തേൻകിനിയും കല്ലിമേലെ തേനീച്ച പാര്‍ക്ക്
text_fieldsമാവേലിക്കര: തേനിറ്റു വീഴുന്ന മധുരത്തിന്റെ മേന്മയിലാണ് മാവേലിക്കര തഴക്കര കല്ലിമേൽ തേനീച്ച പാര്‍ക്കും തേന്‍ സംസ്കരണ കേന്ദ്രവും.
പ്രവേശന കവാടം കഴിഞ്ഞാല്‍ ഏറെ ആകര്‍ഷിക്കുന്നത് ജലാശയത്തിനു സമീപത്തെ പച്ചക്കുന്നില്‍ വിരിഞ്ഞുനിൽക്കുന്ന പൂവില്‍ തേന്‍നുകരുന്ന തേനീച്ചയുടെ ശില്പമാണ്. അതിനു ചുറ്റും തേനീച്ചപ്പെട്ടികളും ഉദ്യാനവും ആരെയും ആകർഷിക്കും.
ഹോർട്ടികോർപ് നേതൃത്വത്തിൽ സംസ്ഥാനത്ത് ആദ്യമായി സ്ഥാപിച്ച തേനീച്ച പാര്‍ക്ക് അഞ്ച് വര്‍ഷമായപ്പോൾ തേന്‍ വാങ്ങാനും തേനീച്ച കൃഷിയെ കുറിച്ച് അറിയാനുമായി എത്തുന്നവരുടെ കേന്ദ്രമായി മാറി. പ്രകൃതിയുടെ മാറ്റങ്ങൾക്കനുസരിച്ച് തേനീച്ചക്ക് തേന്‍ നുകരാനുള്ള സൗകര്യമാണു പാര്‍ക്കിലുള്ളത്.
മഴക്കാലത്തും വേനല്‍ക്കാലത്തും തേനും പൂമ്പൊടിയും ഉൽപാദിപ്പിക്കാൻ സഹായകമാകുന്ന തരം മരങ്ങളും ചെടികളുമാണ് ഇവിടെ വെച്ചുപിടിപ്പിച്ചിരിക്കുന്നത്. ‘അമൃത് ഹണി’ എന്ന പേരിലാണ് ഇവിടെ നിന്നുള്ള തേൻ വിപണിയിലെത്തിക്കുന്നത്. കോവിഡ് കാലത്ത് അച്ചന്‍കോവില്‍, നിലമ്പൂര്‍, റാന്നി, അതിരപ്പിള്ളി, വാഴച്ചാല്‍ എന്നീ ആദിവാസി മേഖലകളില്‍നിന്നു മാത്രം 4000 കിലോ തേന്‍ ശേഖരിച്ചിരുന്നു.
ഈ വർഷം അച്ചൻകോവിലിൽനിന്ന് തേൻ സംഭരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. 444 രൂപ വിലയുള്ള അഗ്മാര്ക്കുള്ള ഒരുകിലോ അമൃത് ഹണി 380 രൂപക്ക് കല്ലിമേലിൽ ലഭിക്കും.
2018 ഡിസംബര്‍ 20നാണ് കല്ലിമേല്‍ തേനീച്ച വളര്‍ത്തല്‍ കേന്ദ്രത്തില്‍ തേനീച്ച പാര്‍ക്കും വിശാലമായ തേന്‍ സംസ്കരണ കേന്ദ്രവും തുടങ്ങിയത്. അഞ്ചു വർഷത്തിനുള്ളിൽ 50,000 കിലോ തേന്‍ കര്‍ഷകരില്‍നിന്ന് ശേഖരിച്ചു.
തേനീച്ച കർഷകർക്കായി പരിശീലന കേന്ദ്രവും
തേനീച്ച കൃഷിയുടെ ബാലപാഠങ്ങള്‍ അഭ്യസിക്കാൻ ഇവിടെ എത്തുന്ന കര്‍ഷകര്‍ക്ക് തേന്‍ സംസ്കരിച്ചു നല്‍കുന്നതിനും സൗകര്യമുണ്ട്. കല്ലിമേലിൽ പരിശീലനം നൽകുന്നു.
40 പേർ അടങ്ങുന്നതാണ് ഒരു യൂനിറ്റ്. പരിശീലനം ലഭിക്കുന്നവര്‍ക്ക് 40 ശതമാനം സബ്സിഡിയില്‍ തേന്‍ എടുപ്പ് യന്ത്രം, പുകയന്ത്രം, മുഖാവരണം തുടങ്ങിയവ നല്‍കും. 1995ലാണ് ഹോര്‍ട്ടി കോര്‍പ് ജില്ല കൃഷിത്തോട്ടത്തില്‍ പാട്ടത്തിനെടുത്ത മൂന്ന് ഏക്കര്‍ സ്ഥലത്തു തേനീച്ച വളര്‍ത്തല്‍ പരിശീലന കേന്ദ്രം ആരംഭിച്ചത്. ഇപ്പോള്‍ ശുദ്ധമായ തേന്‍ ആവശ്യക്കാര്‍ക്ക് ലഭിക്കുന്ന പ്രധാനകേന്ദ്രമായി കല്ലിമേല്‍ മാറി. പാര്‍ക്കിനോടു ചേര്‍ന്നു നവീകരിച്ച തേനീച്ച വളര്‍ത്തല്‍ പരിശീലന കേന്ദ്രം, തേന്‍ സംസ്കരണ പ്ലാന്റ് എന്നിവയാണുള്ളത്.
പ്രതിദിനം 300 കിലോ തേന്‍ ശേഖരിച്ചു സംസ്കരിക്കാന്‍ കഴിയുന്ന സംസ്കരണ യൂനിറ്റാണ് ഇവിടെയുള്ളത്.
എല്ലാ ജില്ലയിലും ഇവിടെ നിന്നുള്ള പരിശീലകരെത്തി പരിശീലനം നല്‍കുന്നുണ്ട്. ഉടൻ കർഷകർക്കു വേണ്ടിയുള്ള പരിശീലനം തുടങ്ങുമെന്ന് റീജനൽ മാനേജർ ബി. സുനിൽ അറിയിച്ചു. ഫോൺ: 9633225260.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.