ഫോട്ടോഗ്രഫിയുടെ ഉപജ്ഞാതാവ് ജോസഫ് നീസ്ഫർ നീപ്സിന് മാവേലിക്കരയിൽ സ്മാരകം ഉയരുന്നു; ഇന്ത്യയിൽ ആദ്യത്തേത്
text_fieldsമാവേലിക്കര (ആലപ്പുഴ): ഫോട്ടോഗ്രഫിയുടെ ഉപജ്ഞാതാവായ ഫ്രഞ്ച് ശാസ്ത്രജ്ഞൻ ജോസഫ് നീസ്ഫർ നീപ്സിന് കേരളത്തിൽ സ്മാരകം ഉയരുന്നു. 1827 ജൂണിലോ ജൂലൈയിലോ ലോകത്ത് ആദ്യമായി വിജയകരമായ ഫോട്ടോഗ്രാഫ് പിറന്നുവീണത് നീപ്സിെൻറ കൈകളിലൂടെയാണ്. 'പോയൻറ് ദെ വോ ദെലാ ഫെനിത്രേ' എന്നാണ് ആ ഫോട്ടോ അറിയപ്പെടുന്നത്.
ഫോട്ടോഗ്രഫിക്കുവേണ്ടി ഉഴിഞ്ഞുെവച്ച ത്യാഗപൂർണമായ ജോസഫ് നീസ്ഫർ നീപ്സിെൻറ സംഭാവനകൾ സ്മരിക്കുക, പുതിയ തലമുറക്ക് ഫോട്ടോഗ്രഫിയുടെ ചരിത്രത്തെക്കുറിച്ച് അവബോധം നൽകുക എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തി മാവേലിക്കരയിലാണ് ഈ സ്മാരകം ഉയരുന്നത്. ഫോട്ടോഗ്രഫിയുടെ ഉപജ്ഞാതാവിന് ഇന്ത്യയിൽ നിർമിക്കുന്ന ആദ്യ സ്മാരകം കൂടിയാണിത്. നീപ്സിെൻറ ജന്മദിനമായ 2022 മാർച്ച് ഏഴിന് സ്മാരകം നാടിന് സമർപ്പിക്കും. ജൂലൈ അഞ്ച് അദ്ദേഹത്തിെൻറ 188ാം ചരമവാർഷികദിനമായിരുന്നു.
ഫോട്ടോഗ്രഫി പരീക്ഷണങ്ങൾക്കായി ജോസഫ് നീസ്ഫർ നീപ്സ് ഉപയോഗിച്ച എസ്റ്റേറ്റ് വസതിയുടെ മാതൃക പശ്ചാത്തലമാക്കി പ്രശസ്ത ചിത്രകാരനും ശിൽപിയുമായ തിരുവനന്തപുരം സ്വദേശി സി.എസ്. സുനിൽകുമാറാണ് വെങ്കല പ്രതിമ നിർമിക്കുന്നത്.
മാവേലിക്കര കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന ജോസഫ് നീസ്ഫർ നീപ്സ് ഫൗണ്ടേഷെൻറ നേതൃത്വത്തിലാണ് സ്മാരക നിർമാണം നടക്കുന്നത്. ഫോട്ടോവൈഡ് ഫോട്ടോഗ്രഫി മാഗസിൻ മാനേജിങ് എഡിറ്റർ എ.പി. ജോയ് രക്ഷാധികാരിയും ഫോട്ടോഗ്രഫി ചരിത്രകാരനും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനുമായ സജി എണ്ണയ്ക്കാട് ചെയർമാനും ഡോ.ബിന്ദു ഡി. സനിൽ (എഴുത്തുകാരിയും അധ്യാപികയും) വൈസ് ചെയർപേഴ്സനും ടി.എൽ. ജോൺ സെക്രട്ടറിയും ( ചിത്രകാരനും ഫോട്ടോഗ്രാഫറും) അനിൽ അനന്തപുരി ട്രഷററുമായ ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്. വാത്തികുളത്തെ സജി എണ്ണയ്ക്കാടിെൻറ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് സ്മാരകം ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.