതായി ഉടമ ശൈല ചന്ദ്രന് പറഞ്ഞു.
കഴിഞ്ഞദിവസം ഉച്ചയോടെ മാവേലിക്കര ബുദ്ധ ജങ്ഷന് കിഴക്ക് ഭാഗത്തെ കൊറ്റാര്‍കാവ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിക്ക് സമീപമായിരുന്നു ആദ്യ അപകടം.
സൈനികനായ പല്ലാരിമംഗലം അജിത് ഭവനത്തില്‍ അജിത്താണ് (43) കാര്‍ ഓടിച്ചിരുന്നത്. വൈദ്യപരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. റോഡരികിലൂടെ നടന്ന് പോകുകയായിരുന്ന മാവേലിക്കര പടിഞ്ഞാറെനട കോട്ടയിടത്ത് വീട്ടില്‍ വാസുദേവനെയാണ് (62) കാര്‍ ഇടിച്ചിട്ടത്. നിര്‍ത്താതെ പോയ കാര്‍ പിന്തുടര്ന്ന് തടഞ്ഞുനിര്‍ത്തിയ പ്രായിക്കര ശിവഭവനത്തില്‍ മനോജിനെയും (48) ഇടിച്ചിട്ടു. തുടർന്നാണ് സമീപത്തെ സായി സ്റ്റൗ സെന്ററിലേക്ക് കാർ ഇടിച്ചുകയറിയത്. തലക്ക് ഗുരുതര പരിക്കേറ്റ വാസുദേവൻ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഗുരുതര പരിക്കേറ്റ വാസുദേവനെ 12.30നുശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്. അപകടം കണ്ടവര്‍ പല വാഹനങ്ങളും തടഞ്ഞുനിര്‍ത്താന്‍ നോക്കിയെങ്കിലും ആരും നിര്‍ത്തിയില്ല. തുടര്‍ന്ന്, 108 ആംബുലൻസ് വിളിച്ചെങ്കിലും ലഭിച്ചില്ല.
പലതവണ പൊലീസ് സ്റ്റേഷനില്‍ വിളിച്ച് പറഞ്ഞിട്ടും 300 മീറ്റര്‍ മാത്രം അകലത്തേക്ക് പൊലീസ് എത്താൻ അരമണിക്കൂറിലേറെ സമയമെടുത്തു. പിന്നീട് അഗ്നിരക്ഷാസേനയാണ് ആശുപത്രിയിൽ എത്തിച്ചത്. മനോജിന് സാരമായ പരിക്കുകള്‍ ഇല്ല. വാസുദേവനെ ഇടിച്ചിട്ട് നിര്‍ത്താതെ പോയത് കണ്ട് പിന്തുടര്‍ന്ന തന്റെ ആക്ടിവ സ്കൂട്ടറില്‍ കാര്‍ ഇടിച്ചശേഷമാണ് നിയന്ത്രണം തെറ്റി കടയിലേക്ക് ഇടിച്ചുകയറിയതെന്നും മനോജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.